ADVERTISEMENT

വിപണി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മൂല്യാധിഷ്ഠിത നിക്ഷേപം അഥവാ വാല്യു ഇൻവെസ്റ്റിങ്ങിനു കഴിയും. അതുകൊണ്ടു തന്നെ ഇത്തരം നിക്ഷേപരീതിയെ ആശ്രയിക്കുന്ന വാല്യു ഫണ്ടുകൾക്ക് ഇപ്പോൾ പ്രസക്തിയും പ്രാധാന്യവും കൂടുതലാണ്.
നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലക്ഷ്യമിടുന്നതിനു വിരുദ്ധമായൊരു നിലപാടു കൈക്കൊള്ളുക പലപ്പോഴും അസാധ്യമാണെന്നു തോന്നാം. എന്നാൽ ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നതിന് ഒപ്പം തന്നെ കൃത്യമായ കണക്കുകൂട്ടലുകൾ നടത്തി ലക്ഷ്യത്തിലേക്ക് എത്തുക എന്നതാണ് വാല്യു ഇൻവെസ്റ്റിങ്ങിന്റെ അടിസ്ഥാനം.
നാൽപതിലേറെ മ്യൂച്വല്‍ ഫണ്ട് കമ്പനികളുള്ള ഇന്ത്യയില്‍ വളരെ കുറച്ചു വാല്യു ഇൻവെസ്റ്റിങ് ഫണ്ടുകളേ ഉള്ളു. മറ്റ് ഇക്വിറ്റി പദ്ധതികളെപ്പോലെ വന്‍തോതിലുള്ള ഒച്ചപ്പാടുകൾ സൃഷ്ടിച്ചല്ല ഇവ മുന്നോട്ടു പോകുന്നത്. അതേ സമയം ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ ഇവയ്ക്കു കഴിയുന്നുമുണ്ട്. പ്രത്യേകിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍.

ക്ഷമയുടെ വില

മൂല്യാധിഷ്ഠിത നിക്ഷേപത്തെ ജനപ്രിയമാക്കിയത് വാറന്‍ ബുഫേയും അദ്ദേഹത്തിന്റെ ഗുരു ബെഞ്ചമിന്‍ ഗ്രഹാമുമാണ്. ഇരുവരും ഒരൊറ്റ ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ അല്ല വലിയ നേട്ടങ്ങൾ കൈവരിച്ചത്. ദീര്‍ഘകാലത്തിലേക്കുള്ള മൂല്യാധിഷ്ഠിത നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ നമുക്കും കഴിയും.
വിപണി കുതിക്കുമ്പോൾ മൂല്യാധിഷ്ഠിതമായി നടത്തിയ നിക്ഷേപങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ചു താഴ്ന്ന നേട്ടം മാത്രമേ കൈവരിക്കാറുള്ളൂ. ഇതു കൊണ്ടു തന്നെ പലരും നിക്ഷേപത്തില്‍നിന്നു മാറി നില്‍ക്കും. എന്നാല്‍ വിപണിയില്‍ എന്തെങ്കിലും ആഘാതമുണ്ടാകുന്ന വേളയില്‍ മൂല്യാധിഷ്ഠിത നിക്ഷേപ തത്വങ്ങളിലേക്ക് ഇവര്‍ തിരിയും. കാരണം, വിപണി മോശമായ പ്രകടനം കാഴ്ചവയ്ക്കുന്ന പല സന്ദര്‍ഭങ്ങളിലും മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതായി കാണാം. വാല്യു ഇൻവെസ്റ്റിങ്ങിന്റെ ശക്തിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

വാല്യു ഫണ്ടുകൾ

കമ്പനികളുടെ പ്രകടന ചരിത്രം, വരുമാനം, മൂല്യം, പണ ലഭ്യതയ്ക്കുളള കഴിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി, താരതമ്യേന കുറഞ്ഞ വിലയുള്ള ഓഹരികള്‍ കണ്ടെത്തുകയാണ് വാല്യു ഫണ്ടുകള്‍ ചെയ്യുന്നത്. അടിസ്ഥാനപരമായി ശക്തമായതും മൂല്യമുള്ളതും കൂടുതൽ സുരക്ഷിതത്വമുള്ളതുമായ ഓഹരികളുടെ ഒരു നിര കണ്ടെത്തുകയാണ് ഇത്തരം ഫണ്ടുകൾ കൈകാര്യം ചെയ്യുന്നവരുടെ ദൗത്യം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലുണ്ടായ 30 ശതമാനത്തോളം തിരുത്തല്‍ ഒന്നു വിശകലനം ചെയ്യാം. പല ഓഹരികളും അവയുടെ മൂല്യത്തെക്കാള്‍ കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭ്യമാണ്. നിഷ്‌ക്രിയ ആസ്തികള്‍ മൂലം പ്രശ്‌നത്തിലായ ചില കമ്പനികളുടെ അതേ വിലയില്‍ ചില ശക്തമായ കമ്പനിയുടെ ഓഹരികളും ലഭ്യമാണ്.
വാല്യു ഫണ്ടുകള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന അവസ്ഥയാണിത്. അതുകൊണ്ടു തന്നെ അവര്‍ക്ക് ഓഹരികള്‍ തിരഞ്ഞെടുക്കുവാന്‍ ഏറ്റവും അനുകൂലമായ സാഹചര്യവുമാണിത്

ഐസിഐസിഐ  വാല്യു ഡിസ്കവറി ഫണ്ട്

ഇന്ത്യയിലെ വാല്യു ഫണ്ടുകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ രംഗത്തെ മുന്‍നിര പദ്ധതി 2004 ല്‍ പുറത്തിറക്കിയ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറിയാണ്. 12,000 കോടി രൂപയുടെ ആസ്തിയാണ്  ഇത് കൈകാര്യം ചെയ്യുന്നത്. ദീര്‍ഘകാലത്തെ മികച്ച പ്രകടന ചരിത്രവും ഫണ്ടിനു സ്വന്തമാണ്. ഇപ്പോഴത്തെ തിരുത്തലിന്റെ വേളയിലും അടിസ്ഥാന സൂചികകളെക്കാൾ കുറഞ്ഞ ഇടിവേ ഇതിനുണ്ടായിട്ടുള്ളൂ. ഈ പദ്ധതി ആരംഭിച്ച 2004 ൽ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോള്‍ 75 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിഫ്റ്റി ടിആര്‍ഐയില്‍ ഇത് 30 ലക്ഷം രൂപയേ ആകുമായിരുന്നുളളു. ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാനുള്ള കഴിവു തന്നെയാണിതു സൂചിപ്പിക്കുന്നത്. എസ്‌ഐപി വഴിയുള്ള നിക്ഷേപങ്ങള്‍ക്കും സമാനമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കോ അതിലേറെ കാലത്തേക്കോ നിക്ഷേപിക്കുന്നവര്‍ക്ക് തങ്ങളുടെ പോർട്ഫോളിയോയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണിത്.

ലേഖകൻ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ്

English Summery:Value Discovery Funds are Suitable in this Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com