ADVERTISEMENT

ഓഹരി വിപണിയിൽ അടുത്ത കാലത്തുണ്ടായ ചാഞ്ചാട്ടങ്ങൾ ചെറുകിട നിക്ഷേപകരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2018 അവസാനത്തോടെ വിപണിയിൽ പ്രവേശിച്ചവരിൽ പലരും വാങ്ങിയ അതേ വില നിലവാരത്തിലാണ് വിപണി ഇപ്പോഴും. അതായത്, ഒരു വർഷത്തോളമായി നേട്ടമില്ല.  അതിനിടെ ചാഞ്ചാട്ടങ്ങൾ ഉപയോഗപ്പെടുത്തി  കുറഞ്ഞ വിലയിൽ ‍വാങ്ങുക, വില കൂടുമ്പോൾ   വിൽക്കുക എന്ന പതിവ് ഉപദേശം പലരിൽ നിന്നും ലഭിച്ചിട്ടുണ്ടാകും. പക്ഷേ, വിപണിയിലെ ഉയർന്ന വിലയും താഴ്ന്ന വിലയും സാധാരണ നിക്ഷേപകർ എങ്ങനെ കണ്ടെത്തും? ഇത് അപ്രായോഗികമാണെന്ന് ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളവർക്കെല്ലാം അറിയാം. ഇവിടെയാണ് മ്യൂച്വൽ ഫണ്ടുകളിലെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് സഹായത്തിനെത്തുന്നത്. 

നഷ്ടസാധ്യതകളെ മാനേജ് ചെയ്യാം 

സെബിയുടെ മാനദണ്ഡങ്ങൾ ‍അനുസരിച്ച് ഹൈബ്രിഡ് വിഭാഗത്തിലുള്ളതാണ് ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് അഥവാ ഡൈനാമിക് അസെറ്റ് അലോക്കേഷൻ ‍ഫണ്ട്. ഓപ്പൺ എൻ‍ഡഡ്  ഫണ്ടായതിനാൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ഇവയ്ക്ക് ഓഹരികളിലും കടപ്പത്രങ്ങളിലും എത്രത്തോളം നിക്ഷേപമാകാം എന്നതിനു സെബി നിബന്ധനകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേ സമയം മ്യൂച്വൽ ഫണ്ട് കമ്പനികൾ തങ്ങളുടേതായ പരിധികൾ നിശ്ചയിച്ചിട്ടുമുണ്ട്. ഈ പരിധിക്കുള്ളിൽ  നിന്നുകൊണ്ട് തികച്ചും ഫലപ്രദമായ രീതിയിൽ   അസെറ്റ് അലോക്കേഷൻ നടത്താൻ ഇവയ്ക്കു സാധിക്കുന്നു.  

നഷ്ടം കുറയ്ക്കുന്നതെങ്ങനെ?

നഷ്ടം പരമാവധി കുറയ്ക്കാനുള്ള മാർഗമാണ്   ആസ്തികൾ ശരിയായി വിഭജിച്ചു നിക്ഷേപിക്കുക എന്നത്. നിങ്ങളുടെ കയ്യിലുള്ള പണം നഷ്ടം കൂടിയതും കുറഞ്ഞതുമായ വിവിധ ആസ്തികളിലായി നിക്ഷേപിക്കും. ഇങ്ങനെ നിക്ഷേപിക്കുമ്പോൾ ഏതെങ്കിലും ഒരു ആസ്തിയിൽ  നഷ്ടമുണ്ടായാലും മറ്റൊന്നിൽ ലാഭം കിട്ടും. ഇതിന്റെ  പിൻബലത്തിൽ വൻനഷ്ടം ഒഴിവാക്കി, ന്യായമായ ലാഭം നേടാം.  

ഒരേ സാഹചര്യത്തിൽ ഓഹരിയും കടപ്പത്രവും വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നതു കൊണ്ടാണിത് സാധ്യമാകുന്നത്. ആഗോള മാന്ദ്യമുണ്ടായ 2008 ൽ ഈ നിക്ഷേപ മേഖലകളുടെ പ്രകടനം വിലയിരുത്തിയാൽ ഇതു മനസ്സിലാകും. 2008 ൽ ഓഹരി നിക്ഷേപത്തിൽ 51% നഷ്ടമുണ്ടായി. ഇതേസമയം കടപ്പത്ര നിക്ഷേപങ്ങൾ 28% നേട്ടം  നൽകിയിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ഓഹരി 78% നേട്ടം നൽകിയപ്പോൾ കടപ്പത്രങ്ങൾ 9%  നഷ്ടത്തിലായി.  

ഇങ്ങനെ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്ന നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി നഷ്ട സാധ്യത തുലനം ചെയ്യാനാണ് ബാലൻസ്ഡ്  അഡ്വാന്റേജ് ഫണ്ട് ‍ശ്രമിക്കുന്നത്.  നിക്ഷേപകനു വേണ്ടി നഷ്ടസാധ്യത തുലനം ചെയ്യുക മാത്രമല്ല നികുതിബാധ്യത  കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഒപ്പം  വൈവിധ്യവൽക്കരണത്തിന്റെ നേട്ടവും സ്വന്തമാക്കാം. 

നിങ്ങൾക്ക് എങ്ങനെ  നേട്ടമാക്കാം?

നിക്ഷേപത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോഴെല്ലാം ആസ്തിവിഭജനത്തെക്കുറിച്ചും പറയും. അതുപോലെ  വില താഴ്ന്ന അവസരത്തിൽ വാങ്ങുകയും ഉയർന്നു നിൽക്കുമ്പോൾ വിൽക്കുകയും ചെയ്യുന്ന തന്ത്രത്തെക്കുറിച്ചു ആലോചിക്കും. പക്ഷേ, നേരത്തേ പറഞ്ഞതു പോലെ ഉയർന്ന വിലയും താഴ്ന്ന വിലയും എങ്ങനെയാണു കൃത്യമായി മനസ്സിലാക്കുക? വിപണിയിലെ താഴ്ചയും ഉയർച്ചയും മുൻകൂട്ടി അറിയുക ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് അസാധ്യമാണ്. 

എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ വിദഗ്ധ ഫണ്ട് മാനേജർമാരുടെ പിന്തുണയോടെ ഇതിനായി   തന്ത്രങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കാനാവും. ഉദാഹരണത്തിന് ഐസിഐസിഐ പ്രുഡൻഷ്യൽ  ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് ഈ രീതിയിലുള്ള    പ്രവർത്തനമാണ് പിന്തുടരുന്നത്. ഇതുവഴി ഓഹരി  വില  ഉയരുമ്പോൾ ആ മേഖലയിലെ നിക്ഷേപം കുറയ്ക്കാൻ ഫണ്ട് മാനേജർമാർക്കു സൂചന നൽകും. വില ഇടിയുമ്പോൾ ഓഹരി നിക്ഷേപം വർധിപ്പിക്കും. വിപണിയിലെ കുത്തനെയുള്ള ഇടിവുകളെ  ഭയപ്പെടുന്ന പരമ്പരാഗത നിക്ഷേപകർക്ക് ധൈര്യം പകരാൻ ഇതു സഹായിക്കും. കുറഞ്ഞ നഷ്ടം മാത്രം സഹിക്കാൻ കഴിയുന്നവർക്ക് അധിക സംരക്ഷണത്തോടെ ഓഹരിയിൽ നിക്ഷേപിക്കാനും കഴിയും. 

വിപണിയുടെ എല്ലാ ഘട്ടങ്ങളിലും നേട്ടം നൽകുന്ന ഇത്തരം പദ്ധതികൾ ഉപഭോക്താക്കൾക്ക് മറ്റു ചില നേട്ടങ്ങൾ കൂടി നൽകുന്നുണ്ട്. മറ്റ് ഓഹരി അധിഷ്ഠിത പദ്ധതികളെ അപേക്ഷിച്ച് ആദ്യ 12 മാസങ്ങളിൽ പോലും എക്‌സിറ്റ് ലോഡ് ഇല്ലാതെ പിൻവലിക്കൽ നടത്താം. കൈവശമുള്ള   യൂണിറ്റുകളുടെ 10 ശതമാനം വരെ ഇങ്ങനെ  പിൻവലിക്കാം.   

വിപണിയിലെ കയറ്റിറക്കങ്ങളുടെ കാലത്തും നികുതി‌ലാഭം പ്രയോജനപ്പെടുത്തി നിക്ഷേപിക്കാനും അവസരമുണ്ട്.

(ഫിനാൻഷ്യർ പ്ലാനറും ഇൻവെസ്റ്റ്‌മെന്റ് കൺസൾറ്റന്റുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com