ADVERTISEMENT

1920കളിലെ ലോക സാമ്പത്തിക മാന്ദ്യവും 2020ലെ സാമ്പത്തിക പ്രതിസന്ധിയും തമ്മില്‍ എത്രത്തോളം സാമ്യമുണ്ട്്?  തൊള്ളായിരത്തി ഇരുപതുകളിലെ മാന്ദ്യത്തിനു ശേഷമുണ്ടായതിനൊപ്പമോ  അതിലേറെയോ ശക്തമായ കുതിച്ചു ചാട്ടമായിരിക്കാം ഇത്തവണ ഉണ്ടാകുക.

വെല്ലുവിളികളേറെ

നാളിതുവരെ കണ്ടിട്ടില്ലാത്ത വെല്ലുവിളികളാണ് കോവിഡ് 19 ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക മേഖലയുടെ കാര്യത്തിലും സ്ഥിതി വേറെയല്ല. ഇപ്പോഴത്തെ നമ്മുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് 19 നമ്മെ ദശാബ്ദങ്ങള്‍ പിന്നിലേക്കു വലിച്ചിഴക്കുമോ അതോ ശക്തമായ ചുവടു വെപ്പുകളോടെ മുന്നോട്ടു കൊണ്ടു പോകുമോ എന്നു തീരുമാനിക്കുന്നത്. സമ്പദ്ഘടനയെ പ്രതിഫലിപ്പിക്കുന്ന വിപണികളാകട്ടെ ഈ രംഗത്ത് സമീപ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തില്‍ നീങ്ങുകയും ചെയ്യുമല്ലോ. മുഴുവന്‍ ലോകവും ഇന്നൊരു നിശ്ചലാവസ്ഥയിലാണ്. മുന്‍ഗണനകളെല്ലാം പാടെ മാറിമറിഞ്ഞു. നിലനില്‍പ്പാണ് ഏറ്റവും പ്രധാനമെന്ന നിലയും വന്നു. ഇവയെല്ലാം വിപണിയുടെ കാര്യത്തിലും പ്രസക്തമാണ്.

അടുത്ത കാലം വരെ നാം കുമിളകളുടെ മുകളിലായിരുന്നോ?

അടുത്ത കാലത്തെ തകര്‍ച്ചയ്ക്കു തൊട്ടു മുന്‍പായി വിപണി മൂല്യവും ആഭ്യന്തര മൊത്ത ഉല്‍പാദനവും തമ്മിലുള്ള അനുപാതം 78 ശതമാനത്തിലായിരുന്നല്ലോ. നമ്മുടെ ഫാക്ടറികളാണെങ്കില്‍ ശേഷിയുടെ 76 ശതമാനമെന്ന നിലയില്‍ ഉപയോഗവും നടത്തിക്കൊണ്ടിരുന്നു. വായ്പ വാങ്ങുന്നവരുടെ ചെലവു കുറയ്ക്കുന്ന വിധത്തില്‍ റിസര്‍വ് ബാങ്ക് സ്ഥിരമായി പണത്തിന്റെ ലഭ്യത വര്‍ധിപ്പിച്ചുമിരുന്നു. സെബി വിപണിയെ സ്ഥിരമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. പിന്‍വലിക്കല്‍ സമ്മര്‍ദ്ദങ്ങളില്ലാത്ത രീതിയില്‍ മ്യൂച്ചൽ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്കു നിക്ഷേപങ്ങള്‍ നടത്തുന്നുമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും കൂടുതല്‍ നിക്ഷേപകര്‍ പ്രൊഫഷണല്‍ നിക്ഷേപ മാനേജുമെന്റ് സ്ഥാപനങ്ങളിലൂടെ തങ്ങളുടെ സമ്പാദ്യം തിരിച്ചു വിട്ടു. ലക്ഷ്യങ്ങള്‍ അടിസ്ഥാനമായുള്ള നിക്ഷേപ തീരുമാനങ്ങളിലേക്കായിരുന്നു ഇവയെല്ലാം നയിച്ചത്.ഇതിനിടയിൽ  കമ്പനികള്‍ വരുമാനമുണ്ടാക്കാന്‍ ബുദ്ധിമുട്ടിയത് മിക്കവാറും ഓഹരികളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇത് അടുത്തിടെയുണ്ടായ ഓഹരിസൂചികകളുടെ പതനത്തിനും മുന്നേ തന്നെയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ സ്വാഭാവികമായ ചലനമാണിതെല്ലാം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സാഹചര്യം അമ്പേ മാറി മറിഞ്ഞു. എങ്കിലും  അവസരങ്ങളുടെ പുതിയൊരു ലോകമാണിതും നല്‍കുന്നത്. രാജ്യങ്ങളും കോര്‍പറേറ്റുകളും വ്യക്തികളും പുതിയ രീതികള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാകും. നിര്‍ബന്ധപൂര്‍വ്വമായ ഈ മാറ്റങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയും കൂടുതല്‍ ഉല്‍പാദനക്ഷമതയും കൂടുതല്‍ ലാഭക്ഷമതയും ആയിട്ടാകും പ്രതിഫലിക്കുക.  ഏറ്റവും മികച്ചവ ഈ ഘട്ടത്തില്‍ നിലനില്‍ക്കുകയും ഭാവിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യും. ഇത്തരത്തില്‍ സാധ്യതകളുള്ളവയെ കണ്ടെത്തി അവയില്‍ അവസരങ്ങള്‍ വിനിയോഗിക്കുന്നത് മികച്ചൊരു നീക്കമായിരിക്കും.

ഇന്ത്യയ്ക്കിനിയും ഉറച്ച ചുവടുവെപ്പിനു സാധ്യതകളേറെ

ഒരു രാജ്യമെന്ന നിലയില്‍ കോവിഡിനു ശേഷം മികച്ച വിജയം കണ്ടെത്താന്‍ വലിയ സാധ്യതകളാണ് ഇന്ത്യയ്ക്കുള്ളത്. ഫണ്ട് ലഭ്യമാണെങ്കില്‍ ഓഹരിയിലുള്ള വകയിരുത്തല്‍ വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണിത്. സമ്പദ്ഘടനയെ ശക്തമാക്കാനുള്ള നിരവധി നടപടികളാണ് അടുത്ത കാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഇത് സ്ഥാപനങ്ങളെ സഹായിക്കും. നയരൂപീകരണം നടത്തുന്നവര്‍ക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള  ആവശ്യമായ പിന്തുണയും ഇതിനിടെ ലഭ്യമാണ്. ഭാഗ്യവശാല്‍ 46990 കോടി എന്ന മികച്ച നിലയിലുള്ള വിദേശ നാണ്യശേഖരവും രാജ്യത്തിനുണ്ട്. നമ്മുടെ പ്രധാന ഇറക്കുമതിയായ ക്രൂഡ് വില കുറഞ്ഞ നിരക്കിലാണെന്നതും നേട്ടമാകും.

വരുന്നത് വളർച്ചയുടെ 20കൾ

അനാവശ്യമായ നിരവധി ചെലവുകള്‍ സ്ഥിരമായി ഇല്ലാതാക്കാനും ഇപ്പോഴത്തെ സാഹചര്യം വഴി തുറക്കും. നഗരങ്ങളില്‍ നിന്നു  ഗ്രാമങ്ങളിലേക്കും തിരിച്ചുള്ള കുടിയേറ്റം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തമാക്കും. അവര്‍ കൃഷി വീണ്ടും സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ പുതിയ ബിസിനസ് സാധ്യതകളും തുറന്നു വരും. ജനങ്ങള്‍ കൂടുതല്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടവും ഇതിനിടെ ദൃശ്യമാകും. അപ്രതീക്ഷിത സംഭവങ്ങളെ നേരിടുന്നതടക്കമുള്ള വിവിധങ്ങളായ കഴിവും അവര്‍ക്കുണ്ടാകും. ഇവയെല്ലാം വളരെ ശക്തമായ രണ്ടായിരത്തി ഇരുപതുകളെക്കുറിച്ചുള്ള പ്രതീക്ഷയാണു നല്‍കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളര്‍ച്ചയുടേതായ ഇരുപതുകളാവും കടന്നു വരുന്നത്.

ലേഖകൻ സെബി റജിസ്റ്റേർഡ് പോർട്ഫോളിയോ മാനേജരും മുംബൈയിലെ ഇംപെക്ടസ് വെൽത്ത് മാനേജ്മെന്റിന്റെ മാനേജിങ് ഡയറക്ടറുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com