ADVERTISEMENT

നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും ആശങ്ക നിറഞ്ഞ കാലയളവിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിപണികള്‍ തകര്‍ന്നതോടെ ഓഹരികളില്‍ നിക്ഷേപമുള്ളവര്‍ നഷ്ടം ഉയരുമോ എന്ന ആശങ്കയിലാണ്. മാത്രമല്ല പലിശ നിരക്ക് കുറയാന്‍ തുടങ്ങിയതോടെ  പിപിഎഫ്, എന്‍എസ്‌സി പോലുള്ള ചെറു സമ്പാദ്യ പദ്ധതികളില്‍ നിന്നും സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നുമുള്ള ആദായം കുറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. സമ്പദ്‌വ്യവസ്ഥ തിരിച്ച് കയറാതെ പലിശ നിരക്കില്‍ ഉടന്‍ വര്‍ധന പ്രതീക്ഷിക്കാന്‍ കഴിയില്ല. വളരെ കരുതലോടെ നിക്ഷേപ തീരുമാനം എടുക്കേണ്ട കാലയളവാണിത്. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ റിസ്‌കില്‍ മികച്ച റിട്ടേണ്‍ നല്‍കുന്ന മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ആകര്‍ഷകം,സുരക്ഷിതം

സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപം തേടുന്നവര്‍ക്ക്  സര്‍ക്കാരിന്റെ പിന്തുണയോടെ റിസര്‍വ് ബാങ്ക്  ലഭ്യമാക്കുന്ന  സേവിങ്‌സ് ബോണ്ടുകള്‍ പരിഗണിക്കാം. ന്യായമായ റിട്ടേണ്‍  നല്‍കുന്ന ഈ ബോണ്ടുകള്‍ നിലവിലെ സാഹചര്യത്തില്‍ മറ്റ് സ്ഥിര നിക്ഷേപമാര്‍ഗങ്ങളേക്കാള്‍ ആകര്‍ഷകമാണ്. ഏഴ് വര്‍ഷത്തെ ലോക് ഇന്‍ കാലളവ് ഉള്ളതിനാല്‍
റിസ്‌ക് കുറഞ്ഞ ദീര്‍ഘകാല നിക്ഷേപ മാര്‍ഗം തേടുന്നവര്‍ക്കായിരിക്കും ആര്‍ബിഐയുടെ സേവിങ്‌സ് ബോണ്ടുകള്‍ കൂടുതല്‍ ഇണങ്ങുക.  
ഏഴ് വര്‍ഷ കാലാവധിയുള്ള ബോണ്ടുകള്‍ ക്യുമുലേറ്റീവ്, നോണ്‍-ക്യുമുലേറ്റീവ് ഓപ്ഷനുകളില്‍ ലഭ്യമാകും. വര്‍ഷം 7.75 ശതമാനം പലിശ നിരക്ക് ലഭ്യമാക്കുന്ന ആര്‍ബിഐ ബോണ്ടുകള്‍ നിക്ഷേപത്തിന് പൂര്‍ണ സുരക്ഷയാണ് ഉറപ്പ് നല്‍കുന്നത്. നിലവിലെ പ്രവണത അനുസരിച്ച് പലിശ നിരക്കില്‍ കുറവ് വരുത്താത്ത ഏക നിക്ഷേപ മാര്‍ഗമാണിത്. ആര്‍ബിഐയുടെ സേവിങ്‌സ് ബോണ്ടുകള്‍ക്ക് ഉയര്‍ന്ന നിക്ഷേപ പരിധിയില്ല.

സവിശേഷതകള്‍

∙വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ആര്‍ബിഐയുടെ സേവിങ്‌സ്  ബോണ്ടുകളില്‍ നിക്ഷേപം നടത്താം. എന്‍ആര്‍ഐകള്‍ക്ക് ഈ ബോണ്ടില്‍ നിക്ഷേപം നടത്താന്‍ അനുവാദമില്ല. അതേസമയം എന്‍ആര്‍ഐകളെ നോമിനിയായി ചേര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്.

∙ബോണ്ടുകള്‍ വാങ്ങുന്നതിന്  പണം/ ഡ്രാഫ്റ്റ് / ചെക്കുകള്‍ എന്നിവ നല്‍കാം അല്ലെങ്കില്‍ റിസീവിങ് ഓഫീസുകള്‍ സ്വീകരിക്കുന്ന ഏതെങ്കിലും ഇലക്ട്രോണിക് മോഡുകള്‍ വഴിയും പണമടയ്ക്കാം.

∙ബോണ്ടുകള്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുന്ന ബാങ്കുകളുടെ ( സ്വീകരിക്കുന്ന ഓഫീസ്) പേരില്‍ വേണം ചെക്കുകളും ഡ്രാഫ്റ്റുകളും എടുക്കുന്നത്.

∙ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകളിലെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല.

∙സേവിങ്‌സ് ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1,000 രൂപ ( സേവിങ്‌സ് ബോണ്ടിന്റെ മുഖവില ) ആണ്. 1,000ത്തിന്റെ  ഗുണിതങ്ങളായി പിന്നീട് നിക്ഷേപം നടത്താം.

∙ക്യുമുലേറ്റീവ് ബോണ്ടുകളുടെ പലിശ  കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൂലധന തുകക്ക്  ഒപ്പം ലഭ്യമാകും . അതേസമയം നോണ്‍-ക്യുമിലേറ്റീവ് ബോണ്ടുകളുടെ പലിശ അര്‍ധവാര്‍ഷികമായി ലഭ്യമാക്കും.

∙സേവിങ്‌സ് ബോണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. ആദായ നികുതി നിയമത്തിന്റെ 80 സി പ്രകാരം ഉള്ള ഇളവ് ലഭിക്കില്ല. നിക്ഷേപകന്റെ വരുമാന നികുതി സ്ലാബ് നിരക്ക് അനുസരിച്ച് പലിശ വരുമാനത്തിനും നികുതി നല്‍കണം. പലിശ വരുമാനം  വര്‍ഷം 40,000 രൂപക്ക് മുകളിലാണ് എങ്കില്‍ പലിശ നല്‍കുമ്പോള്‍ 10 ശതമാനം ടിഡിഎസ് പിടിക്കും. അതേസമയം വെല്‍ത്ത് ടാക്‌സില്‍ നിന്നും  ആര്‍ബിഐ സേവിങ്‌സ് ബോണ്ടിനെ ഒഴിവാക്കിയിട്ടുണ്ട്.

∙ഡീമാറ്റ് രൂപത്തിലാണ് സേവിങ്‌സ് ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത്. നിക്ഷേപകന്റെ ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടുകളില്‍ (ബിഎല്‍എ)  ഇത് ക്രഡിറ്റാകും. പണം നല്‍കിയ തീയതിയില്‍ അല്ലെങ്കില്‍ ചെക്ക്/ഡ്രാഫ്റ്റ് മാറി പണം ലഭിക്കുന്ന തീയതി അടിസ്ഥാനമാക്കി ആയിരിക്കും ഇത്.

∙ഒരാളുടെ ബിഎല്‍എയില്‍ ഉള്ള സേവിങ്‌സ് ബോണ്ട് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയില്ല.

∙സേവിങ്‌സ് ബോണ്ടുകള്‍ ദ്വിതീയ വിപണിയില്‍ വ്യാപാരം നടത്താന്‍ സാധിക്കില്ല.

∙സേവിങ്‌സ് ബോണ്ടുകള്‍ ബാങ്കുകളിലും എന്‍ബിഎഫ്‌സികളിലും  വായ്പ എടുക്കുന്നതിനുള്ള  ഈടായി സമര്‍പ്പിക്കാനും സാധിക്കില്ല.

കാലാവധി

ഏഴ് വര്‍ഷമാണ് ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകളുടെ കാലാവധി. കാലാവധി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിക്ഷേപം തിരികെ ലഭിക്കും.
അറുപത് വയസില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്ക് കാലാവധി പൂര്‍ത്തിയാകും മുമ്പ് സേവിങ്‌സ് ബോണ്ടിലെ തുക പിന്‍വലിക്കാന്‍ കഴിയില്ല. ആര്‍ബിഐയുടെ വ്യവസ്ഥ അനുസരിച്ച് 60 വയസ്സിനും അതിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കും മാത്രമെ സേവിങ്‌സ് ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കാന്‍ കഴിയു. ഇതിനായി നിക്ഷേപകന്റെ ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കണം .

60 മുതല്‍ 70 വയസ് വരെയുള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍ പീരീഡ് 6 വര്‍ഷവും 70 മുതല്‍ 80 വയസ്സ് വരെയുള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍ പീരീഡ് 5 വര്‍ഷവും 80 വയസിന് മുകളില്‍ ഉള്ളവരുടെ നിര്‍ബന്ധിത ലോക് ഇന്‍കാലയളവ് 4 വര്‍ഷവുമാണ്.

ചെലവ്

∙ആര്‍ബിഐ സേവിങ്‌സ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ബ്രോക്കറേജ് ചാര്‍ജ് ലഭ്യമാക്കണം. റിസീവിങ് ഓഫീസില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള  ബ്രോക്കറേജുകള്‍ക്ക് 100 രൂപക്ക് 1 രൂപ നിരക്കിലാണ് ബ്രോക്കറേജ് ചാര്‍ജ് നല്‍കേണ്ടത്.

എവിടുന്നു കിട്ടും

സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എസ്ബിഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ  ബാങ്കുകളുടെ  ശാഖകള്‍,  ഐസിഐസിഐ  ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് പോലുള്ള സ്വകാര്യ മേഖലാ ബാങ്കുകള്‍  എന്നിവയില്‍ നിന്നും ബോണ്ടുകള്‍ ലഭ്യമാകും. ബ്രോക്കര്‍ വഴി നിലനിര്‍ത്തുന്ന ഡീമാറ്റ് അക്കൗണ്ടുകളിലൂടെയും ആര്‍ബിഐയുടെ സേവിങ്‌സ് ബോണ്ടുകള്‍ വാങ്ങാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com