ADVERTISEMENT

വ്യക്തിഗത നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെ നികുതി ഘടനയും വരുമാനത്തിനുള്ള നികുതി ബാധ്യതയും വിശകലനം നടത്തണമെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്നു നടത്തിയ 'നികുതി ആനൂകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി   ഇതു വഴി നിക്ഷേപകരുടെ യഥാര്‍ത്ഥ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനാവും.
ഏതു മേഖലയിലായാലും കൃത്യമായ ഗവേഷണമില്ലെങ്കില്‍ നഷ്ട സാധ്യത കൂടുതലായിരിക്കും. ഇതു മ്യൂചല്‍ ഫണ്ടുകള്‍ക്കും ബാധകമാണെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ട് കേരള റീജണല്‍ മേധാവി ഡി. ബാലാജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഓഹരി വിപണി പല അനിശ്ചിതത്വങ്ങളിലൂടേയും കടന്നു പോയെങ്കിലും നിക്ഷേപങ്ങള്‍ വന്‍ തോതിലാണു വര്‍ധിച്ചത്. ആസൂത്രണത്തോടെ നടത്തിയ നിക്ഷേപങ്ങളാണ് ഇത്തരം നേട്ടങ്ങളുണ്ടാക്കാന്‍ ജനങ്ങളെ സഹായിച്ചത്.   

നികുതി ബാധ്യതയും ആദ്യം തന്നെ കണക്കാക്കണം

ഹ്രസ്വകാല, ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതികളിലെ വ്യത്യാസങ്ങള്‍ കൂടി കണക്കിലെടുത്താവണം നിക്ഷേപങ്ങള്‍ ആസൂത്രണം നടത്തേണ്ടതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോണ്‍ ലൂക്കോസ് പറഞ്ഞു. ലാഭ വിഹിതത്തിന് കമ്പനികള്‍ നല്‍കിയിരുന്ന നികുതി ഫലത്തില്‍ ഇപ്പോള്‍ നിക്ഷേപകന്‍ നല്‍കുകയാണ്. നികുതി ബാധ്യതകള്‍ ഏറ്റവും കുറഞ്ഞ തോതിലാക്കാനുള്ള മികച്ചൊരു മാര്‍ഗമാണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പദ്ധതികള്‍ എന്ന എസ്ഡബ്ലിയുപി എന്നും ജോണ്‍ ലൂക്കോസ് ചൂണ്ടിക്കാട്ടി. ഡിവിഡന്റ് നികുതി ബാധകമായ സാഹചര്യത്തിലും എസ്ഡബ്ലിയുപി ഗുണകരമായിരിക്കും.
നിക്ഷേപങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അവയുടെ നികുതി ബാധ്യത എത്രയായിരിക്കുമെന്ന് കണക്കു കൂട്ടുന്നതായിരിക്കും ഗുണകരമെന്ന് ബാലാജി അഭിപ്രായപ്പെട്ടു. എന്‍ആര്‍ഐ പദവി ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ എസ്‌ഐപി തുടരാന്‍ അവസരമുണ്ടെന്നും ഇതിന് വളരെ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമേ ഉള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇളവുകള്‍ നാളെ വരെ 

ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പു പ്രകാരം ഇളവുകള്‍ ലഭിക്കുന്ന നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും മൂന്നു വര്‍ഷം മാത്രം ലോക് ഇന്‍ കാലാവധിയുള്ളതും കൂടുതല്‍ ലാഭ സാധ്യത ഉള്ളതുമാണ് ഇഎല്‍എസ്എസുകളെ ആകര്‍ഷകമാക്കുന്നതെന്ന് ജോണ്‍ ലൂക്കോസ് ചൂണ്ടിക്കാട്ടി. ഇഎല്‍എസ്എസ് അടക്കമുള്ളവയില്‍ 2020 ജൂലൈ 31 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇളവുകള്‍ ലഭിക്കുമെന്നും വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ജോണ്‍ ലൂക്കോസ് വ്യക്തമാക്കി. പി ജി സുജ മോഡറേറ്ററായി.

English Summery : Should Consider About Tax Liability Before Investing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com