ADVERTISEMENT

പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗമായി കരുതപ്പെടുന്നത് സ്വര്‍ണമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി  റെക്കോഡ് വര്‍ധനയാണ് സ്വര്‍ണ വിലയില്‍ പ്രകടമാകുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഭീതിയില്‍ ആഗോള വിപണികളില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി തിരഞ്ഞെടുക്കാം. 2020-2021 സാമ്പത്തിക വര്‍ഷത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സീരീസിന്റെ വിതരണം ഏപ്രില്‍ 20 ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ആണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ സെപ്റ്റംബര്‍ 4വരെ ആറ് ഘട്ടങ്ങളിലായിട്ടായിരിക്കും ഈ സാമ്പത്തിക വര്‍ഷം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വിതരണം  ചെയ്യുക എന്ന് ധനമന്ത്രാലയം അറിയിച്ചു.ഗോള്‍ഡ് ബോണ്ടിലെ കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. വര്‍ഷം 2.5 ശതമാനം നിരക്കില്‍ പലിശ ലഭ്യമാക്കും.  ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കും  ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ പേമെന്റ് നടത്തുന്നവര്‍ക്കും ഇഷ്യൂ നിരക്കില്‍ 50 രൂപയുടെ ഇളവ് ആര്‍ബിഐ ലഭ്യമാക്കും. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയു , ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷിക്കാം.


ആര്‍ക്ക് എല്ലാം നിക്ഷേപിക്കാം

ഇന്ത്യന്‍ പൗരന്‍മാര്‍, ട്രസ്റ്റുകള്‍ , കാരുണ്യ സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം.


നിക്ഷേപ പരിധി

കുറഞ്ഞ നിക്ഷേപ പരിധി  1 ഗ്രാം ആണ്. വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല്  കിലോ ഗ്രാമാണ്. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം നിക്ഷേപം നടത്താം.

വില

ഗോള്‍ഡ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നത് വിതരണം ചെയ്യുന്ന കാലയളവിന് മുമ്പുള്ള മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ്. വിപണിയിലെ സ്വര്‍ണ്ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം. വിപണിയിലെ ബോണ്ടുകളുടെ വില സ്വര്‍ണ്ണ വില, ബോണ്ടുകളുടെ ലഭ്യത വിതരണം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും.

പലിശ


സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക് പ്രതിവര്‍ഷം 2.5 ശതമാനം ആണ്. ആറ് മാസം കൂടുമ്പോള്‍ പലിശ നല്‍കും.

നികുതി

ഗോള്‍ഡ് ബോണ്ടുകളുടെ പലിശയ്ക്ക് നികുതി ബാധകമാണ്. അതേസമയം, വില്‍ക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കും.  കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മൂലധന നേട്ട നികുതി ബാധകമാകില്ല. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍, ഭൗതിക സ്വര്‍ണ്ണം തുടങ്ങിയ മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മാത്രമായി  ലഭിക്കുന്ന നികുതി ആനുകൂല്യമാണ് ഇത്

കാലാവധി

ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി 8 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വില തൊട്ട് മുമ്പുള്ള മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ് നിരക്കായിരിക്കും.
കാലാവധി തീരും മുമ്പെ ആവശ്യമെങ്കില്‍  ഗോള്‍ഡ് ബോണ്ട് വിറ്റുമാറാം. എന്നാല്‍ അതിന്  നിക്ഷേപം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണം.

∙ ഗോള്‍ഡ്  ബോണ്ടുകള്‍  വായ്പകള്‍ക്ക് ഈടായി നല്‍കാം.


∙ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കുന്നതിന്  പാന്‍ നിര്‍ബന്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com