ADVERTISEMENT

സൂചികകളുടെ ഏകദിന നേട്ടങ്ങളെല്ലാം അവസാന മണിക്കൂറിലെ കൂട്ടത്തകർച്ചയിൽ നഷ്ടമാകുന്ന കാഴ്ചയാണ്  ഇന്നലെ ഇന്ത്യൻ  വിപണിയിലുണ്ടായത് .ഇന്ത്യ -ചൈന അതിർത്തിയിലെ  സംഘർഷ ഭീതി  വിപണിയുടെ ആത്മവിശ്വാസത്തിലാണ്  വിള്ളലുണ്ടാക്കുന്നത്. ഒപ്പം ഫിച്ച്  റേറ്റിംഗ്  ജി ഡി പി  നടപ്പ് വർഷത്തിൽ 11 .8 % ചുരുങ്ങുമെന്ന് പ്രസ്താവിച്ചതും വിപണി വീഴ്ചയുടെ ആക്കം കൂട്ടി. ആഗോള പ്രതിസന്ധി നീങ്ങിത്തുടങ്ങാൻ നീണ്ട കാലയളവ് വേണ്ടിവരുമെന്ന പ്രചാരത്തിൽ  യൂറോപ്യൻ  വിപണി കൂടുതൽ ചുവന്നതും  ഇന്നലെ ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. വഷളാകുന്ന  യു എസ്  ചൈന ബന്ധത്തിന്റെയും, രൂക്ഷമാകുന്ന  സാമ്പത്തിക പ്രതിസന്ധിയുടെയും  പശ്ചാത്തലത്തിൽ അമേരിക്കൻ സൂചികകളിൽ  വൻവീഴ്ചയുണ്ടായി. 

എങ്കിലും നിഫ്റ്റി 0.33% വും സെൻസെക്സ് 0.14% വും ഏകദിന നഷ്ടമേ വഴങ്ങിയുള്ളു എന്നത് വിപണിക്ക് ആശ്വാസമാണ്. ഇന്നലെ ഐ ടി ഒഴികെ എല്ലാമേഖലകളും നഷ്ടത്തിലാണവസാനിച്ചത്. പുതുനിക്ഷേപ പ്രതീക്ഷയിൽ റിലയൻസ്  വീഴാതെ നിന്നതാണ്  വിപണിയുടെ വീഴ്‌ചയുടെ  ആഘാതം  കുറച്ചത് .

ഓർമിക്കേണ്ടവ 

സെപ്തംബർ 10 ന് സുപ്രീം കോടതി മോറട്ടോറിയം കാലത്തെ പലിശയിളവിൽ വിധി പറയാനിരിക്കുന്നത് ബാങ്കിങ് , ഫിനാൻസ് ഓഹരികളുടെ  അമിത ചാഞ്ചാട്ടത്തിന്  ഇന്ന് കാരണമായേക്കാം.

സെപ്തംബർ 15 ന്  മുമ്പായി  ഓഹരികളിലെ പ്ലെഡ്ജിങ് ബ്രോക്കർമാർക്ക്  ഒഴിവാക്കേണ്ടിവരുന്നത് കൂടുതൽ എഫ് & ഓ ക്ലോസിങിന് കാരണമാകുമെന്നും കരുതുന്നു.

ഇന്ത്യൻ വിപണി സാധ്യതകൾ 

അമേരിക്കൻ വിപണിസ്വാധീനത്തിൽ ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിൽ വ്യാപാരമാരംഭിച്ചത് ഇന്ത്യൻ സൂചികകളുടെയും ഇന്നത്തെ തുടക്കം പതുക്കെയാവാൻ കാരണമായേക്കാം. 

ദീർഘകാല നിക്ഷേപകർ വിപണിയിൽ  ധൈര്യം കാണിക്കേണ്ട  അവസരമാണിത് . ആദ്യമായി വിപണിയിലിറങ്ങുന്നവർക്കും അനുകൂലസാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.ഐ ടി , ബാങ്കിങ്, ഫാർമ, എഫ് എം സി ജി , ഓട്ടോ, എനർജി  സെക്ടറുകൾ  ശ്രദ്ധിക്കുക. റിലയൻസ് , ഇൻഫോസിസ് , ടി സി എസ് , ബി പി സി എൽ , ലോറസ് ലാബ്സ് , ലുപിൻ . ഡാബർ , ആംബർ എന്റർപ്രൈസസ് മുതലായ ഓഹരികളിലും ശ്രദ്ധ വയ്ക്കുക.

സ്വർണ്ണം, ക്രൂഡ് 

സ്വർണ്ണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1930 ഡോളറിനടുത്താണെന്നത് അടുത്ത കുതിപ്പിനുള്ള ഒരുക്കമാണെന്ന് വിപണി  കരുതുന്നു. ഒപ്പം ക്രൂഡ് വില ബാരലിന് 40 ഡോളർ നിരക്കിൽ നിൽകുന്നത് വിപണിക്ക് അനുകൂലമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com