ADVERTISEMENT

വളരെ കുറഞ്ഞ തുകകള്‍ പോലും എല്ലാ മാസവും അടച്ച് നിക്ഷേപവുമായി മുന്നോട്ടു പോകാം എന്നതാണല്ലോ എസ്‌ഐപി രീതിയിലുള്ള മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നത്.  പ്രതിമാസം അഞ്ഞൂറു രൂപയെന്ന വളരെ കുറഞ്ഞ തുകയുമായി എസ്‌ഐപി മുന്നോട്ടു കൊണ്ടു പോകാന്‍ ഏതാണ്ടെല്ലാ മ്യൂച്ചൽ ഫണ്ടു കമ്പനികളും അവസരമൊരുക്കുന്നുണ്ട്. പ്രതിമാസം നൂറു രൂപ എസ്‌ഐപിയെന്ന സാധ്യതയും ഏതാനും ചില മ്യൂചല്‍ ഫണ്ട് കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം നിക്ഷപകര്‍ക്ക് എത്രത്തോളം ഗുണകരമാകും?

നിക്ഷേപ സ്വഭാവം വളര്‍ത്തിയെടുക്കാം
ചെറിയ തുകകളുടെ എസ്‌ഐപി ആരംഭിക്കുന്നതിലൂടെ തുടര്‍ച്ചയായ അച്ചടക്കത്തോടു കൂടിയ നിക്ഷേപ സ്വഭാവം വളര്‍ത്തിയെടുക്കാനാവും. ജോലി ചെയ്തു തുടങ്ങുന്ന വേളയില്‍ ഇത് ഏറെ സൗകര്യമായിരിക്കുകയും ചെയ്യും.

നിക്ഷേപ ലക്ഷ്യമെന്ത്?

ഓരോ നിക്ഷേപവും ആരംഭിക്കുമ്പോള്‍ അതിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം. ആ ലക്ഷ്യം എന്തെന്നത് ഓരോരുത്തരുടേയും വ്യക്തിഗത, കുടുംബ, സാമൂഹിക സവിശേഷതകളുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കേണ്ടത്. അങ്ങനെയുള്ള ഓരോ ലക്ഷ്യവും നിറവേറ്റാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികള്‍ കണ്ടെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഇതിനു സഹായിക്കുന്നതാണോ ചെറിയ തുകകളുടെ എസ്‌ഐപികള്‍ എന്ന് ആദ്യം ചിന്തിക്കണം.

നിക്ഷേപം കാലാവധിയെത്തുമ്പോള്‍ എത്ര തുക ലഭിക്കണം?

ജോലിയില്‍ പ്രവേശിക്കുന്ന മാസം മുതല്‍ അഞ്ഞൂറു രൂപയുടെ എസ്‌ഐപി ആരംഭിച്ചു എന്നു കരുതുക. അഞ്ചു വര്‍ഷം കഴിഞ്ഞുള്ള ഒരു സാമ്പത്തിക ലക്ഷ്യമാണ് എസ്‌ഐപിയിലൂടെ നേടാന്‍ ആഗ്രഹിക്കുന്നതെന്നും ചിന്തിക്കുക. ഇത് നേടാന്‍ സാധിക്കുമോ? അതറിയണമെങ്കില്‍ ആ നിക്ഷേപത്തിലൂടെ എത്ര തുക ലഭിക്കും എന്നു കണക്കു കൂട്ടണം. 60 മാസങ്ങളിലായി 30,000 രൂപയാവും എസ്‌ഐപി വഴി നിക്ഷേപിക്കുക. ഈ നിക്ഷേപത്തിന് 15 ശതമാനം ശരാശരി നേട്ടമുണ്ടാക്കാനായാല്‍ പോലും 44,841 രൂപയായിരിക്കും എസ്‌ഐപി കാലാവധി കഴിയുമ്പോള്‍ പ്രതീക്ഷിക്കാനാവുക.  ജോലിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പോലും ഇതു കൊണ്ടാവില്ലല്ലോ. എസ്‌ഐപി കാലാവധി കഴിയുമ്പോള്‍ പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലുള്ള ഗണ്യമായ ഒരു തുക ലഭിക്കണം. അതു കണക്കിലെടുത്തായിരിക്കണം നിക്ഷേപം ആരംഭിക്കേണ്ടത്.

തുടക്കത്തില്‍ ചെലവുകള്‍ കുറവായിരിക്കും

ജോലി ആരംഭിക്കുന്ന വേളയില്‍ ബാധ്യതകളും ചെലവുകളും സ്വാഭാവികമായും വളരെ കുറവായിരിക്കും. തുടര്‍ന്ന് വിവാഹവും കുടുംബ ജീവിതവുമെല്ലാമാകുമ്പോള്‍ ബാധ്യതകളും ചെലവുകളും പടിപടിയായി വര്‍ധിച്ചു വരും. അതു കൊണ്ടു തന്നെ തുടക്കത്തില്‍ പരമാവധി ഉയര്‍ന്ന തുക നിക്ഷേപിക്കുന്നതാവും നല്ലത്. അഞ്ഞൂറു രൂപ എന്ന ഏറ്റവും കുറഞ്ഞ തുകയുടെ എസ്‌ഐപി തെരഞ്ഞെടുക്കുന്നതിനു പകരം നിങ്ങള്‍ക്കാവുന്ന ഉയര്‍ന്ന തുകയുടെ എസ്‌ഐപി ആയിരിക്കും അഭികാമ്യം. പ്രായം വളരെ കുറവായതിനാല്‍ നഷ്ടസാധ്യതകള്‍ കൂടുതല്‍ വഹിക്കാനും അതനുസരിച്ചു കൂടുതല്‍ നേട്ടം ലഭിക്കുന്ന പദ്ധതികളില്‍ ചേരാനും സാധിക്കുമെന്ന സവിശേഷതയും തുടക്കക്കാര്‍ക്കുണ്ട്.

അഞ്ചു വര്‍ഷത്തേക്കുള്ള അഞ്ഞൂറു രൂപയുടെ എസ്‌ഐപിയില്‍ പത്തു ശതമാനം നേട്ടം കണക്കാക്കിയാല്‍ കാലാവധി കഴിയുമ്പോള്‍ 39,041 രൂപയാവും ലഭിക്കുക. ഇതേ സ്ഥാനത്ത് പത്തു വര്‍ഷത്തേക്കുള്ള എസ്‌ഐപിയില്‍ അയ്യായിരം രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 12 ശതമാനം നേട്ടം കണക്കാക്കിയാല്‍ പോലും 11,61,695 രൂപയോളം പ്രതീക്ഷിക്കാം. നിക്ഷേപ കാലാവധി കൂടുതല്‍ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ നേട്ടവും അതനുസരിച്ചു വര്‍ധിക്കും. ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള ജീവിതവും മറ്റും മുന്നില്‍ കണ്ട് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ തുടക്കത്തിലേ ആസൂത്രണം ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുമ്പോഴും ഏറ്റവും ചെറിയ തുകയുടെ എസ്‌ഐപി ആരംഭിക്കാതെ സാധിക്കുന്ന വിധത്തില്‍ വലിയ തുകകള്‍ക്കുള്ള എസ്‌ഐപി ആരംഭിക്കുന്നതായിരിക്കും നല്ലത്. താരതമ്യേന ചെറിയ പ്രായമായതിനാല്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ ദീര്‍ഘകാലം കൊണ്ട് മറികടക്കാനാവുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാനും തുടക്കക്കാര്‍ക്കു സാധിക്കും.

English Summery: Sip with Small Amount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com