കൊറോണ (ഓണ) ക്കാലത്ത് നടത്താം ഈ സാമ്പത്തികാസൂത്രണം

HIGHLIGHTS
  • ഓഹരികളുടെ ജനിതക സ്വഭാവമായ റിസ്ക് കുറച്ചു കൊണ്ടുവരികയാണ് വെല്ലുവിളി
onam
SHARE

ആപത്തെങ്ങുമില്ലാതെ ആമോദത്തോടെ ജനങ്ങൾ വസിച്ചിരുന്ന  പഴയകാലത്തെ പുനരാവിഷ്കരിക്കാൻ ഏതായാലും 2020 ലെ ഓണത്തിനു സാധിക്കില്ല. കൊറോണ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതരീതിയും സാമ്പത്തിക സ്ഥിതിയുമെല്ലാം ആകെ മാറ്റി മറിച്ചതാണ് കാരണം.അപ്രതീക്ഷിതമായെത്തിയ ആപത്തുകാലത്തെ േനരിടാൻ സ്വയം പ്രാപ്തരാകാതിരുന്നതാണ് ഏറിയ േപർക്കും വിനയായത്.

കരുതൽ നിധി തയാറാക്കുക  

വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ തുക എത്രയാണെന്നു കണ്ടുപടിക്കുന്നത്. സാധാരണഗതിയിൽ ഒരു വ്യക്തിയുടെ പ്രതിമാസ ചെലവുകളും വായ്പകളുടെ തിരിച്ചടവു തുകയും പെട്ടെന്ന് അടച്ചുതീർക്കേണ്ടതായ മറ്റു വല്ല ബാധ്യതകൾ ഉണ്ടെങ്കിൽ അവയെല്ലാം േചർത്താൽ ലഭിക്കുന്ന ആകെ തുകയുടെ ആറിരട്ടിയെങ്കിലും  ഏറ്റവും കുറഞ്ഞ കരുതൽ ധനമായി സൂക്ഷിക്കേണ്ടതാണ്.  ഉദാഹരണത്തിന് 25,000 രൂപ പ്രതിമാസ ചെലവുകളും 15,000 രൂപ വായ്പ അടവുകളും 10,000 രൂപ െപട്ടെന്നു നിറവേറ്റേണ്ടതായ ബാധ്യതകളുമുള്ള ഒരു വ്യക്തി ആകെ ആവശ്യമായി വരുന്ന 50,000 രൂപയുടെ  ആറിരട്ടി അതായത് മൂന്നുലക്ഷം രൂപയെങ്കിലും ആപത്തുകാലത്തെ അഭിമുഖീകരിക്കുവാൻ കരുതിവയ്ക്കണം എന്നർഥം. ഇത്തരത്തിൽ കരുതൽ തുക ൈകവശമാക്കി വച്ചിരുന്ന എത്ര പേർ ഈ കോവിഡ് കാലത്ത് നമുക്കു ചുറ്റും ഉണ്ടായിരിക്കും? 

മറ്റു സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണം

ഒരാൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തമായി ജോലി സമ്പാദിക്കുന്നതുവരെയുള്ള വരുമാന രഹിതമായ ഒന്നാംഘട്ടം. സ്വന്തമായി വരുമാനം വരാൻ തുടങ്ങുന്നതും ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം നടക്കുന്നതുമായ രണ്ടാംഘട്ടം. തിരക്കുകളെല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന റിട്ടയർമെന്റിനുശേഷം വരുന്ന മൂന്നാംഘട്ടം.എന്നിങ്ങനെ മൂന്നു ഘട്ടങ്ങൾ ഓരോരുത്തർക്കുമുണ്ട്. സ്വന്തമായി വാഹനം, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിങ്ങനെ വലിയ അളവിൽ കാശ് ചെലവഴിക്കേണ്ട ബാധ്യതകളെല്ലാം രണ്ടാംഘട്ടത്തിലാണ്. സമൂഹത്തിൽ ഭൂരിഭാഗം ജനങ്ങളും വ്യവസ്ഥാപിതമായ ഒരു പെൻഷൻ സംവിധാനത്തിനു കീഴിൽ വരാത്തവരാണ്.  സാമ്പത്തിക ലക്ഷ്യങ്ങൾ യഥാസമയം നിറവേറ്റുവാനും സമാധാനത്തോടെ റിട്ടയേർഡ് ജീവിതം ഉറപ്പുവരുത്തുവാനും കാലേകൂട്ടി പ്ലാൻ ചെയ്യേണ്ടത് ആത്യാവശമാണെന്നും ഈ കോവിഡ് ഓണക്കാലം നമ്മെ ഓർമിപ്പിക്കുന്നു.

പണപ്പെരുപ്പത്തെ ചെറുത്ത് തോൽപിച്ച് ജീവിതലക്ഷ്യങ്ങൾ തടസ്സങ്ങളില്ലാതെ ൈകവരിക്കാനാണ് നിക്ഷേപം ആരംഭിക്കേണ്ടത്. വീട്ടാവശ്യങ്ങൾക്കായി പ്രതിമാസം 25,000 രൂപ ചെലവഴിക്കുന്ന ഒരു കുടുംബത്തിന് അഞ്ചു ശതമാനം നിരക്കിൽ പണപ്പെരുപ്പം കണക്കാക്കിയാൽ പത്തു വർഷങ്ങൾക്കുശേഷം പ്രസ്തുത തുകയുടെ സ്ഥാനത്ത് 40,772 രൂപ ആവശ്യമായി വരും. അതുകൊണ്ട് പണപ്പെരുപ്പത്തിനു മുകളിൽ നേട്ടം നൽകുന്ന ആസ്തി വിഭാഗം ഏതാണെന്നു കണ്ടെത്തി അവയിൽ നിക്ഷേപിക്കുക പ്രധാനമാണ്. 

പ്രധാനപ്പെട്ട ആസ്തികൾ–ഒരു താരതമ്യപഠനം 

വിവിധതരം നിക്ഷേപമാർഗങ്ങൾ 1981 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ നടത്തിയിരിക്കുന്ന പ്രകടനങ്ങളുടെ ഒരു താരതമ്യപഠനം വളരെ കൗതുകകരമായ വിവരങ്ങളാണു നൽകുന്നത്. ഇക്കാലയളവിലെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ ഓരോ നിക്ഷേപമാർഗവും നൽകിയ ശരാശരി നേട്ടം എത്രയാണെന്നു താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു. സ്വർണവിലയിൽ അടുത്തകാലത്തുണ്ടായ അഭൂതപൂർവമായ വർധനവ് കൂടf പരിഗണിക്കുന്നതിനായി ജൂലൈ 31 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണു പട്ടിക തയാറാക്കിയിരിക്കുന്നത്.

jeevan table

6.64 േരഖപ്പെടുത്തിയ പണപെരുപ്പ നിരക്കിനെതിരായി 9.33 % നിരക്കിൽ സ്വർണവും 9.65% നിരക്കിൽ പബ്ലിക് പ്രൊവിഡൻഡ് ഫണ്ടും 8.85 ശതമാനം നിരക്കിൽ ബാങ്ക് സ്ഥിരനിക്ഷേപവും 14. 66 ശതമാനം നിരക്കിൽ ഓഹരി വിപണിയും റിട്ടേൺ നൽകിയിരിക്കുന്നു.9.33 ശതമാനം റിട്ടേൺ നൽകുക വഴി സ്വർണം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സുരക്ഷിതത്വം, ലിക്വിഡിറ്റി എന്നിവ കൂടി പരിഗണിക്കുമ്പോൾ സ്വർണം എല്ലാ കാലത്തും പ്രിയപ്പെട്ട  മാർഗമായാണ് അറിയപ്പെടുന്നത്. എന്നാലും ൈവവിധ്യവൽക്കരണത്തിന്റെ ഭാഗമെന്ന നിലയിൽ മൊത്തം നിക്ഷേപത്തിന്റെ പത്തു ശതമാനം മുതൽ 15% വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്.

ഏറ്റവും സുരക്ഷിതമാണെന്നു കരുതി വരുന്ന ബാങ്ക് സ്ഥിര നിക്ഷേപം ഈ കാലയളവിൽ ശരാശരി 8.83 % റിട്ടേൺ നൽകിയിട്ടുണ്ട്. എന്നാലിപ്പോളിതിന് റിട്ടേൺ തുലോം കുറവാണെന്നു പ്രത്യേകം ഓർക്കുമല്ലോ. റിസ്ക് കുറഞ്ഞ നിക്ഷേപമാർഗം എന്ന നിലയിൽ പബ്ലിക് പ്രോവിഡൻഡ് ഫണ്ട് മികച്ച പ്രകടനമാണു നടത്തിയിരിക്കുന്നത്. നികുതിയിളവിന് ആശ്രയിക്കാവുന്ന പിപിഎഫ് 9.65 % എന്ന ഉയർന്ന നിരക്കിലുള്ള റിട്ടേൺ ആണ് നിക്ഷേപകർക്കു നൽകിയിരിക്കുന്നത്.

ഓഹരി നിക്ഷേപം

ഇനി കൂട്ടത്തിൽ ഏറ്റവും മികച്ച റിട്ടേൺ നൽകിയ ഓഹരി നിക്ഷേപത്തിലേക്കു വരാം. 1981 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയിലൊന്നായ ബിഎസ് ഇ െസൻസെക്സ് പണപ്പെരുപ്പത്തിനു മുകളിൽ 8.02 % റിട്ടേൺ നൽകിയിരിക്കുന്നു. ഓഹരികൾ പക്ഷേ, റിസ്ക് കൂടിയ നിക്ഷേപ ഉപാധിയാണെന്നു ഓർക്കുക. ആകർഷകമായ റിട്ടേൺ നൽകി വരുന്ന ഓഹരികളുടെ ജനിതക സ്വഭാവമായ റിസ്ക് കുറച്ചു കൊണ്ടുവരിക എന്നതാണ് ഏതൊരു നിക്ഷേപകന്റെയും  മുന്നിലുള്ള വെല്ലുവിളി. താഴെ പറയുന്ന കാര്യങ്ങൾ ഓർത്തിരുന്നാൽ ഇത് വലിയ ഒരു അളവുവരെ സാധ്യമാണ്,

∙എല്ലാ ചെലവുകളും മറ്റ് ആവശ്യങ്ങളും നടത്തിയതിനുശേഷം മിച്ചം വരുന്ന തുക മാത്രം ഓഹരിയിൽ നിക്ഷേപിക്കുക. നിലവിലെ ആസ്തികൾ വിറ്റോ പണയം വച്ചോ ഓഹരി വിപണിയിൽ പ്രവേശിക്കാതിരിക്കുക

∙ നിരവധി കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ഭീമമായ വില വർധനവിനെക്കുറിച്ച് നിങ്ങൾ മുൻപ് കേട്ടിരിക്കാം. എന്നാൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരികളിലെല്ലാം ഈ വിജയം ആവർത്തിക്കണമെന്നില്ല.

∙ദീർഘകാലത്തേക്ക് അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണ് ഓഹരികൾ. അതിനാൽ പെട്ടെന്നുണ്ടാകുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നല്ല കമ്പനികളുടെ ഓഹരികൾ നഷ്ടത്തിൽ വിറ്റുമാറരുത്.

∙പോർട്ട് ഫോളിയോയിൽ ഉൾപ്പെടുന്ന ഓഹരികളുടെ വൈവിധ്യവൽക്കരണമാണ് നഷ്ടസാധ്യത കുറയ്ക്കാനുള്ള സമർഥമായ പോംവഴി. വിവിധവ്യവസായങ്ങളെ പ്രതിനിധാനം ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുമ്പോൾ ചിലതിന്റെ പ്രവർത്തനം മോശമാണെങ്കിലും മികച്ചരീതിയിൽ പ്രകടനം നടത്തുന്ന ഓഹരികളുടെ സാന്നിധ്യം പോർട്ട് ഫോളിയോയുടെ ആകെ പ്രകടനത്തെ ഒരു പരിധിവരെ മികച്ചതാക്കി നിലനിർത്തുന്നു.

∙അച്ചടക്കമുള്ള നിക്ഷേപകനാകാൻ സ്വയം പരിശീലിക്കുക എന്നത് പ്രധാനമാണ്. വിപണി മുന്നേറ്റവേളയിൽ പോലും ചില അവസരങ്ങളിൽ ഓഹരിവിലകൾ താഴെ വരാറുണ്ട്. മാർക്കറ്റ് അതിന്റെ സ്ഥിരത ൈകവരിക്കുന്നതുവരെ കാത്തിരിക്കുക. മികച്ച ഓഹരികളിൽ നിക്ഷേപിക്കുന്ന വ്യക്തികളെല്ലാം തന്നെ അച്ചടക്കവും ക്ഷമയും പ്രദർശിപ്പിക്കുന്നവരാണ് എന്നത് ഒരു യാഥാർഥ്യമാണ്.

∙ഏറ്റവും അവസാനമായി മികച്ച കമ്പനികളുടെ ഓഹരികൾ മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഊഹോപോഹങ്ങൾക്കും അടിസ്ഥാനരഹിതമായ വാർത്തകൾക്കും െചവി കൊടുക്കാതെ സുതാര്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ വളർച്ചാസാധ്യതയുള്ളതുമായ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികൾ അറിവുള്ളവരുടെ സഹായത്തോടെയോ സ്വയം വിശകലനം നടത്തിയോ തിരഞ്ഞെടുക്കുക. ഇത്തരം കമ്പനികളുടെ ഓഹരികൾക്കൊന്നും വിപണിയിൽ ഹ്രസ്വകാലത്തേക്കുണ്ടാകുന്ന ചാഞ്ചാട്ടം പ്രതികൂലമായി ബാധിക്കില്ല.

മലയാളികളെ സംബന്ധിച്ചിടത്തോളം പൊന്നിൻചിങ്ങം പുതുവർഷം കൂടിയാണ്. കോവിഡ് 19 വീഴ്ത്തിയിരിക്കുന്ന കരിനിഴൽ ൈവകാതെ തന്നെ നീങ്ങിക്കിട്ടും എന്ന പ്രത്യാശയിലാണ് എല്ലാവരും. ‌അനിശ്ചിതത്വങ്ങൾ ഇനിയും പ്രതീക്ഷിക്കാം. അതെല്ലാം മറികടക്കുവാനുള്ള പോംവഴികളിൽ ഒന്നാണ് സാമ്പത്തിക ലക്ഷ്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാമെന്നുള്ളത്.

English Summary : Financial Planning in Onam Period

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ് വിഭാഗം മേധാവിയാണ്

ഇ.മെയിൽ: jeevan@geojit.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA