ADVERTISEMENT

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മൂന്നിലൊന്ന് ഏറ്റവും പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുക. ആ  ഓരോ കുടുംബത്തിനും പ്രതിമാസം 5,000 രൂപ നിരക്കിൽ  ഒരു വരുമാന ഉറപ്പ് പദ്ധതി നടപ്പിലാക്കുക.  അതിൽനിന്നു സമ്പദ്ഘടനയ്ക്കു ലഭിക്കുന്ന നേട്ടം കോർപറേറ്റുകൾക്കും  വ്യക്തികൾക്കും ആദായനികുതിയിളവ് നൽകുന്നതിൽനിന്നു കിട്ടുന്നതിനേക്കാൾ  വലുതായിരിക്കും.  

ഉപഭോഗവസ്തുക്കൾക്കും സേവനങ്ങൾക്കും ഡിമാൻഡ് ഇല്ല എന്നതാണ്  ഇന്ത്യ   ഇന്നു നേരിടുന്ന  പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ഇതു മറികടക്കാനും സമ്പദ് വ്യവസ്ഥയെ വളർച്ചയിലേക്ക് കൈപിടിച്ചു നയിക്കാനും ധനമന്ത്രിക്കു ചെയ്യാവുന്ന  ഒരു മാർഗം ഇതാണ്. 

പാവങ്ങളെ സഹായിക്കാം

അതിനായി  അടുത്ത സാമ്പത്തിക വർഷം ആദായനികുതി, കോർപറേറ്റ് നികുതിയിളവുകൾ പുതുതായി നൽകുന്നത് ഒഴിവാക്കുക.  അതിനുപയോഗിക്കുന്ന പണം ഗ്രാമീണ– അസംഘടിതമേഖലയിലെ പാവങ്ങളിൽ പാവങ്ങളെ സഹായിക്കാൻ  ഉപയോഗപ്പെടുത്തുക.  ഇതു സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം ഉയർത്തുകയും അതുവഴി തൊഴിൽ വരുമാനം ഉയർത്തി സാമ്പത്തിക വളർച്ചയ്ക്കു ശക്തി പകരുകയും ചെയ്യും. 

വരുമാനം ഉയർത്താനും   ചെലവു യുക്തിസഹമാക്കാനും ഇതുപോലുള്ള നടപടികൾ ആണ്  ബജറ്റിൽ വേണ്ടത്.  ചെലവുകൾ യുക്തിസഹമാക്കാൻ  കൂടുതൽ പ്രത്യക്ഷ തൊഴിലുകൾ സൃഷ്ടിക്കണം. സമൂഹത്തിലെ  താഴെത്തട്ടിലെ   ജനവിഭാഗങ്ങളുടെ കീശയിലേക്കു പണം എത്തണം.  

ഡിമാൻഡ് ഉയരും

ഈ ജനവിഭാഗങ്ങൾ കിട്ടുന്ന പണം ഏറക്കുറെ മുഴുവൻ െചലവഴിക്കുന്ന മനോഭാവക്കാരാണ്. ഇത് ഉപഭോഗച്ചെലവു കൂടും, ഡിമാൻഡ് വർധിപ്പിക്കും.  അതിനാൽ ഗ്രാമീണ അടിസ്ഥാന സൗകര്യം, റോഡുകളുടെ നിർമാണം, ചെലവു കുറഞ്ഞ ഭവനനിർമാണം, ദേശീയ തൊഴിലുറപ്പുപദ്ധതി, പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ മുന്തിയ പരിഗണന നൽകണം. ഇന്ത്യയെ അഞ്ചുലക്ഷംകോടി ഡോളർ സമ്പദ്ഘടനയായി മാറ്റാൻ അഞ്ചുവർഷംകൊണ്ടു 102 ലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യ പ്രോജക്ടുകൾ പ്രഖ്യാപിച്ചത് യാഥാർഥ്യമാക്കിയാൽ അതു സമ്പദ് ഘടനയിൽ വലിയ മാറ്റം വരുത്തും. 2020–’21 സാമ്പത്തിക വർഷം ഇതിനായി 13.6ലക്ഷം കോടിരൂപ നീക്കിവയ്ക്കുമെന്നു കരുതുന്നു. അങ്ങനെ സംഭവിച്ചാൽ അതു ഗുണപ്രദമായിരിക്കും. 

മുൻഗണന  കൊടുക്കേണ്ട മറ്റു ചിലത്

 രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ കഴിയുന്നതായിരിക്കണം പുതിയ ബജറ്റ്.   നടപ്പിലാക്കിയ പദ്ധതികളുടെയും അടുത്തവർഷം നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെയും പരിപാടികളുടെയും ഒരു രൂപരേഖകൂടി ആണത്. ഏതൊരു ധനമന്ത്രിയെപ്പോലെയും നിർമലാ സീതാരാമനും   വളർച്ചയ്ക്കു വേഗം കൂടാനും   സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും   ജനജീവിതത്തിന്റെ ഗുണമേന്മ കൂട്ടാനും  ഊന്നൽ നൽകുന്ന ബജറ്റ്  അവതരിപ്പിക്കാനാകും  ആഗ്രഹിക്കുന്നത്. എന്നാൽ ഇതു വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. 

നമ്മുടെ സമ്പദ്ഘടനയിൽ ഒട്ടുവളരെ ആഭ്യന്തരപ്രശ്നങ്ങളുണ്ട്.  മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, നിർമാണമേഖലയിലെ നിശ്ചലാവസ്ഥ, ലക്ഷ്യത്തിലെത്താത്ത മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഇതെല്ലാം  മൂലം   ഗ്രാമീണ–അസംഘടിതമേഖലകളിൽ  പ്രതിസന്ധി രൂക്ഷമാണ്. ഡിമാൻഡിന്റെ കുറവാണ് മുഖ്യ പ്രശ്നം. ഇതു തൊഴിലിനെയും ഉൽപാദനത്തെയും  ബാധിക്കുന്നു. 

പണനയത്തിന് അതിന്റേതായ പരിമിതികളുള്ളതുകൊണ്ട് മൊത്തത്തിലുള്ള വളർച്ചയും ഉപഭോഗാവശ്യങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനു ഘടനാപരമായ പരിഷ്കരണങ്ങളും കൂടുതൽ ധനപരമായ നടപടികളും ബജറ്റിലുണ്ടാവേണ്ടതാണ്. സാമൂഹ്യമേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കും ഉയർന്ന ബജറ്റ് വിഹിതം അനിവാര്യമാണ്. ടൂറിസത്തിന്റെ സാധ്യതകളെ ശരിയാംവിധം ഉപയോഗപ്പെടുത്തണം. 

നികുതി കേസുകൾക്ക് സെറ്റിൽമെന്റ് സ്കീം. 

ഇന്ത്യയിൽ നികുതിയുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷത്തോളം കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇതിന്റെ മൊത്തം മൂല്യം ഏഴു ലക്ഷം കോടിരൂപയോളം വരും. അതിനാൽ ബജറ്റിൽ ഒരു ലിറ്റിഗേഷൻ സെറ്റിൽമെന്റ് സ്കീം പ്രഖ്യാപിക്കുന്നതു നന്നായിരിക്കും. 

 പെൻഷൻ റെഗുലേറ്ററി അതോരിറ്റി

എല്ലാ പെൻഷൻഫണ്ടുകൾക്കുമായി ഒരു റഗുലേറ്ററി അതോറിറ്റിയെ നിയമിക്കുന്നതും നന്നാവും.നിലവിൽ ഇത്തരമൊരു സംവിധാനമില്ലാത്തതിനാൽ ഓരോ ഫണ്ട് നിയന്ത്രിക്കുന്നത് വ്യത്യസ്ത അധികാരികളാണ്. 

 കർഷകർക്ക് കൈതാങ്ങ് 

കൃഷിയുമായി ബന്ധപ്പെട്ട ചെലവുകൾ  വർധിക്കുന്നതും  കാർഷിക ഉൽപന്നങ്ങളുടെ വിലയിടിയുന്നതുമാണ്  കർഷകർ  നേരിടുന്ന വലിയ പ്രശ്നം. കാർഷികാവശ്യത്തിനുള്ള വിത്തും വളവും അടക്കമുള്ളവ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനും  കാർഷികോൽപന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കാനും  നടപടികളുണ്ടാവണം. വിള ഇൻഷുറൻസ് വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണം. കാർഷിക വിപണനത്തിലെ പ്രതിസന്ധികൾ ഇല്ലാതാക്കണം. ഇതിനുള്ള നടപടികൾ ബജറ്റിലുണ്ടായിരിക്കണം. 

എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകാര്യമായതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ കഴിയുന്നതുമായ ഒരു ബജറ്റ് ധനമന്ത്രിയിൽനിന്നു പ്രതീക്ഷിക്കുന്നു. 

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com