ADVERTISEMENT

പണം ബാങ്കിലിട്ടാൽ എത്ര പലിശ കിട്ടുമെന്ന് അറിയാം. മ്യൂച്വൽ ഫണ്ടിലെ നേട്ടം എങ്ങനെയാണു കണക്കാക്കുന്നത്? പലർക്കുമുള്ള സംശയമാണിത്. അതുകൊണ്ടുതന്നെ പണം ബാങ്കിലിടണോ അതോ മ്യൂച്ചൽഫണ്ടിലിടണോ എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ്.

മ്യൂച്വൽ ഫണ്ടിലെ നേട്ടം എൻഎവി (അതതു ദിവസത്തെ വില) അടിസ്ഥാനമാക്കിയാണു കണക്കാക്കുന്നത്. എൻഎവി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. അതനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തിലും വ്യത്യാസം വരും. അതായത്, നിങ്ങൾ ഒരു ഫണ്ടിൽ നിശ്ചിത തുക നിക്ഷേപിച്ചെന്നിരിക്കട്ടെ. അന്നത്തെ എൻഎവി അനുസരിച്ച് ആ ഫണ്ടിലെ നിശ്ചിത യൂണിറ്റുകൾ നിങ്ങൾക്കു ലഭിക്കും. ആ യൂണിറ്റുകൾ സ്ഥിരമായിരിക്കും. ഫണ്ടിന്റെ എൻഎവി കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം മാറും. അതായത്, നിങ്ങൾ 5,000 രൂപ നിക്ഷേപിച്ചപ്പോൾ 10 രൂപ എൻഎവിയിൽ 500 യൂണിറ്റുകളാകും ലഭിച്ചിരിക്കുക. വില ഒരു വർഷത്തിനു ശേഷം 12 രൂപയായാൽ 500x12= 6,000 രൂപയാകും. വില 7.5 രൂപയായി കുറഞ്ഞാൽ നിക്ഷേപത്തിന്റെ മൂല്യം 3,750 രൂപയായി കുറയും. 

 എൻ‌എവി എന്നാൽ എന്താണ്?

നെറ്റ് അസെറ്റ് വാല്യു എന്നതിന്റെ ചുരുക്കപ്പേരാണ് എൻഎവി. ഒരു ഫണ്ടിന്റെ ഒരു നിശ്ചിത ദിവസത്തെ വില. ഫണ്ടിലെ ആ ദിവസത്തെ മൊത്തം നിക്ഷേപത്തെ അന്നത്തെ മൊത്തം യൂണിറ്റുകൾ കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഇത്. നാം നിക്ഷേപിക്കുമ്പോൾ അന്നത്തെ എൻഎവിയിലാണ് യൂണിറ്റ് അനുവദിക്കുക. മൂന്നു മണി വരെയുള്ള നിക്ഷേപമേ പരിഗണിക്കൂ. അതിനു ശേഷമുള്ളവ അടുത്ത ദിവസത്തെ നിക്ഷേപമാകും. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത, ഒരു നിക്ഷേപകന് ഇന്നത്തെ എൻഎവി അറിഞ്ഞുകൊണ്ട് ഇടപാടു നടത്താനാകില്ലെന്നതാണ്. കാരണം, ഇന്നത്തെ എൻഎവി രാത്രി ഒൻപതു മണിയോടെ മാത്രമേ പ്രഖ്യാപിക്കൂ. പക്ഷേ, ഇന്നത്തെ വിലയ്ക്കു നിങ്ങൾക്കു യൂണിറ്റുകൾ അനുവദിക്കും. 

കൂടുതൽ യൂണിറ്റ് കിട്ടുമെന്നതിനാൽ കുറഞ്ഞ വിലയുള്ള ഫണ്ട് വാങ്ങുന്നതല്ലേ കൂടുതൽ മെച്ചം എന്നു പൊതുവെ കരുതുന്നവരുണ്ട് 

എന്നാൽ എൻഎവി 10 രൂപയാണോ, 100 രൂപയാണോ എന്നതു കിട്ടുന്ന നേട്ടത്തിനു ബാധകമല്ല. 10,000 രൂപ ഇട്ട ഒരാൾക്ക് 10 രൂപയുടെ ഫണ്ട് 1,000 യൂണിറ്റ് കിട്ടുമ്പോൾ 1,00 രൂപയുടെ ഫണ്ട് നൂറ് എണ്ണമേ കിട്ടൂവെന്നതു ശരി തന്നെ. പക്ഷേ, വിപണി 20% കയറിയാൽ നിങ്ങളുടെ ഫണ്ടിന് 20% നേട്ടം കിട്ടും. അതിനാൽ ഫണ്ടിന്റെ വിലയല്ല, പോർട്ഫോളിയോയും പ്രകടനവും വിലയിരുത്തി വേണം നിക്ഷേപിക്കാൻ.

ലാഭവിഹിതം, മൂലധനനേട്ടം എന്നിവ എന്താണ്?

മ്യൂച്വൽ ഫണ്ടിൽ രണ്ടു തരത്തിൽ ആദായം കിട്ടും. ഇടുന്ന നിക്ഷേപം നിശ്ചിത കാലയളവിനു ശേഷം പിൻവലിക്കുമ്പോൾ നിക്ഷേപവും അതുവരെയുള്ള ആദായവും അടക്കം തിരിച്ചു കിട്ടും. അതിനാണ് മൂലധനനേട്ടം അഥവാ ഗ്രോത്ത് ഓപ്ഷൻ എന്നു പറയുന്നത്. പക്ഷേ, നിങ്ങൾ പിൻവലിക്കുമ്പോൾ ഫണ്ട് നഷ്ടത്തിലാണെങ്കിൽ നിങ്ങൾക്കു മൂലധന നഷ്ടം സംഭവിക്കാം എന്നതും മറക്കരുത്. 

നല്ല പ്രവർത്തനം കാഴ്ചവച്ചാൽ ലാഭത്തിന്റെ ഒരു വിഹിതം നിക്ഷേപകർക്ക് നൽകുന്നതാണ് ഡിവിഡൻഡ്. ഈ രണ്ട് ഓപ്ഷനിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരം നിക്ഷേപകനുണ്ട്. ഇടയ്ക്കിടയ്ക്ക് ആദായം വേണമെങ്കിൽ ഡിവിഡൻഡ് ഓപ്ഷനും അതല്ലെങ്കിൽ ഗ്രോത്ത് ഓപ്ഷനും തിരഞ്ഞെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com