ADVERTISEMENT

ആശങ്കകൾ സ്വാഭാവികമാണെങ്കിലും വിപണിയിലെ പ്രതിസന്ധികൾ ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നേട്ടം ഉണ്ടാക്കാനുള്ള മികച്ച അവസരമാണ്. ഇതറിയാമെങ്കിലും സംശയത്തോടെ മടിച്ചു നിൽക്കുന്നവർക്ക് ബാലൻസ്ഡ് അഡ്വാന്‍റേജ് ഫണ്ടുകളെ പ്രയോജനപ്പെടുത്താം.വിപണിയിലെ മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കി ഓഹരികളിലെ നിക്ഷേപ അനുപാതം 30– 80 ശതമാനത്തിന് ഇടയില്‍ ക്രമീകരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകള്‍. നിരക്ക്‌-വരുമാന അനുപാതം അല്ലെങ്കില്‍ നിരക്ക്‌-ബുക്ക്‌ വാല്യു അനുപാതം ആണ്‌ ഇതിനായി സാധാരണ ഉപയോഗിക്കുക. സെബി സ്‌കീമുകള്‍ പുനഃക്രമീകരിച്ച ശേഷമാണ്‌ ഈ വിഭാഗം നിലവില്‍ വന്നത്‌.

വലിയ ചാഞ്ചാട്ടം

കോവിഡ് ഭീതി കാരണം വലിയ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ നിലനില്‍ക്കുന്നത്‌. ഇതു കാരണം ബെഞ്ച്‌ മാര്‍ക്ക്‌ സൂചികകളായ ബിഎസ്‌ഇ സെന്‍സെക്‌സ്‌, നിഫ്‌റ്റി 50 എന്നിവയില്‍ വലിയ തിരുത്തല്‍ ഉണ്ടായി.  ഇത്തരത്തിലുള്ള  ശക്തമായ തിരുത്തലുകള്‍ സാധാരണ സംഭവിക്കാത്തതിനാല്‍ ഈ സാഹചര്യങ്ങളില്‍ ചില്ലറ നിക്ഷേപകരില്‍ ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്‌.

ദീര്‍ഘകാല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം

വിപണി സാഹചര്യങ്ങള്‍ നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി ദീര്‍ഘകാല നിക്ഷേപ അവസരങ്ങളാണ്‌ കൊണ്ടുവരുന്നത്‌. ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതായത്‌, താഴ്‌ന്ന വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്ന തന്ത്രം പ്രയോഗിക്കണം. വിപണി മുന്നേറുമ്പോഴും വില കൂടുമ്പോഴും നിക്ഷേപം നടത്താന്‍ ചില്ലറ നിക്ഷേപകര്‍ താല്‍പര്യപ്പെടുന്ന കാഴ്‌ചയാണ്‌ സാധാരണ കാണുന്നത്‌. അതിന്റെ ഫലമായി ഉയര്‍ന്ന വിലയ്‌ക്കു വാങ്ങുകയും താഴ്‌ന്ന വിലയ്‌ക്കു വില്‍ക്കുകയും ചെയ്യേണ്ടി വരും. യഥാർഥത്തില്‍ ചെയ്യേണ്ടത്‌ എന്താണോ അതിന്റെ നേർ വിപരീതമാണ്‌ അവർ ചെയ്യുന്നത്‌. നിക്ഷേപത്തില്‍നിന്നുള്ള നേട്ടം കുറയാന്‍ ഇത്‌ കാരണമാകും. നിക്ഷേപം നടത്തുമ്പോള്‍ ആളുകള്‍ക്കു സംഭവിക്കുന്ന ഈ പിഴവ്‌ പരിഹരിക്കുന്നതിനായി ഫണ്ട്‌ ഹൗസുകള്‍ അവതരിപ്പിച്ചതാണ്‌ ബാലന്‍സ്‌ അഡ്വാന്റേജ്‌ സ്‌കീം.
എതിര്‍ ചാക്രിക സ്വഭാവമാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകളുടെ പ്രധാന ആശയം. ഇത്തരം ഫണ്ടുകളിലെ ആസ്‌തി ഓഹരികളിലും കടപ്പത്രങ്ങളിലും വിഭജിച്ചു നിക്ഷേപിക്കുകയാണു ചെയ്യുന്നത്‌.

ആസ്തിവിഭജനത്തിൽ പ്രയോജനപ്പെടും

ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ, വിലനിർണയം മിതമായ തരത്തിലാണെങ്കില്‍ ഓഹരികളിലെ നിക്ഷേപം ഉയര്‍ത്തുകയും ശേഷിക്കുന്നത്‌ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും.
വിപണിയില്‍ റാലി നടക്കുകയാണെങ്കില്‍, അതായത്‌ വില ഉയരുകയാണെങ്കില്‍, കടപ്പത്രങ്ങളിലെ നിക്ഷേപവും ഉയര്‍ത്തും. അതിന്റെ ഫലമായി നിക്ഷേപകന്‍ വില കുറഞ്ഞിരിക്കുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയുമാണ്‌ അഡ്വാന്റേജ് ഫണ്ടിലൂടെ ചെയ്യുന്നത്.ഒരാളുടെ ആസ്‌തി വിഭജന ആവശ്യങ്ങള്‍ കണക്കിലെടുക്കും എന്നതാണ്‌ ഇത്തരം മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകളുടെ മറ്റൊരു ഗുണം.

അഡ്വാന്റേജ് ഫണ്ടുകളുടെ പ്രാധാന്യം

സാമ്പത്തികാസൂത്രണത്തിലെ ഏറ്റവും സുപ്രധാനമായ പടിയാണ്‌ ആസ്‌തിവിഭജനം. മിക്ക നിക്ഷേപകര്‍ക്കും വിപണിയിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഈ ആസ്‌തി വിഭാഗങ്ങളില്‍ നിക്ഷേപം നടത്താനുള്ള കഴിവ്‌ ഉണ്ടായിരിക്കില്ല. ഇവിടെയാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകളുടെ പ്രാധാന്യം. വിപണിയിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി വിവിധ ആസ്‌തി വിഭാഗങ്ങളിലെ നിക്ഷേപ അനുപാതത്തില്‍ സ്വയം മാറ്റം വരുത്തുന്നു. ഒപ്പം നഷ്ടസാധ്യത ക്രമീകരിച്ച്‌ പരമാവധി വരുമാനം ഉണ്ടാക്കാനും നികുതി ലാഭിക്കാനും നിക്ഷേപകരെ സഹായിക്കുകയും ചെയ്യും.
അതിനാല്‍, നിക്ഷേപകര്‍ക്ക്‌ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ റിട്ടയര്‍മെന്റ്‌ തുടങ്ങി വിവിധങ്ങളായ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപം നടത്താം

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍  ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട്‌

താരതമ്യേന പുതിയ വിഭാഗമായതിനാല്‍ മിക്ക ഫണ്ട്‌ ഹൗസുകളും ഇൗയിടെയാണ്‌ ഈ ഉൽപന്നം പുറത്തിറക്കിയിരിക്കുന്നത്‌. എന്നാല്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍  ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട്‌ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌. ഈ മാതൃക അടിസ്ഥാനമാക്കിയുള്ള ഫണ്ട്‌ കുറച്ചു കാലമായി ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, ഒരു സമ്പൂര്‍ണ വിപണി ചക്രത്തിന്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ഇത്തരത്തിലുള്ള ഏക ഫണ്ടാണ്‌ ഇത്‌. ഇക്വിറ്റി അലോക്കേഷന്‍ നടത്തുന്ന ഈ ഫണ്ട്‌ മാതൃക 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌.
പത്തു വര്‍ഷമായി നിലനില്‍ക്കുന്നു എന്നു മാത്രമല്ല എല്ലാ വിപണി ചക്രത്തിലും ഫണ്ടിലെ നിക്ഷേപാനുഭവം മികച്ചതുമാണ്‌. ഭാവി ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല, എങ്കിലും 11.80% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കാണ്‌ ഫണ്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ (2020 ഫെബ്രുവരി 29 വരെയുളള കണക്കുകള്‍ അനുസരിച്ച്‌). ഇക്കാലയളവിലെ ശരാശരി അറ്റ ഓഹരി നില 55.37 ശതമാനം ആണ്‌.
ഫലത്തില്‍ നഷ്ടസാധ്യത ക്രമീകരിച്ച്‌ മികച്ച വരുമാനം നിക്ഷേപകനു നല്‍കാന്‍ ഈ ഫണ്ടിനു കഴിഞ്ഞിട്ടുണ്ടെന്നു പറയാം.

 ഗ്രോ വെല്‍ത്ത്‌ഫിനാന്‍ഷ്യല്‍ സര്‍വീസസിലാണ് ലേഖകൻ

English Summery: Balanced Advantage Fund Should be There inYour Portfolio

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com