ADVERTISEMENT

2020–2021 സാമ്പത്തിക വർഷം കടന്നു വരുന്നത് ഒട്ടേറെ മാറ്റങ്ങളുമായാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് അവയുടെ എണ്ണം നാലാക്കി ചുരുക്കുന്ന നടപടിയാണ്. ഏപ്രില്‍ ഒന്നിന് ഇത് നിലവില്‍ വരും. കഴിഞ്ഞ ആഗസ്തില്‍ പ്രഖ്യാപിക്കപ്പെട്ട ബാങ്ക് ലയനത്തിലൂടെ ബിസിനസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ ആഗോള തലത്തിലേക്ക്് ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27 ല്‍ നിന്ന് 12 ആയി കുറയും.

ലയനം ഇങ്ങനെ

പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പദ്ധതിയനുസരിച്ച് ഓറിന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലും ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിക്കും. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് ഒറ്റ ബാങ്കാവും.

നിക്ഷേപം സുരക്ഷിതം

നല്ലൊരു ശതമാനം ഉപഭോക്താക്കളും ഇതില്‍ ഏതെങ്കിലും ഒരു ബാങ്കിന്റെ ഇടപാടുകാരായിരിക്കും. ഇത്ര വലിയ ഒരു ലയന പ്രക്രിയ നടക്കുമ്പോള്‍ അക്കൗണ്ടുടമകള്‍ എന്തെല്ലാം കാര്യങ്ങളില്‍ മുന്‍കരുതലെടുക്കേണ്ടി വരും. അല്ലെങ്കില്‍ പുതുതായി ലയിക്കപ്പെട്ട പുതിയ സംവിധാനത്തില്‍ നിങ്ങളുടെ സേവിങ്സ് അക്കൗണ്ടുകളും വായ്പകളുമെല്ലാം എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക. ആദ്യമായി മനസിലാക്കേണ്ടത് പൊതു മേഖലാ ബാങ്കുകളില്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്നതാണ്.

പുതിയ ഫീസുകളും സര്‍വീസും 

ഏപ്രില്‍ ഒന്നോടെ പുതിയ ബാങ്കുകള്‍ നിലവില്‍ വരും. നിലവില്‍ പലിശ, ഫൈന്‍, നിക്ഷേപത്തിനുള്ള പലിശ, വിവിധ സൗജന്യ സേവനങ്ങള്‍ ഇവയെല്ലാം ലയന ബാങ്കുകളില്‍ വ്യത്യാസപ്പെട്ടിരിക്കും. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നിരക്കുകളല്ല ഈ സ്ഥാപനം ലയിക്കുന്ന കാനറാ ബാങ്കിന്റേത്. അപ്പോള്‍ ലയനം പൂര്‍ത്തിയാകുന്നതോടെ പുതിയ സ്ഥാപനത്തിന്റെ നിബന്ധനകള്‍ മനസിലാക്കേണ്ടതുണ്ട്. സൗജന്യമായി നല്‍കുന്ന സേവനങ്ങളും അല്ലാത്തവയും ഏതെന്ന് മനസിലാക്കുകയെന്നതാണ് പ്രധാനം. ഒപ്പം പലിശ നിരക്ക് പോലെയുള്ള കാര്യങ്ങളും നിര്‍ബന്ധമായും തിരിച്ചറിയാനാവണം. സാധാരണ നിലയില്‍ മിനിമം ബാലന്‍സ് പോലുള്ള കാര്യങ്ങളില്‍ ലയനം പൂര്‍ത്തിയായാലും പെട്ടെന്ന് മാറ്റം ഉണ്ടാകാനാടിയില്ല. അതേ സമയം മിക്കവാറും ഇത് ഏറ്റെടുക്കുന്ന ബാങ്കിന്റെ ചട്ടമനുസരിച്ച് മാറിയേക്കും.

കസ്റ്റമര്‍ ഐ ഡി

ബാങ്കുകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇ മെയിലും ശരിയാണെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലയനത്തിന് ശേഷം വരുന്ന അറിയിപ്പുകള്‍ കൃത്യമായി ലഭിക്കാന്‍ ഇത് ഉതകും. അക്കൗണ്ട് നമ്പര്‍ മുതല്‍ കസ്റ്റമര്‍ ഐ ഡി വരെ മാറിയേക്കാം. അതോടൊപ്പം തന്നെ ബ്രാഞ്ചുകളില്‍ വ്യത്യാസം വരുന്നതുകൊണ്ട് ഐ എഫ് എസ് സി കോഡിലും മാറ്റമുണ്ടായേക്കാം. പരസ്പരം ലയിക്കുന്ന ഒന്നിലധികം ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ടെങ്കിലും വ്യത്യസ്ത ബ്രാഞ്ചുകളില്‍ വേറെ വേറെ അക്കൗണ്ടുണ്ടെങ്കിലും അതേക്കുറിച്ചു പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതു നന്നായിരിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com