ADVERTISEMENT

ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ഐപിഒകളോടുള്ള താൽപ്പര്യം അനുദിനം കൂടുന്നു.ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്ത ക്ലോഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം സേവന ദാതാക്കളായ റൂട്ട് മൊബൈൽസ് ഓഹരി 674 രൂപ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. സെപ്തംബർ രണ്ടാം വാരം 365–370 രൂപ നിലവാരത്തിലാണ് ഐപിഒ ഇഷ്യു ചെയ്ത‌ത്. ഡിജിറ്റലൈസേഷൻ രംഗത്ത് മുൻനിരയിലുള്ള കമ്പനി പ്രതി ഓഹരി വില 350 രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. 73 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ഐപിഒ വേളയിൽ ഉണ്ടായിട്ടുള്ളതെന്ന് വിപണി വ‍ൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

നിലവിലിപ്പോൾ ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഐപിഒയ്ക്ക്  ശേഷം വൻ നേട്ടത്തോടെ  കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ഹാപ്പിയെസ്റ്റ് മൈൻഡ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഈ വർഷമാദ്യം ലിസ്റ്റ് ചെയ്ത ഐആർസിടിസി യും മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 

കോവിഡ് പ്രതിസന്ധി അലട്ടുമ്പോഴും നിക്ഷേപകർ എ ഐപിഒയുടെ കാര്യത്തിൽ ആഹ്ലാദത്തിലാണെന്നാണ് വിപണിയിലെ പ്രതികരണം സൂചിപ്പിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന വിധത്തിൽ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ടെക്നോളജി പാർട്ണറായ ചെന്നൈ ആസ്ഥാനമായ കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ്  സർവീസസിന്റെ ഐപിഒ ഇന്നാരംഭിച്ചു .കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ്  സർവീസസിന്റെ  ഓഹരി  അടിസ്ഥാന  വില 1229-1230 രൂപയാണ്. അടുത്ത അഞ്ച്  വർഷത്തേക്ക്  12 -13% വാർഷികവരുമാന വളർച്ചയാണ് കമ്പനി  പ്രതീക്ഷിക്കുന്നത്.

ബറോഡ ആസ്ഥാനമായ കെംകോൺ സ്പെഷ്യലിറ്റി കെമിക്കൽസിന്റെ ഐപിഒയും ഇന്ന് ആരംഭവേളയിൽ തന്നെ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. 65.59 ലക്ഷം ഓഹരികൾ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 1.29 കോടി ഓഹരികളുടെ സബ്സ്ക്രിപ്ഷനുള്ള  അപേക്ഷ ലഭിച്ചു കഴിഞ്ഞു. ലക്ഷ്യമിട്ടതിന്റെ ഏതാണ്ട് രണ്ടിരട്ടിയോളമെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 330-340 രൂപ അടിസ്ഥാനവില പ്രകാരം 320 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. ഐപിഒ 23 ന് അവസാനിക്കും

മറ്റൊരു ആകർഷണമായി മാറിയേക്കാവുന്ന മുന്‍നിര റീട്ടെയില്‍ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ എയ്ഞ്ചല്‍ ബ്രോക്കിങിന്റെ ഐപിഒ നാളെ മുതല്‍ 24 വരെയാണ്. പത്തു രൂപ മുഖവിലയുളള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 305 രൂപ മുതല്‍ 306 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 49 ഓഹരികളും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 600 കോടി രൂപ വരെയുള്ള ഈ ഐപിഒയില്‍ 300 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും 300 കോടി രൂപ വരെയുള്ള പ്രെമോട്ടര്‍മാരുടേയും നിക്ഷേപകരുടേയും വില്‍പനയും ഉള്‍പ്പെടും. 1996 ലാണ് ഏയ്ഞ്ചൽ ബ്രോക്കിങ്ങ് ആരംഭിച്ചത്.   ജൂണിലെ കണക്ക് പ്രകാരം എൻഎസ്ഇ യുടെ ആക്റ്റീവ് അക്കൗണ്ടുകളിൽ 6.3 ശതമാനവും ഇവരുടേതാണ്.

English Summary : IPO is Gaining Attraction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com