ADVERTISEMENT

സ്വര്‍ണ വില ഓരോ ദിവസവും മുകളിലേക്കു കുതിക്കുകയാണ്. സ്വര്‍ണ നിക്ഷേപമുള്ളവര്‍ക്കിതു സന്തോഷം നല്‍കുമ്പോള്‍ വിവാഹങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവരുടെ മനസില്‍ കടുത്ത ആശങ്കയാണു പെരുകുന്നത്. സ്വര്‍ണ വില ഇനിയും ഉയരുമോ, അതോ തല്‍ക്കാലത്തേക്കെങ്കിലും ഇടിവുണ്ടാകുമോ? അടുത്ത നാളുകളിലെങ്കിലും വില താഴാനിടയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ പക്ഷം. 

എന്താണ് സ്വര്‍ണത്തെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നത്? സുരക്ഷിത നിക്ഷേപമായും ആഭരണമായും പ്രയോജനപ്പെടുത്താമെന്നതാണ് സ്വര്‍ണത്തിന്റെ സ്വീകാര്യതയ്ക്കു കാരണം. നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യവുമൊക്കെ അതിന്റെ കണ്ണികള്‍ കൂടുതല്‍ ഇണക്കിച്ചേർക്കുന്നു. 

ഉല്‍സവകാലത്തും വിവാഹ സീസണിലുമൊക്കെ സ്വര്‍ണത്തിന്റെ ആഭ്യന്തര വില ഉയരുന്നു. ആളുകളുടെ വരുമാനം ഉയരുമ്പോഴും സ്വര്‍ണത്തിന് ആവശ്യം ഏറുകയും വില കൂടുകയും ചെയ്യും. വരുമാനം ഒരു ശതമാനം ഉയരുമ്പോള്‍ സ്വര്‍ണത്തിന്റെ ആളോഹരി ആവശ്യവും ഒരു ശതമാനം ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില ഒരു ശതമാനം ഉയരുമ്പോള്‍ ആവശ്യം അര ശതമാനം കുറയുന്നതായാണ് കാണുന്നത്. 

ആഗോള സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വത്തിന്റെ നാളുകളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ രാജ്യങ്ങളും കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തെ തെരഞ്ഞെടുക്കുന്നു. മറ്റ് നിക്ഷേപങ്ങള്‍ അനിശ്ചിതത്വം നേരിടുമ്പോള്‍ സ്വര്‍ണ നിക്ഷേപം ഏറുന്നു. 

രാജ്യാന്തര തലത്തില്‍ അമേരിക്ക-ചൈന വ്യാപാര തര്‍ക്കം മുറുകുന്നതും ആഗോള ഓഹരി വിപണികള്‍ താഴേക്കു പോകുന്നതുമാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണം. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1515 ഡോളറായിട്ടുണ്ട്. 

ആഗോള തലത്തില്‍ സ്വര്‍ണം ഉയരുന്നതിനൊപ്പം ഡോളറിനെ അപേക്ഷിച്ച് രൂപ കൂടുതല്‍ ദുര്‍ബലമാകുന്നതും കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ രണ്ടു ശതമാനം കൂടി വര്‍ധിപ്പിച്ചതും മറ്റു നികുതി ഘടനകളും എല്ലാം ചേര്‍ന്ന് ആഭ്യന്തര വില വര്‍ധന ഇരട്ടിയാക്കുന്നുണ്ട്. ഡിസംബറോടെ  സ്വര്‍ണ വില ട്രോയ് ഒൗണ്‍സിന് 1560-1580 ഡോളറായി ഉയര്‍ന്നേക്കാം എന്നാണ് വിദഗ്ദ്ധരുടെ കണക്കു കൂട്ടല്‍. അതായത് ഇന്ത്യയില്‍  പവന് 36,000 രൂപ, ഗ്രാമിന് 4500 രൂപ എന്ന നിലയിലേക്ക്. ഇതിനിടയില്‍ ലാഭമെടുക്കലിന്റെ ഭാഗമായി ഇടിവുകള്‍ സംഭവിക്കാമെങ്കിലും സ്വര്‍ണ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com