sections
MORE

ഏതാണ് നല്ല പെൻഷൻ പദ്ധതി? എൻപിഎസോ ഇക്വിറ്റി ഫണ്ടോ അതോ ഇൻഷുറൻസ് പെൻഷൻ പ്ലാനോ

HIGHLIGHTS
  • ആദ്യം കണക്കുകൂട്ടേണ്ടത് പെൻഷൻ കാലത്ത് എത്ര രൂപ പ്രതിമാസം വേണ്ടിവരും എന്നതാണ്
669871886
Monochrome image of hands of a kid on an elder's
SHARE

ഉയരുന്ന ജീവിത ചെലവും ഭാവിയെക്കുറിച്ചുള്ള ആകുലതകളും മൂലം പരമാവധി പെൻഷൻ ഉറപ്പാക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ ഇതിനു എൻപിഎസ്, മ്യൂച്വൽ ഫണ്ട് പദ്ധതികൾ, എൻഡോവ്മെന്റ്  പോളിസി എന്നിവയിൽ ഏതാണ് മികച്ചതെന്ന് എങ്ങനെ അറിയും? 

പരമ്പരാഗത ഇൻഷുറൻസ് പോളിസി, എൻപിഎസ് എന്നിവയിലൊന്നു തിരഞ്ഞെടുത്താൽ  ആവശ്യമായ പെൻഷൻ ഉറപ്പാക്കാൻ 30 വർഷം കൊണ്ട് 7.25 കോടി രൂപ സമാഹരിക്കണം. 25490 രൂപ മുതൽ 76,000 രൂപ വരെ പ്രതിമാസം നിക്ഷേപിച്ചാലേ 30 വർഷം കൊണ്ട് ഈ തുക കണ്ടെത്താനാകൂ. 

എന്നാൽ ഇക്വിറ്റി ഫണ്ട് എസ്ഐപിയിലാണെങ്കിൽ സമാന പെൻഷന് 4.32 കോടി രൂപ ഉണ്ടായാൽ മതി. അതിനായി പ്രതിമാസം നിക്ഷേപിക്കേണ്ട തുകയോ 12,020 രൂപ മാത്രവും.

30 വയസുകാരനും ഭാര്യയുമടങ്ങുന്ന, ഇപ്പോൾ 25,000 രൂപ മാസചെലവുള്ള, ഒരു കുടുംബത്തിനു 30 വർഷങ്ങൾക്കു ശേഷം മാസം 1.9 ലക്ഷം രൂപ പെൻഷൻ കിട്ടണം. അതനുസരിച്ച് നിലവിൽ ലഭ്യമായ പെൻഷൻ പദ്ധതികളിൽ സമാഹരിക്കേണ്ട തുകയും അതിനായി വേണ്ട മാസതവണയും പട്ടികയിൽ കൊടുത്തിരിക്കുന്നു. 60 വയസു മുതൽ 90 വയസുവരെ പെൻഷൻ ഉറപ്പാക്കാൻ വേണ്ട കണക്കുകളാണിത്. 

അനുയോജ്യമായ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ആദ്യം കണക്കുകൂട്ടേണ്ടത് പെൻഷൻ കാലത്ത് എത്ര രൂപ പ്രതിമാസം വേണ്ടിവരും എന്നതാണ്. പണപ്പെരുപ്പം വഴി തുക ഉയരുമെന്നു നമുക്കറിയാം. അതുപോലെ ഇപ്പോഴത്തെ മാസചെലവ്, പെൻഷൻ ആകാൻ ഇനി എത്ര വർഷമുണ്ട്, എത്ര വർഷത്തേയ്ക്ക് പെൻഷൻ ലഭിക്കണം എന്നിവയും ഈ തുകയെ സ്വാധീനിക്കുന്നു. 

എത്ര തുക വേണം?

നിലവിൽ മാസം 25,000 രൂപ ചെലവുള്ള, 30 കാരന്റെ കണക്കുകൾ തന്നെ  ഉദാഹരണമായി എടുക്കാം. പണപ്പെരുപ്പം വഴി ആറും ജീവിതരീതിയിലെ മാറ്റം മൂലം ഒരു ശതമാനവും അധിക ചെലവ് ഓരോ വർഷവും ഉണ്ടാകുമെന്നാണ്  ഇവിടെ കണക്കാക്കിയിരിക്കുന്നത്. എങ്കിൽ  60 വയസ്സിൽ പ്രതിമാസം 1,90,300 രൂപ പെൻഷനായി കിട്ടണം. 90 വയസ്സുവരെ ജീവിച്ചാൽ  ഈ തുക വർധിച്ചു വർധിച്ചു  പ്രതിമാസ ആവശ്യം  14,48,600 രൂപയായി ഉയരും. 

സമാഹരിക്കേണ്ടത് 7.25 കോടി രൂപ

എല്ലാ മാസവും 1,90,300 രൂപ പെൻഷൻ കിട്ടാൻ 60 വയസ്സിൽ എത്ര രൂപ കൈയിലുണ്ടാകണം?

നിക്ഷേപത്തിനു എത്ര ആദായം ലഭിക്കും എന്നത് ആശ്രയിച്ചാണ് റിട്ടയർമെന്റ് ഫണ്ട് സമാഹരിക്കേണ്ടത്.  എൻപിഎസ്, പെൻഷൻ പ്ലാൻ എന്നിവയിൽ  പെൻഷനായി സമാഹരിച്ച തുക പെൻഷൻ വിതരണ സമയത്ത്  ഇൻഷുറൻസ് ആന്വിറ്റി (Annuity) പ്ലാനിൽ  ആണ് നിക്ഷേപിക്കേണ്ടത്. ഇതിൽ ശരാശരി 6.60% വാർഷിക പലിശയാണ് പ്രതീക്ഷിക്കാവുന്നത്. ഈ നിരക്കിൽ 60  മുതൽ 90 വയസ്സ് വരെ 1.9 ലക്ഷം രൂപ പെൻഷൻ ലഭിക്കുവാൻ 60 വയസ്സിൽ 7.25 കോടി രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനു വേണ്ടി അടുത്ത 30 വർഷവും മാസം 76,760 രൂപ വീതം നിക്ഷേപിക്കണം. സാധാരണക്കാർക്കു താങ്ങാവുന്ന മാസഗഡുവല്ല ഇത്. 

ഇൻഷുറൻസ് പ്ലാൻ –ചെലവു കൂടുതൽ, നേട്ടം കുറവ്

ഇൻഷുറൻസ് കമ്പനികളുടെ പെൻഷൻ പദ്ധതികൾ പരിരക്ഷ കൂടി നൽകുന്നതിനാൽ പ്രീമിയം കൂടുതലാണ്. പരമ്പരാഗത പെൻഷൻ പ്ലാനുകൾ (Endowment Plans) ഇൻഷുറൻസ് ചാർജ് കുറച്ചു ബാക്കി സേവിങ്സ് തുകയ്ക്ക് പരമാവധി 5.8 ശതമാനം ആദായമേ തരൂ. എന്നാൽ ഓഹരി അധിഷ്ഠിത യൂലിപ് പ്ലാനുകളിൽ ഉയർന്ന റിട്ടേൺ ലഭിക്കും. 

 എൻപിഎസ് എന്ത്? എങ്ങനെ?

∙ നാഷനൽ പെൻഷൻ പദ്ധതിയുടെ ടയർ വൺ  നിക്ഷേപമാണ് പെൻഷനായി വിനിയോഗിക്കുന്നത്.

∙ ഓഹരിയിലും ഗവൺമെന്റ്– കോർപ്പറേറ്റ് കടപ്പത്രങ്ങളിലുമാണ് നിക്ഷേപം. നിക്ഷേപകന്റെ താൽപര്യമനുസരിച്ചു ഇവയുടെ അനുപാതം മാറ്റാം.  

∙ കടപത്രങ്ങളിലെ ആദായം കൂടിയും  കുറഞ്ഞുമിരിക്കും. ദീർഘകാല ശരാശരി ബാങ്ക് നിക്ഷേപത്തിലെ പലിശയ്ക്ക് സമാനമാണ്.   

എൻപിഎസിലെ പോരായ്മകൾ

റിസ്ക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ചട്ടങ്ങൾ എൻപിഎസിലുണ്ട്. പക്ഷേ ഉയർന്ന നേട്ടം കിട്ടാൻ ഇതു പലപ്പോഴും തടസമാകുന്നു.   

ഓഹരിയ്ക്ക് പരിധി- ഗവൺമെന്റ് ജീവനക്കാർക്ക് എൻപിഎസിലുള്ള ഓഹരി നിക്ഷേപം പരമാവധി 50% ആണ്. മറ്റുള്ളവർക്ക് 75 ശതമാനവും.

ഓഹരി കുറഞ്ഞു വരും– 50 വയസ്സ് കഴിഞ്ഞാൽ ഓഹരി നിക്ഷേപം 2.5% വച്ച് വർഷാവർഷം കുറയ്ക്കും. 75% ശതമാനം ഓഹരി തിരഞ്ഞെടുത്ത ആൾക്ക് 60 വയസ്സായാൽ ഓഹരി അനുപാതം 50 ശതമാനമായി കുറയും. ഓഹരി കുറയുന്നതനുസരിച്ച്  നേട്ടസാധ്യതയും കുറയും. 

എൻപിഎസിലെ ഓഹരി നിക്ഷേപത്തിന് ദീർഘകാലത്തിൽ 13 ഉം കടപത്രത്തിനു 8 ഉം ശതമാനം ശരാശരി ആദായം ലഭിക്കുമെന്നു കണക്കാക്കാം. എങ്കിൽ 50% ഓഹരി നിക്ഷേപ പദ്ധതിയിൽ 30കാരനു ശരാശരി 9.68% (30–90 വയസ്സുവരെയുള്ള 60 വർഷം) ആദായം കിട്ടാം. 75%  ഓഹരിയുള്ളതിൽ ഇതു 10.01% ആകും.    

പെൻഷൻ തുക ആന്വിറ്റി ഫണ്ടിൽ– എൻപിഎസിൽ സമാഹരിക്കുന്ന പെൻഷൻ ഫണ്ട് 60 വയസ്സിനു ശേഷം ആന്വിറ്റി പദ്ധതിയിൽ നിക്ഷേപിക്കണം എന്നാണ് ചട്ടം. ഇവയ്ക്കാകട്ടെ ഇപ്പോൾ പണപ്പെരുപ്പത്തെ അതിജീവിക്കാൻ പ്രാപ്തിയില്ല. 

60 മുതൽ 90 വയസ്സു വരെ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന പെൻഷൻ ലഭിക്കാൻ 6.6% ആദായമുള്ള ആന്വിറ്റി പദ്ധതിയിൽ 7.25 കോടി രൂപ നിക്ഷേപിക്കണം. ഇതിനു 50% ഓഹരിയുള്ള എൻപിഎസ്സിൽ 28,000 രൂപ പ്രതിമാസം നിക്ഷേപിക്കണം. 75% ഓഹരിയുള്ളവയാണെങ്കിൽ 25,490 രൂപയും. 

pension table

നോമിനിക്ക് പണം കിട്ടില്ല

നിക്ഷേപ  തുക തിരിച്ചു കിട്ടാത്ത ആന്വിറ്റി പ്ലാൻ എടുത്ത  നിക്ഷേപകൻ നേരത്തെ മരിച്ചാൽ നിക്ഷേപിച്ചതിൽ ബാക്കിയുള്ളത് നഷ്ടപ്പെടും.  അനന്തരാവകാശികൾക്ക് ഒന്നും ലഭിക്കില്ല. അവകാശിക്ക് പണം തിരികെ കിട്ടുന്ന പദ്ധതിയിൽ  നിക്ഷേപിച്ചാൽ  ആവശ്യമായ  പെൻഷൻ ലഭിക്കുകയുമില്ല. (മ്യൂച്ചൽ ഫണ്ടിൽ ( SWP )  സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെയാണ് ആണ് പെൻഷൻ പണം ലഭിക്കുക. .ഇതിൽ പ്ലാൻ ചെയ്യുന്ന  കാലം വരെ പെൻഷൻ ലഭിക്കും.  എപ്പോൾ നിക്ഷേപകൻ മരിച്ചാലും  അവശേഷിക്കുന്ന തുക അവകാശിക്ക് ലഭിക്കുകയും ചെയ്യും. 

എൻപിഎസ്സിന്റെ  മികവുകൾ

എന്നാൽ പെൻഷൻ പദ്ധതിയെന്ന നിലയിൽ എൻപിഎസ്സിനു തനതായ ചില സവിശേഷതകളുണ്ട്.   

ചെലവു കുറവ്, നേട്ടം കൂടുതൽ– ഇക്വിറ്റി ഫണ്ടുകൾ, ഇൻഷുറൻസ് എന്നിവയെ അപേക്ഷിച്ച് എൻപിഎസിനുള്ള വലിയ ഗുണം അതിന്റെ ഫണ്ടു മാനേജ്മെന്റ് ചെലവ് വളരെ കുറവാണെന്നതാണ്. അതിനാൽ ദീർഘകാലം കൊണ്ടു റിട്ടയർമെന്റ് ഫണ്ടിന്റെ ആസ്തിയിൽ  സാരമായ വർധനയുണ്ടാകും. 

അരലക്ഷത്തിന്റെ അധിക നികുതി ഇളവ്– 80C പ്രകാരം 1,50,000 രൂപ  വരെയുള്ള നിക്ഷേപത്തിന് എൻപി എസ്, ഇഎൽഎസ്എസ് (ഓഹരി അധിഷ്ഠിത ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്), ഇൻഷുറൻസ് പ്ലാനുകൾ എന്നിവയ്ക്ക് എല്ലാം നികുതിയിളവ് ലഭിക്കും. എന്നാൽ എൻപിഎസ്സിൽ 50,000 രൂപയുടെ അധിക (80സി സിഡി (1ബി) പ്രകാരം) നികുതിയിളവ് കൂടി ലഭിക്കും. മാത്രമല്ല തൊഴിലുടമ നിങ്ങൾക്കു വേണ്ടി നിക്ഷേപം നടത്തിയാൽ അതിനും നികുതിയിളവുണ്ട്.

ഇക്വിറ്റി ഫണ്ട്, എസ്ഐപി മികച്ചത്

ഇക്വിറ്റി ഫണ്ടിലെ എസ്ഐപി പെൻഷനുള്ള മികച്ച മാർഗമാണ്. ഓഹരിയിൽ നിക്ഷേപിക്കുന്നവയാണ് ഇവ. ഓഹരി ദീർഘകാലത്തിൽ മറ്റെല്ലാത്തിലും കൂടുതൽ നേട്ടം നൽകും. ഹ്രസ്വകാലത്തിൽ പ്രകടനം മോശമായിട്ടുണ്ടാകാം. (ബിഎസ് സി സെൻസെക്സിന്റെ 40 വർഷത്തെ സംയുക്ത വാർഷിക വളർച്ച 15.75% ആണ്. ഈ 40–ൽ 31 വർഷവും പോസിറ്റീവ് റിട്ടേൺ സെൻസെക്സ് നൽകി. 9 വർഷം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ലോകത്തിലെവിടെയും ഏറ്റവും വലിയ സമ്പന്നരുടെ പ്രധാന ആസ്തി ഓഹരിയാണ്. അതുകൊണ്ട് പെൻഷൻ ആകാൻ ദീർഘകാലമുണ്ടെങ്കിൽ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളാകും നല്ലത്. 

പക്ഷേ, ഇവയ്ക്ക് റിസ്ക്ക് കൂടുതലാണ്. പെൻഷനു പറ്റിയതല്ലെന്ന വാദമുണ്ട്. എന്നാൽ ശരിയായി പ്ലാൻ ചെയ്താൽ ഈ റിസ്ക്ക് പരിഹരിക്കാവുന്നതേയുള്ളൂ.  അതിനു പെൻഷൻ ആകാറാകുമ്പോൾ ഓഹരി അനുപാതം ക്രമേണ കുറച്ചുകൊണ്ടു വന്നാൽ മതി.   

പ്ലാൻ ചെയ്യാം, റിസക്ക് കുറയ്ക്കാം 

ഇക്വിറ്റിയിൽ സമാഹരിച്ച പെൻഷൻ ഫണ്ടിലെ   റിസ്ക്കു കുറയ്ക്കാൻ എന്തു ചെയ്യാം?

60 വയസ്സിനുശേഷം ഓരോ മൂന്നു വർഷവും പെൻഷനു വേണ്ട തുക കണക്കാക്കുക. 5 വർഷം മുൻപേ തന്നെ ഈ തുക നല്ലൊരു ബാലൻസ്ഡ് ഫണ്ടിലേക്ക് മാറ്റാം. രണ്ടുവർഷത്തിനുശേഷം ഈ തുക ഒരു ലിക്വിഡ് ഫണ്ടിലേക്കും മാറ്റണം. 

തുടർന്ന് മൂന്നു വർഷം കഴിയുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്നും പ്രതിമാസം എസ് ഡബ്യുപി വഴി പെൻഷൻ ലഭ്യമാക്കാം.    

ആവശ്യത്തിന് അഞ്ച് വർഷം മുൻപേ നിങ്ങളുടെ ഓഹരിനിക്ഷേപം കുറയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. മാത്രമല്ല 3 വർഷത്തെ ചെലവിനുള്ള തുക 5 വർഷം മുൻപ് മുതൽ ഏറ്റവും സുരക്ഷിതമായ ലിക്വിഡ് ഫണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യുന്നു. അതുവഴി ഓഹരി ചാഞ്ചാട്ടം മൂലമുള്ള നഷ്ടം പരമാവധി കുറയ്ക്കാം. ബാലൻസ് ഫണ്ടിൽ 9.5 ഉം  ലിക്വിഡ് ഫണ്ടിൽ 7.25 ഉം ശതമാനം ആദായം   പ്രതീക്ഷിക്കാം. 

ഈ പ്ലാൻ അനുസരിച്ചാണെങ്കിൽ ഫണ്ട് സമാഹരണ കാലത്തും (30– 60 വയസ്സ് വരെ) പെൻഷൻ വിതരണ കാലത്തും (60–90വയസ്സു വരെ) ആകെയുള്ള 60 വർഷത്തേക്ക് ശരാശരി 12.25% ആദായം ലഭിക്കും. 

അതുകൊണ്ട് തന്നെ മൊത്തം സമാഹരിക്കേണ്ട  തുകയും അതിനായുള്ള മാസനിക്ഷേപവും  ഗണ്യമായി കുറയ്ക്കാം. 30 മുതൽ 60 വയസുവരെ പെൻഷനായി 4,32,50,000 രൂപ സമാഹരിച്ചാൽ മതിയാകും. അതിനു പ്രതിമാസം 12,060 രൂപ നിക്ഷേപിച്ചാൽ മതി. മാത്രമല്ല, വർഷം തോറും 5% വീതം തുക  വർധിപ്പിച്ചാൽ തുടക്കത്തിൽ 8,100 രൂപ മാസം നിക്ഷേപിച്ചാൽ മതി. ആദായനികുതി ഇളവു കൂടി വേണ്ടവർക്ക് ഇഎൽഎസ്എസ് പദ്ധതികളാണ് ഉചിതം. 

എൻപിഎസിൽ, 75% ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടിൽ, പെൻഷൻ ലഭിക്കുന്ന കാലയളവും കൂടി പരിഗണിച്ചാൽ 60 വർഷക്കാലത്തെ ശരാശരി ആദായം 10.01% മാത്രമാണ്. പ്രതിമാസം നിക്ഷേപിക്കേണ്ടത് 25,490 രൂപയും.  യോഗ്യതയും പരിചയവുമുള്ള ഫിനാൻഷ്യൽ പ്ലാനറുടെ  സഹായത്തോടെ നിങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ കണ്ടെത്താം

പെൻഷൻ ഫണ്ട്  ഇനി ഒഴിവാക്കാനാകില്ല  

നമ്മുടെ ജീവിതത്തെ സമ്പത്തുമായി ബന്ധപ്പെടുത്തി മൂന്നു ഘട്ടങ്ങളായി തിരിക്കാം. ബാല്യവും കൗമാരവും അടങ്ങുന്ന ആദ്യഘട്ടത്തിൽ രക്ഷകർത്താക്കൾ നമ്മുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റിത്തരും.   നാം വരുമാനമുണ്ടാക്കുന്ന രണ്ടാം ഘട്ടത്തിൽ നമ്മുടെയും നമ്മെ ആശ്രയിക്കുന്ന എല്ലാവരുടെയും ചെലവുകൾ നമ്മുടെ വരുമാനത്തിൽ നിന്നാണ്. 

വിരമിച്ചശേഷമുള്ള വിശ്രമകാലമാണ് മൂന്നാം ഘട്ടം. അതിനുള്ള പണം കൂടി രണ്ടാം ഘട്ടത്തിൽ കരുതിയേ പറ്റൂ. ഇല്ലെങ്കിൽ വാർധക്യത്തിൽ അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകാം. മക്കളെ  ആശ്രയിക്കുക, ആരോഗ്യമില്ലെങ്കിലും  ജോലിക്കുപോകുക തുടങ്ങിയ പോംവഴികളേ അപ്പോൾ കാണൂ.  

ദീർഘിച്ചു വരുന്ന പെൻഷൻ കാലം

ലോകത്തെമ്പാടും ആയുർദൈർഘ്യം കൂടുകയാണ്.   1947 ൽ 37 വർഷമായിരുന്നു ഇന്ത്യയിലെ ശരാശരി ആയുസ്. 2016 ൽ ഇത് 68.56 ആയി വർധിച്ചു. കേരളത്തിൽ ശരാശരി ആയുസ് 75 വയസ് ആണ്. ലോകത്തു തന്നെ ആയുർദൈർഘ്യം വർധിക്കുന്നു. മൊണാക്കോയിൽ  ശരാശരി 90 വർഷവും ജപ്പാനിൽ 84 ഉം ആസ്ട്രേലിയിൽ 83 ഉം ആണിത്. അതിനാൽ ജീവിച്ചിരിക്കാൻ സാധ്യതയുള്ള പരമാവധി കാലത്തേക്കു പെൻഷൻ ഉറപ്പാക്കണം.  

വികസിത രാജ്യങ്ങളിൽ വരുമാനം കിട്ടി തുടങ്ങുമ്പോൾ മുതൽ ഒരു ഭാഗം പെൻഷനായി  നിക്ഷേപിക്കും. ഗവൺമെന്റും നികുതിയിൽ നിന്നും ഒരു ഭാഗം നീക്കിവയ്ക്കും. അമേരിക്കയിലെ മൊത്തം പെൻഷൻ ഫണ്ട് ജിഡിപിയുടെ 141% ആണ്. ഡെന്മാർക്കിൽ 205 ഉം. ഇന്ത്യയിൽ ഇത് 1.05% മാത്രമാണെന്നറിയുക. 2011 ൽ 0.19% ആയിരുന്നത്  ക്രമേണ വർധിക്കുന്നു എന്നതു മാത്രമാണ് ഏക ആശ്വാസം. 

പെൻഷൻ ഗുരുതര പ്രശ്നം 

രാജ്യത്ത് പെൻഷൻ ഫണ്ടിന്റെ അപര്യാപ്തത ആശങ്കാജനകമാണ്. ചെലവിനു പണമില്ലാത്ത നീണ്ട വാർധക്യ ജീവിതം ഭാവി ഇന്ത്യയിലെ ഏറ്റവും ഗുരുതര പ്രശ്നമായിരിക്കും. ഇത് മനസ്സിലാക്കിയിട്ടാണ് ഗവൺമെന്റ് എൻപിഎസും അടൽ പെൻഷൻ യോജനയുമെല്ലാം  നടപ്പിലാക്കുന്നത്

സിആർജി വെൽത്തിന്റെ മാനേജിങ് പാർട്നർ ആണ് ലേഖകൻ

Email id gopi@ceeyar.com     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA