എസ് ബി ഐ കാര്‍ഡ്സ് ആദ്യ ദിവസം സബ്സ്ക്രിപ്ഷൻ 35 ശതമാനം
Mail This Article
എസ് ബി ഐ കാര്‍ഡ്സ് ഐ പി ഒ യുടെ ആദ്യ ദിവസ സബ്സ്ക്രിപ്ഷന് 35 ശതമാനം. രാജ്യത്തെ ആദ്യ കാര്‍ഡ്സ് ഐ പി ഒയുടെ ആദ്യ ദിവസമായ തിങ്കളാഴ്ച നാലുമണിവരെ 35 ശതമാനം സബ്സ്ക്രിബ്ഷനാണ് നേടാനായത്. 10,02,79,411 ഓഹരികളില്‍ വൈകിട്ട് നാലു മണിയോടെ 3,48,38,571 ഷെയറുകള്‍ക്ക് സബ്സ്ക്രിപ്ഷന് ലഭിച്ചു. 12 മ്യൂച്ചല്‍ ഫണ്ടുകളടക്കം 74 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 2,769 കോടി രൂപ ഇതിനകം തന്നെ സമാഹരിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് വില്പന അവസാനിക്കും. കൊറോണ ഭീതിയില്‍ മാര്‍ക്കറ്റ് താഴേയ്ക്ക് പതിക്കുമ്പോഴാണ് എസ് ബി ഐ കാര്‍ഡ്സ് ഐ പി ഒ വരുന്നത്. ഇന്ന് നിഫ്റ്റി 8ശതമാനവും സെന്‍സെക്സ് ഏഴു ശതമാനവും താഴ്ന്നിരുന്നു.
രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ യുടെ ക്രെഡിറ്റ് കാര്‍ഡ് സബ്സിഡിയറിയായ എസ് ബി ഐ കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ് സര്‍വ്വീസസ് ലിമിറ്റഡ് 10,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഷെയര്‍ ഒന്നിന് 750-755 റേഞ്ചിലാണ് മൂല്യം നിശ്ചിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സബ്സ്ക്രിബ്ഷന് 19 ഷെയറുകളുടേതാണ്. ഒരു ലോട്ടിന് ഏകദേശ ചെലവ് 14345 രൂപ വരും. ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐ പി ഒ നിയന്ത്രിക്കുന്നത്.
പ്രതീക്ഷ വാനോളം
രാജ്യത്തെ ആദ്യ കാര്‍ഡ് ഐ പി ഒ യ്ക്ക് നിക്ഷേപകരില്‍ നിന്ന് വലിയ പ്രതികരണമുണ്ടാവുമെന്നാണ് പ്രതീക്ഷ. ആകെ ഓഹരികളില്‍ 1.3 കോടി അല്ലെങ്കില്‍ 10 ശതമാനം എസ് ബി ഐ ഓഹരി ഉടമകള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഫെബ്രുവരി 18 വരെ ഓഹരികള്‍ കൈവശമുണ്ടായിരുന്ന ഉടമകള്‍ക്ക് ഇതിന് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ ആകെ ഐ പി ഒ യുടെ 18.4 ശതമാനം ഓഹരികള്‍ യോഗ്യരായ എസ് ബി ഐ, എസ് ബി ഐ കാര്‍ഡ്സ് ജീവനക്കാര്‍ക്ക് വേണ്ടിയും നീക്കി വച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എസ് ബി ഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ്സിന് കാര്‍ഡ് വിപണിയില്‍ രണ്ടാം സ്ഥാനമാണുള്ളത്. ആകെ വിപണിയുടെ 18 ശതമാനവും എസ് ബി ഐ യ്ക്ക് സ്വന്തം. 9.83 ദശലക്ഷം കാര്‍ഡുകളാണ് നവംമ്പര്‍ 2019 വരെ നല്‍കിയിട്ടുള്ളത്.