ADVERTISEMENT

എന്തു സംഭവിച്ചാലും ശമ്പളം മുടങ്ങില്ല എന്ന ഉത്തമ ബോധ്യത്തിലാണ് ഒരു ഇടത്തരക്കാരന്‍ തന്റെ ജീവിതം കെട്ടിപ്പടുക്കുന്നത്. വേതനം കിട്ടാത്ത ഒരു മാസത്തെ കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്തത്ര കെട്ടുപിണഞ്ഞതായിരിക്കും അധികം പേരുടെയും പ്രാരാബ്ധങ്ങളും ബാധ്യതയും. ഒരു ചെറിയ അനിശ്ചിതത്വം പോലും അവന്റെ ജീവിതചക്രത്തിന്റെ താളം തെറ്റിക്കും. ഒരിക്കലും ചിന്തിക്കാന്‍ പോലും ഇഷ്ടപെടാതിരുന്ന ആ സത്യം ഇപ്പോള്‍ ഇതാ യാഥാര്‍ഥ്യമായിരിക്കുന്നു. കോവിഡ് 19 എന്ന ദൃഷ്്ടിഗോചരമല്ലാത്തൊരു വൈറസ് നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ലോകചരിത്രത്തിലാദ്യമായി ലോകരാജ്യങ്ങള്‍ ഷട്ടറിട്ട് വീടുകളിലേക്കുള്‍വലിയുന്നു. ആഗോള സമ്പദ് വ്യവസ്ഥയാകട്ടെ നിലതെറ്റി വിറങ്ങലിച്ച് നില്‍ക്കുന്നു.

ഇന്ത്യയില്‍ 21 ദിവസത്തെ ലോക്‌ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുകയാണ്. എന്നാല്‍ വൈറസിന്റെ സമൂഹ വ്യാപനത്തില്‍ നിന്ന് രക്ഷ നേടാന്‍ 2.9 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വീണ്ടും രണ്ടാഴ്ച കൂടി അടഞ്ഞ് കിടക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യവും സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ അത് സാമൂഹ്യ ജിവിതത്തെ എന്ന പോലെ പൗരന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.

സാമ്പത്തിക ആഘാതം

സ്വകാര്യമേഖലയിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലും തൊഴിലെടുക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വരുമാനം നിലയ്ക്കുകയോ ഭാഗികമാവുകയോ ചെയ്യുന്നുണ്ട്. ഇത്തരം വ്യവസായങ്ങള്‍ നടത്തുന്നവരുടെ സ്ഥിതിയാണ് കൂടുതല്‍ പരിതാപകരം. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവത്തില്‍ രാജ്യത്തെ 6.3 കോടി ഇത്തരം വ്യവസായ യൂണിറ്റുകളില്‍ കാല്‍ ഭാഗത്തോളം ഉടന്‍ ഷട്ടറിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.  പ്രതിസന്ധി നീണ്ടാല്‍ കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ ശമ്പള വരുമാനത്തിലും വലിയ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കൊറോണാ കാലത്ത് രാജ്യത്ത് തൊഴിലില്ലായ്മ സര്‍വകാല റെക്കോഡായ 23 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. ഇതുവരെ തൊഴിലിന്റെ കാര്യത്തില്‍ തികച്ചും സുരക്ഷാ മേഖലയെന്ന് കരുതിയിരുന്ന പൊതമേഖലാ സ്ഥാപനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ ജീവനക്കാരോട് സാലറി ചലഞ്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ശമ്പളവരുമാനക്കാരുടെ ഡിസ്‌പോസിബിള്‍ ഇന്‍കത്തില്‍ വരും നാളുകളില്‍ കുറവ് ഉണ്ടാകുമെന്ന് ഉറപ്പാക്കാം. കോവിഡിന്റെ ആഘാതം നീണ്ടാല്‍ ഇത് കൂടുതല്‍ ഗുരുതരമാകും. ഒരു പരിരക്ഷയുമില്ലാത്ത ദശലക്ഷക്കണക്കിന് വരുന്ന കരാര്‍ ജീവനക്കാരുടെയും ദിവസക്കൂലിക്കാരുടെയും പ്രശ്‌നമാണ് മറ്റൊന്ന്. ഇന്ത്യയടക്കം ലോക രാജ്യങ്ങളില്‍ 2.5 കോടി ആളുകളുടെ തൊഴില്‍ നഷ്ടമാകുമെന്നും 40 കോടി പേരെ പട്ടിണിയിലേക്ക് കോവിഡ് തള്ളിയിടുമെന്നും യുഎന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അതീവജാഗ്രതയോടെ വേണം വരുന്ന കുറച്ച് മാസങ്ങളിലെങ്കിലും ജീവിതം ക്രമപ്പെടുത്താന്‍.

entrepreneur

വായ്പകള്‍ നിരവധി

10,000 രൂപയെങ്കിലും മാസം സ്ഥിരവരുമാനമുള്ള ഒരാള്‍ പകുതി തുകയെങ്കിലും തിരിച്ചടവായി ബാങ്കുകള്‍ക്ക് നല്‍കേണ്ടി വരുന്നുണ്ട് ഇപ്പോള്‍. വരുമാനം ഉയരുന്തോറും ബാങ്കില്‍ വിവിധ വായ്പകള്‍ക്കായി അടയ്ക്കുന്ന ഇഎംഐയിലും വലിയ വര്‍ധന ഉണ്ടാകും. ഭവന വായ്പ, വാഹനങ്ങളുടെ വായ്പ ഇഎംഐ, കുട്ടികള്‍ക്ക് വേണ്ടി എടുത്തിരിക്കുന്ന വിദ്യാഭ്യാസ വായ്പ, സ്വര്‍ണപ്പണയം, സഹകരണ സംഘങ്ങളില്‍ നിന്നുള്ളവ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ എന്നിങ്ങനെ നിരവധി കെട്ടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് സ്ഥിരവരുമാനക്കാരന്റെ സാമ്പത്തിക പ്രവര്‍ത്തനം.

വ്യക്തിഗത വായ്പ, പര്‍ച്ചേസ് ലോണ്‍, എല്‍ ഐ സി, എസ് ഐ പി ഇങ്ങനെ നീളുന്ന പട്ടികയെ തൃപ്തിപെടുത്താന്‍ പലപ്പോഴും മാസം രണ്ട് ശമ്പളം കിട്ടിയാലും തികയാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തില്‍ കുറവോ അല്ലെങ്കില്‍ ശമ്പളം തന്നെയോ മുടങ്ങിയേക്കാം എന്ന സ്ഥിതി. ഇന്ന് റിട്ടയര്‍മെന്റ് പ്രായത്തിലെത്തി നില്‍ക്കുന്നവര്‍ക്കു ഇത്തരമൊരു അവസ്ഥ മുമ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ല.  ഈ സാഹചര്യത്തില്‍ യുക്തിപൂര്‍വമായ സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെ  വായ്പാ ബാധ്യതകളുടെ ആഘാതം പരമാവധി കുറയ്ക്കുകയേയുള്ളു മാർഗം.

വരുമാനം കുറഞ്ഞാലും ചെലവില്‍ മാറ്റമില്ല

Credit-Card-3


വരുമാനത്തില്‍ കുറവുണ്ടായി എന്നതുകൊണ്ട് ചെലവില്‍ മാറ്റമുണ്ടാകുന്നില്ല. നിലവിലെ കുറഞ്ഞ വരുമാനം കൊണ്ട് ഒരു പക്ഷെ കാര്യങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യാനായേക്കാം. എന്നാല്‍ ഈ സ്ഥിതി വരും മാസങ്ങളില്‍ തുടരണമെന്നില്ല. അതുകൊണ്ട് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുക. ചെലവുകളെ അത്യാവശ്യം, ആവശ്യം,അനാവശ്യം എന്നിങ്ങനെ തരം തിരക്കുക. അനാവശ്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുകയല്ല ഒഴിവാക്കുക തന്നെ വേണം.ദുരന്തകാലത്ത് അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് നീട്ടി വയ്ക്കാം. വാഹനങ്ങള്‍ കഴിവതും റെസ്റ്റ് എടുക്കട്ടെ. പുറത്ത് നിന്നുള്ള ഭക്ഷണം നിവൃത്തിയില്ലെങ്കില്‍ മാത്രം. ദുരിത കാലം മാറുന്നതു വരെ കൊക്കിലൊതുങ്ങുന്ന വിനോദങ്ങളും യാത്രകളും മതി. പച്ചക്കറി അടക്കമുള്ളവ വീടുകളില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കാം. വലിയ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡ് പേഴ്‌സില്‍ തന്നെ ഇരിക്കട്ടെ.

വായ്പകള്‍ പുനഃക്രമീകരിക്കുക

വിവിധ പലിശ നിരക്കിലുള്ള വായ്പകള്‍ എടുത്തിട്ടുള്ളവരായിരിക്കും നമ്മളില്‍ പലരും. ഇത് എല്ലാം കൃത്യമായി അടച്ച് വരുന്നവരുമാകാം. എന്നാല്‍ വരുമാനം പെട്ടെന്ന്് നിലയ്ക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ അത് വലിയ പ്രതസന്ധിയുണ്ടാക്കും. അതുകൊണ്ട് വായ്പകളെ അതിന്റെ ചെലവുകള്‍ അനുസരിച്ച് തരംതിരിക്കുക. നിലവില്‍ വാഹന വായ്പ, ഭവന വായ്പ, വ്യക്തഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ, സ്വര്‍ണപണയം എന്നിങ്ങനെ വിവിധ വായ്പകളുണ്ടാകും. ഇതില്‍ ഭവനവായ്പ പലിശ ശരാശരി 8-8.5 ശതമാനമായിരിക്കും. അതേ സമയം ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് 40 ശതമാനത്തിലേറെയായിരിക്കും നിരക്ക്. അതുകൊണ്ട് വായ്പകള്‍ പലിശയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കണം.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് കുടിശിക കഴിയുന്നതും ഒഴിവാക്കുകയാണ് ബുദ്ധി. ഇതിനായി കൈയ്യിലുള്ള പണത്തിന്റെ കുറച്ച് ഭാഗം ഉപയോഗിക്കാം. കഴിയുന്നില്ലെങ്കില്‍ കൈ വായ്പയാകാം, വലിയ ചെലവില്ലാതെ കിട്ടുമെങ്കില്‍. അതും നടന്നില്ലെങ്കില്‍ നാലു ശതമാനം പലിശ നിരക്കുളള ഒരു വര്‍ഷത്തിന് ശേഷം മാത്രം പുതുക്കാവുന്ന കാര്‍ഷിക വായ്പ പരിഗണിക്കാം. അതുമല്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9.5 ശതമാനത്തിന് കിട്ടുന്ന സ്വര്‍ണപ്പണയ വായ്പ പരിഗണിക്കാം. 40 ശതമാനത്തിന്റെ കുടിശിക തീര്‍ക്കലാണ് ലക്ഷ്യമെന്നതിനാല്‍ അന്തിമ ശ്രമമെന്നുള്ള നിലയ്ക്ക് വേണമെങ്കില്‍ 11 ശതമാനത്തിന്റെ സഹകരണ സംഘ വായ്പകളെയും ആശ്രയിക്കാം. നിവൃത്തിയില്ലെങ്കില്‍ മാത്രം.

ഇ എം ഐ മൊറട്ടോറിയം

കൊറോണ വരുത്തിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളിലെ ഇ എം ഐ യ്ക്ക് ആര്‍ ബി ഐ മോറട്ടോറിയം അനുവദിച്ചിട്ടുണ്ട്. എല്ലാ ബാങ്ക് വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ക്കും ഇത് ബാധകമാണ്. സഹകരണ സൊസൈറ്റികള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെടുത്ത ലോണുകള്‍ക്കും ഇത് ബാധകമാണെന്ന് ആര്‍ ബി ഐ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇത് മോറട്ടോറിയം മാത്രമാണ്. ഇക്കാലയളവിലെ പലിശ മുതലിനോട് ചേര്‍ത്ത് പിന്നീട് അടയ്‌ക്കേണ്ടി വരും. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക.

ഭവന വായ്പ

ഭവന,വാഹന വായ്പകളുടെ ഇ എം ഐ അടയ്ക്കുന്ന ഒരാള്‍ക്ക് 30,000 രൂപയുടെ ക്രെഡിറ്റ് കാര്‍ഡ്, വ്യക്തഗത വായ്പ തുടങ്ങിയവ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ മോറട്ടോറിയം ഓപ്ഷന്‍ സ്വീകരിച്ച് ആദ്യം അവയുടെ ബാധ്യത തീര്‍ക്കുക. ആദ്യത്തെ രണ്ട് വായ്പകള്‍ക്കും ശരാശരി എട്ട് ശതമാനമാണ് പലിശ എന്നിരിക്കെ 36-40 ശതമാനത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് വായ്പ കുടിശിക വരുത്താതെ നോക്കുക. അതുപോലെ കടുത്ത സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇ എം ഐ മോറട്ടോറിയത്തിന്റെ സാധ്യത തേടാം. അല്ലെങ്കില്‍ പിന്നീട്  അത്യാവശ്യത്തിന് വലിയ പലിശയ്ക്ക് വായ്പയെടുക്കേണ്ടി വന്നേക്കാം.

പണയ വായ്പ

സ്വര്‍ണ പണയ വായ്പയുടെ പലിശ നിരക്ക്് നോക്കി താരതമ്യേന കുറഞ്ഞ നിരക്കിലേക്ക് മാറ്റി വയ്ക്കുക. 8.7 ശതമാനം വരെ നിരക്കില്‍ പൊതമേഖലാ ബാങ്കുകള്‍ പണയം സ്വീകരിക്കും. എന്നാല്‍ സഹകരണ സംഘങ്ങളില്‍ ഇത് 11 ശതമാനവും സ്വകാര്യ പണയ കമ്പനികളില്‍ ഇത് ശരാശരി 15-22 ശതമാനവുമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ പലിശ അടയ്ക്കാനുള്ള ചുരുങ്ങിയ ദിവസം കാണും. ഇതില്‍ വീഴ്ച വരുത്തിയാല്‍ പലിശ കുതിച്ചുയരും. അതുകൊണ്ട് പ്രതിസന്ധികാലത്ത് ഇക്കാര്യത്തില്‍ ജാഗ്രത വേണം.

വാഹന വായ്പ

ഏതാണ്ട് എല്ലാ കമ്പനികളും അവരുടെ മോഡലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇങ്ങനെ കമ്പനി നേരിട്ടു നല്‍കുന്ന വായ്പകള്‍ക്ക് പലിശ പൂര്‍ണമായും ഒഴിവാക്കിയാണ് നല്‍കുന്നത്. തിരിച്ചടവ് കാലം 18 മാസമോ പരമാവധി 36 ദിവസമോ ആയിരിക്കും. ചില കമ്പനികള്‍ മുന്ന് ശതമാനം പോലെ ചുരുങ്ങിയ പലിശ നിരക്ക് ഈടാക്കാറുമുണ്ട്. വാഹനക്കമ്പനികളില്‍ നിന്ന് നേരിട്ട് ഇത്തരം വായ്പകളെടുത്തിട്ടുള്ളവര്‍ക്ക് മോറട്ടോറിയം ഓപ്ഷന്‍ സ്വീകരിക്കാവുന്നതാണ്. കാരണം ഇവിടെ മോറട്ടോറിയം കാലത്ത് മറ്റ് വായ്പകളെ പോലെ പലിശ കുമിഞ്ഞ് കൂടുന്നില്ല. ഇതിനായി കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിലേക്ക് ഇ മെയില്‍ അയച്ച് ആനുകൂല്യം ആവശ്യപ്പെടാം. ഇതല്ലാതെ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വാഹന വായ്പകളാണെങ്കില്‍ പലിശ നിരക്ക് നോക്കി തീരുമാനമെടുക്കുക.

വ്യക്തിഗത വായ്പ

വേഗത്തില്‍ ലഭിക്കുമെന്നുള്ളതാണ് വ്യക്തിഗത വായ്പയുടെ പ്രത്യേകത. ഈടില്ലാതെ ശമ്പള സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഇത്തരം വായ്പകള്‍ക്ക് പലിശ നിരക്ക് സാധാരണ വായ്പയേക്കാള്‍ കൂടുതലാണ്. അതേസമയം തിരിച്ചടവില്‍ മുടക്കം വരുത്തുന്നത് അപകടകരമാണ്. അതുകൊണ്ട് പലിശ നിരക്ക് താരതമ്യം ചെയ്ത് അടവ് മുടക്കു വരുത്താതെ ശ്രദ്ധിക്കണം. നിവൃത്തിയില്ലെങ്കില്‍ മോറട്ടോറിയം സാധ്യത ആലോചിക്കാവുന്നതാണ്.

Education-planning

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പകളെടുത്തിട്ടുള്ളവര്‍ ഇക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം. കാരണം പൊതുവെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഒട്ടും ആശാവഹമായ തോതിലായിരുന്നില്ല. ഇതിനിടയിലെത്തിയ കൊറോണ സാമ്പത്തിക സ്ഥിതി മാറ്റി മറിയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് വളരെ പെട്ടന്ന തൊഴില്‍ വിപണിയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. പല കമ്പനികളും കാമ്പസ് റിക്രൂട്ട്‌മെന്റുകളടക്കമുള്ളവ വലിയ തോതില്‍ വെട്ടികുറച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റിന് തയ്യാറായിരുന്ന പ്രമുഖ സ്ഥാപനങ്ങള്‍ പോലും വിപണിയെ വിലയിരുത്തുകയാണ്. കാമ്പസ് റിക്രൂട്ട്‌മെന്റ് സാധ്യത ഏറെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് പോലുള്ള സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവില്‍ അയവ് വരുത്തണമെന്ന് ബാങ്കുകളോടാവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. 20 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ കോഴ്‌സ് ഫീസ്. വായ്പയെടുത്ത് ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ അത്തരത്തിലുള്ള റിക്രൂട്ട്‌മെന്റുകളാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കുറച്ച് മാസങ്ങളിലെങ്കിലും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പോകാതെ ശ്രദ്ധിക്കണം. ഒപ്പം ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് പലിശ കുറവ് വരുത്താനാവശ്യപ്പെടുകയും മറ്റും ചെയ്യാവുന്നതാണ്.

വിദേശ വിദ്യാഭ്യാസ വായ്പ

ഇന്ത്യയില്‍ നിന്ന് വലിയ തുക ബാങ്ക് വായ്പയെടുത്ത് വിദേശത്ത് വിദ്യാഭ്യാസത്തിനായി പോയ വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് വലിയ ദുരന്തമുണ്ടാക്കിയിരിക്കുന്നത്. കാല്‍ കോടിയും അതിനു മുകളിലും വായ്പ എടുത്തിട്ടുള്ളവരുണ്ട്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി എന്ന ആകര്‍ഷണമാണ് പല വിദ്യാര്‍ഥികളുടെയും വിദേശ പഠനത്തിന് പിന്നില്‍. നാട്ടിലെ വായ്പാ തിരിച്ചടവിനും ജീവിത ചെലവിനും കുറച്ച് ഫീസ് നല്‍കാനുമൊക്കെ ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് കഴിയുമായിരുന്നു. എന്നാല്‍ കൊറോണ ബാധയെ തുടര്‍ന്ന് വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും മാസങ്ങളോളം ലോക് ഡൗണിലായതോടെ പഠിതാക്കളുടെ ഈ സാധ്യത അടഞ്ഞു. ഇതുമൂലം കൂടുതല്‍ പണം ആവശ്യം വന്നേയ്ക്കും. ഈ സാഹചര്യത്തല്‍ തൊഴില്‍ സാധ്യത കൂടി കണക്കിലെടുത്ത് മാത്രം പുതിയ ബാധ്യതകള്‍ ഏറ്റെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com