ADVERTISEMENT

ബജറ്റിൽ ഓഹരിവിപണിയിലെ മൂലധന നേട്ടത്തിന് ആഭ്യന്തര വിദേശ നിക്ഷേപകര്‍ക്ക് അധിക സര്‍ച്ചാര്‍ജ് അവതരിപ്പിച്ചത് കോര്‍പറേറ്റ് ഇതര വിഭാഗത്തിലുള്ള 40 ശതമാനത്തോളം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ബാധിച്ചു. ബജറ്റിനുശേഷം ഇന്ത്യന്‍ വിപണിയില്‍നിന്നും എഫ്പിഐ കൂട്ടത്തോടെ പിന്‍വലിയാന്‍ ഇത് വഴിയൊരുക്കിയിരുന്നു. ഇക്കാരണത്താൽ ജൂലൈയില്‍ 12,419 കോടി രൂപയുടെയും ഒാഗസ്റ്റ് 23 വരെ 12,105 കോടി രൂപയുടെയും നിക്ഷേപമാണ് എഫ്പിഐ ഇന്ത്യന്‍ വിപണിയില്‍നിന്നും പിന്‍വലിച്ചത്. സര്‍ചാര്‍ജ്പിന്‍വലിച്ചതിനൊപ്പം സമ്പദ് വ്യവസ്ഥയ്ക്കുള്ള പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ വരും ദിവസങ്ങളില്‍ വിപണി സ്ഥിരത നേടുകയും മുന്നേറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ കുറവായിരിക്കുമെന്നാണ്‌ ഐഎംഎഫിന്റെ അനുമാനം. ഐഎംഎഫ്‌ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷയില്‍ 0.3 ശതമാനം കുറവ്‌ വരുത്തി യഥാക്രമം 7 ശതമാനമായും 7.2 ശതമാനമായും പുതുക്കി നിശ്ചയിച്ചു. പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കാണിത്‌.

ആര്‍ബിഐ അവലോകനം

പണപ്പെരുപ്പം കുറഞ്ഞതിനാല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ ആര്‍ബിഐ ഈ വര്‍ഷം നാലാം തവണയും റിപ്പോ നിരക്കില്‍ കുറവ്‌ വരുത്തി. ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ അധ്യക്ഷനായ ആര്‍ബിഐയുടെ ധനനയ സമിതി റിപ്പോ നിരക്ക്‌ 35 ബേസിസ്‌ പോയിന്റ്‌ കുറച്ച്‌ 5.40 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 7 ശതമാനത്തില്‍നിന്നും 6.9 ശതമാനമായും ആര്‍ബിഐ കുറച്ചു. പണപ്പെരുപ്പം കുറയുകയാണെങ്കില്‍ ആര്‍ബിഐ നിരക്കില്‍ വീണ്ടും കുറവ്‌ വരുത്തുമെന്ന്‌ പ്രതീക്ഷിക്കാം.

മികച്ച ഒന്നാം പാദ ഫലം പ്രഖ്യാപിച്ച കമ്പനികള്‍

ആര്‍ബിഎല്‍ ബാങ്കിന്റെ ഈ സാമ്പത്തികവര്‍ഷം ഒന്നാംപാദത്തിലെ അറ്റാദായം 40.5% ഉയര്‍ന്ന്‌ 267.05 കോടി രൂപയും മൊത്തം വരുമാനം 48.1% ഉയര്‍ന്ന്‌ 2503.88 കോടി രൂപയും ആയി.

ആക്‌സിസ്‌ ബാങ്കിന്റെ ഈ സാമ്പത്തികവര്‍ഷം ഒന്നാം പാദത്തിലെ അറ്റാദായം 95.42% ഉയര്‍ന്ന്‌ 1,370.08 കോടി രൂപയായി. അതേസമയം മൊത്തം വരുമാനം 21.79% കുറഞ്ഞ്‌ 19,123.71 കോടി രൂപയായി.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം ഈ സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ 21.01% ഉയര്‍ന്ന്‌ 5,568.16 കോടി രൂപയും മൊത്തം വരുമാനം 22.74% ഉയര്‍ന്ന്‌ 32,361.84 കോടി രൂപയും ആയി.

ഐസിഐസിഐ ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷം ഒന്നാംപാദത്തിലെ അറ്റാദായം 1,908.03 കോടി രൂപയാണ്‌. മുന്‍വര്‍ഷം ഇതേകാലയളവില്‍ 119. 55 കോടി രൂപയുടെ നഷ്ടമാണ്‌ ബാങ്ക്‌ രേഖപ്പെടുത്തിയത്. ബാങ്കിന്റെ മൊത്തം വരുമാനം 15.24% ഉയര്‍ന്ന്‌ 21,405.50 കോടി രൂപയായി.

കൊട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം ഒന്നാം പാദത്തില്‍ 32.71% ഉയര്‍ന്ന്‌ 1,360.20 കോടി രൂപയായി. മൊത്തം വരുമാനം 19.57% ഉയര്‍ന്ന്‌ 7,944.61 കോടി രൂപയും ആയി.

എയു സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ അറ്റാദായം ഒന്നാം പാദത്തില്‍ 147.7% ഉയര്‍ന്ന്‌ 190.32 കോടി രൂപയായി. മൊത്തം വരുമാനം 66.1% ഉയര്‍ന്ന്‌ 1,168.33 കോടി രൂപയായി.

എച്ച്‌ഡിഎഫ്‌സിയുടെ അറ്റാദായം ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 46.26% ഉയര്‍ന്ന്‌ 3,203.10 കോടി രൂപയും മൊത്തം വരുമാനം 30.59% ഉയര്‍ന്ന്‌ 12,996.11 കോടി രൂപയും ആയി.

വിപണി അവലോകനം

ചുരുങ്ങിയ കോര്‍പറേറ്റ്‌ വരുമാനവും കമ്പനികള്‍ ലഭ്യമാക്കുന്ന വെല്ലുവിളികളോടു കൂടിയ അവലോകനവും വിപണിക്കു മേല്‍ സമ്മർദം ചെലുത്തും. പ്രധാന സൂചികകളിലെ പ്രവണതയില്‍ മാറ്റം വരുന്നത്‌ അത്ര എളുപ്പമാകില്ല.

എന്നിരുന്നാലും, ഹെവി വെയ്‌റ്റ്‌ ഇന്‍ഡക്‌സുകളിലെ തിരഞ്ഞെടുത്ത വാങ്ങലും ഓവര്‍ സോള്‍ഡ്‌ കൗണ്ടറുകളിലെ തിരിച്ചുവരവും കാരണം ചില തിരിച്ചുവരവുകള്‍ ഉണ്ടായേക്കാം. ഓഹരികള്‍ വരുമാനത്തോട്‌ തുടര്‍ന്നും പ്രതികരിക്കുകയും ചാഞ്ചാട്ടം പ്രകടമാവുകയും ചെയ്യും. നിഫ്‌റ്റി ഈ തിരിച്ചുവരവ്‌ വീണ്ടും തുടര്‍ന്നേക്കും. എന്നാല്‍ ഉയര്‍ച്ചയില്‍ നിയന്ത്രണം കാണപ്പെട്ടേക്കാം.

വിവിധ മേഖലകള്‍ വിലയിരുത്തുമ്പോള്‍ പ്രൈവറ്റ്‌ ബാങ്കുകള്‍, സാമ്പത്തിക മേഖല, ഇന്‍ഫ്ര ഓഹരികള്‍ എന്നിവ പിന്‍വലിയുന്നുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധ്യത ഉണ്ട്‌.

അതേസമയം മെറ്റല്‍, റിയാലിറ്റി, ഐടി ഓഹരികള്‍ തുടര്‍ന്നും സമ്മിശ്രമായിട്ടായിരിക്കും വ്യാപാരം. ഓഹരി തിരഞ്ഞെടുപ്പ്‌ ശ്രദ്ധയോടെ വേണം. ആത്മവിശ്വാസത്തോടെ പോര്‍ട്‌ഫോളിയോയ്ക്ക്‌ രൂപം നല്‍കുക.

നിഫ്‌റ്റി സെപ്‌റ്റംബറില്‍

ജൂലൈയില്‍ വിപണി ശക്തമായ തിരുത്തലിലൂടെയാണ് കടന്നുപോയത്. 2019 ഒാഗസ്റ്റില്‍ 10637 വരെ തിരുത്തല്‍ തുടര്‍ന്നു. വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിനായി സര്‍ക്കാര്‍ അതിസമ്പന്നരുടെ സര്‍ചാര്‍ജ് പിന്‍വലിച്ചതിന്റെയും ചില പരിഷ്‌കരണ നടപടികള്‍ അവതരിപ്പിച്ചതിന്റെയും പശ്ചാത്തലത്തിൽ 11400 ലേക്കും 11598 ലേക്കും തിരിച്ച് എത്തിയേക്കാം. വ്യാപാര സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ തിരുത്തല്‍ ഉണ്ടായാല്‍ നിഫ്റ്റിയിലും തിരുത്തല്‍ ഉണ്ടായി 10858 ലേക്ക് എത്തിയേക്കാം. ഒക്ടോബര്‍ മാസത്തില്‍ 10585-11598 നിലവാരത്തിലായിരിക്കും നിഫ്റ്റിയുടെ വ്യാപാരം.

വിപണിയിലെ തിരുത്തലിനെ എങ്ങനെ നേരിടാം?

തിരുത്തലുകളുടെ ഘട്ടത്തില്‍ നിക്ഷേപകര്‍ ഒരിക്കലും ദീര്‍ഘകാല നേട്ടം ഉപേക്ഷിക്കരുത്‌. ഓരോ തിരുത്തലുകള്‍ക്കു ശേഷവും വിപണി പുതിയ ഉയരങ്ങളിലേക്ക്‌ മടങ്ങി വരുമെന്ന കാര്യം മറക്കരുത്‌. വിപണിയിലെ വിവിധ സാഹചര്യങ്ങള്‍ അനുസരിച്ച്‌ ഒരു നിക്ഷേപതന്ത്രം നിലനിര്‍ത്തുക. ഇത്തരം ആഴത്തിലുള്ള തിരുത്തലുകള്‍ ആകര്‍ഷകമായ അവസരങ്ങള്‍ നല്‍കുമെന്ന കാര്യവും ഓര്‍ക്കുക.

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ അടിസ്ഥാനപരമായി ശക്തമാണ്‌. ഹ്രസ്വകാലയളവില്‍ പണം എമര്‍ജിങ്‌ വിപണികളെക്കാള്‍ കൂടുതലായി യുഎസിലേക്ക്‌ ഒഴുകിയേക്കാം. അതു ഹ്രസ്വകാലം മാത്രമായിരിക്കും. വളര്‍ച്ച മെച്ചപ്പെടുന്നതിന്‌ അനുസരിച്ച്‌ സ്ഥാപന നിക്ഷേപം ഇന്ത്യയിലേക്ക്‌ മടങ്ങി എത്തും. 2018 ലും 2019ലും സ്‌മോള്‍ ക്യാപ്‌, മിഡ്‌ക്യാപ്‌ ഓഹരികളുടേത്‌ താഴ്‌ന്ന പ്രകടനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റം തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ധനലഭ്യത പ്രശ്‌നം കുറയുന്നതോടെ ധാരാളം അവസരങ്ങള്‍ ഉണ്ടാകുന്ന ഒരു മേഖലയാണിത്‌. ‍നിങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍നിന്നും സമ്പത്ത്‌ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്‌തമായ തന്ത്രം രൂപീകരിച്ച്‌ മികച്ച മിഡ്‌ ക്യാപ്‌ ഓഹരികള്‍ ശേഖരിച്ച്‌ തുടങ്ങുക.

സെബി അംഗീകൃത റിസർച് അനലിസ്റ്റ് ആയ ലേഖകൻ എഎഎ പ്രോഫിറ്റ് അനലിറ്റിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com