ഓഹരിക്ക് പുതുവർഷം എങ്ങനെ? മുഹൂർത്ത വ്യാപാരം വൈകിട്ട് 6.15 മുതൽ

HIGHLIGHTS
  • ഹിന്ദു കലണ്ടർ പ്രകാരം സംവത് 2076 ആണ് ഒക്ടോബർ 27 നു തുടക്കമാകുന്നത്
  • തുടക്കത്തിൽ കുതിപ്പുണ്ടായാലും ഇല്ലെങ്കിലും പുതിയ വർഷം ഓഹരിക്ക് മികച്ചതാകുമെന്ന് വിപണിവൃത്തങ്ങൾ
Stock Market | Representational Image
SHARE

ഇന്ത്യൻ വിപണികളിൽ  പുതിയ വർഷത്തിനു തുടക്കം  കുറിച്ചു കൊണ്ട്  ഇന്നു വൈകിട്ട്, എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ 6.15  മുതൽ  7.15  മുഹൂർത്ത വ്യാപാരം നടക്കും.ഹിന്ദു കലണ്ടർ പ്രകാരം സംവത് 2076  ആണ് ഒക്ടോബർ  27നു തുടക്കമാകുന്നത്. ഈ  സമയത്ത് നിക്ഷേപം ആരംഭിച്ചാൽ  സമ്പത്ത് വർധിക്കുമെന്നാണ് വിശ്വാസം. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവയുടെ മുഹൂർത്ത വ്യാപാരം വൈകിട്ട് അഞ്ചു മുതൽ ഏഴു വരേയും ആണ്.  

അടുത്ത ഒരു വർഷം ഓഹരി വിപണി എങ്ങോട്ടായിരിക്കും എന്നതിന്റെ സൂചന  മുഹൂർത്ത വ്യാപാരത്തിൽ ഉണ്ടാകുമെന്ന  പ്രതീക്ഷകളോടെയാണ് നിക്ഷേപ സമൂഹം  കാത്തിരിക്കുന്നത്. സംവത് 2075 ലെ മുഹൂർത്ത വ്യാപാരത്തിനു ശേഷം 11 %  നേട്ടമാണ്  ഓഹരി സൂചികകളിലുണ്ടായത്.  

എന്നാൽ അടുത്ത ഒരു വർഷത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഓഹരി വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. ആഗോളസാഹചര്യങ്ങളും ആഭ്യന്തര  സാഹചര്യങ്ങളും മുന്നേറ്റത്തിനു കരുത്തു പകരില്ലെന്ന വാദമാണ് ഒരു കൂട്ടർക്ക്.  യുഎസ് ചൈന വ്യാപാരയുദ്ധത്തിനു വിരാമമാകാത്തതും ആഗോള തലത്തിലെ മാന്ദ്യവും, വിവിധ രാജ്യങ്ങൾക്കിടയിലെ സംഘടർഷങ്ങളും, കാലാവസ്ഥാ വ്യതിയാനവും ഒരു വശത്ത്. രാജ്യത്തിനകത്താകട്ടെ  വളർച്ചാ മുരടിപ്പ്, സാമ്പത്തിക  മാന്ദ്യം തുടരുമെന്ന  ആശങ്ക, പണലഭ്യതാ പ്രശ്നം, പല കോർപ്പറേറ്റുകളുടേയും മോശം സാമ്പത്തിക ഫലങ്ങൾ  തുടങ്ങിയ  പ്രതികൂല ഘടകങ്ങളും ഇക്കൂട്ടർ  എടുത്തു കാട്ടുന്നു. അതേസമയം  ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ മുരടിപ്പ് താഴെ തട്ടിലെത്തി എന്നും ഇനി തിരിച്ചു വരവിന്റെ നാളുകളാണെന്നും പ്രതീക്ഷിക്കുന്നവരാണ് മറ്റൊരു വിഭാഗം. കോർപ്പറേറ്റ് നികുതിയിൽ വരുത്തിയ ഇളവും അതിനെ തുടർന്ന്  വിദേശ സ്ഥാപന നിക്ഷേപകർ ഷോർട്ട് പോസിഷനുകൾ ഒഴിവാക്കി  വളരെ നാളുകൾക്ക് ശേഷം വാങ്ങലുകാരായതും ഇവർക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു.

ഈയിടെ ലിസ്റ്റ് ചെയ്ത ഐആർസിടിസി ഓഹരിയിൽ  വൻതോതിൽ നിക്ഷേപകരെത്തിയതും ദിവസങ്ങൾക്കുള്ളിൽ നിക്ഷേപകർക്ക് ഇരട്ടിയിലധികം നേട്ടം കിട്ടിയതും മറ്റൊരു പ്രധാന അനുകൂലസൂചനയായി കാണുന്നു. മികച്ച അവസരം വന്നാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആളുകളെത്തുമെന്നും അതിനു അവർക്ക്  പണലഭ്യതയുടെ  പ്രശ്നങ്ങൾ  ഇല്ലെന്നും ഐആർസിടിസി ഇഷ്യുവിന്റെ വിജയം വ്യക്തമാക്കുന്നു. 

സംവതിന്റെ തുടക്കത്തിൽ വലിയ കുതിപ്പുണ്ടാകുമോ ഇല്ലയോ എന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മേൽപ്പറഞ്ഞ അനുകൂല ഘടകങ്ങൾ വരും മാസങ്ങളിൽ വിപണിയിൽ നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നു തന്നെയാണ് ഭൂരിപക്ഷം വിപണി വിദഗ്ധരുടേയും  പ്രതീക്ഷ. മാത്രമല്ല താമസിയാതെ തന്നെ ദീർഘകാല മൂലധനനേട്ടത്തിനുള്ള നികുതിയിൽ സർക്കാർ ഇളവു വരുത്തുമെന്നും അതു വിപണിയിൽ കുതിപ്പുണ്ടാക്കുമെന്നും ഏവരും പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA