നിഫ്റ്റിക്ക് ഇന്ന് 12000 പോയിന്റിന് മുകളിലേക്ക് മുന്നേറാനാകുമോ?

HIGHLIGHTS
  • ഉൽസവകാല സീസൺ വിപണിയിൽ പ്രതീക്ഷ നിറയ്ക്കുന്നു
Mkt
SHARE

അമേരിക്കൻ ഉത്തേജക പാക്കേജിൻമേൽ 24 മണിക്കൂറിനുള്ളിൽ ഒരു തീരുമാനം വരുമെന്ന സ്പീക്കർ നാൻസി പെലോസിയുടെ വാക്കുകൾ വിശ്വസിച്ച അമേരിക്കൻ വിപണിക്ക് ഇന്നലെ മികച്ച തുടക്കമാണ് ലഭിച്ചത്. ചില മികച്ച മൂന്നാം പാദഫലപ്രഖ്യാപനങ്ങളും അമേരിക്കൻ സൂചികകൾക്ക് മികച്ച പിന്തുണയേകി. എന്നാൽ സ്റ്റിമുലസ് പാക്കേജിലെ അനുകൂല തീരുമാനങ്ങൾ വൈകിയത് സൂചികകൾക്ക് വിനയായി. ഡൗ ജോൺസ്‌ സൂചിക ഒരു ശതമാനത്തിന്മേൽ മുന്നേറിയ ശേഷം 0 .40% നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. പാക്കേജിൻമേൽ ഇന്നും ചർച്ച തുടരും. ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കുറഞ്ഞിട്ടുണ്ട് എന്ന വാർത്തയെ തുടർന്ന് ഏഷ്യൻ സൂചികകളെല്ലാം ലാഭത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യൻ സൂചികകളിലും മുന്നേറ്റം തുടർന്നേക്കാം.

നിഫ്റ്റി 

രാജ്യാന്തര വിപണിക്കൊപ്പം ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ടെക് ഓഹരികളിലെ  വാങ്ങലുകളുടെയും, റിയാലിറ്റി, ടെലികോം, കൺസ്യൂമർ ഓഹരികളുടെയും മുന്നേറ്റത്തിൽ 11949 പോയിന്റ് വരെ പോയിട്ട് തിരുത്തലിന് വിധേയമായി. ഇന്നത്തെ ചില ഫലപ്രഖ്യാപനങ്ങൾ വിപണിക്ക് ഇന്നും തുണയാകും. നിഫ്റ്റി 12000 പോയിന്റിന് മുകളിലേക്ക്  മുന്നേറാൻ ശ്രമിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. 11740 -1160, 11650 -11680 പോയിന്റുകളിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ സാദ്ധ്യതകൾ. 24311 ൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകൾ 24100 പോയിന്റും 23880 പോയിന്റുമാണ്. 24600 പോയിന്റിൽ ബാങ്ക് നിഫ്റ്റിയിൽ വില്പന സമ്മർധം അനുഭവപ്പെട്ടേക്കാം. 

രാജ്യാന്തര ഘടകങ്ങൾ വിപണിയിൽ അനുകൂലമാകുമെങ്കിലും, മികച്ച രണ്ടാം പാദഫലങ്ങളുടെ പിന്തുണയും, ഉത്സവകാല പ്രതീക്ഷയും, പുത്തൻ ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്റെ പിൻബലവും ഇന്ത്യൻ വിപണിയെ മുന്നേറാൻ സഹായിക്കും

കമ്പനിഫലങ്ങൾ

ഹിന്ദുസ്ഥാൻ യൂണിലിവർ 8 % വർദ്ധനയോടെ 1967 കോടി രൂപയുടെ അറ്റാദായവും, 15.6% വരുമാന വർദ്ധനവും നേടിയത് എഫ്എംസിജി മേഖലക്ക് അനുകൂലമാണ്. നടപ്പു പാദത്തിൽ ഉപഭോക്തൃ മേഖലക്ക് മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. എൽ&ടി ഇൻഫോ ടെക്കിന്റെ 27 % അറ്റാദായ വർദ്ധന ഐ ടി മേഖലക്ക് മുന്നേറ്റ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റാദായത്തിൽ 7 % കുറവുണ്ടായെങ്കിലും ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഒന്നിന് 21.30 രൂപ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു.ഗ്രാന്യൂൾസും മോശമല്ലാത്ത പ്രവർത്തന ഫലമാണ് പ്രഖ്യാപിച്ചത്.

അൾട്രാ ടെക് സിമെൻറ് , ബജാജ് ഫിനാൻസ് , ബജാജ് ഫിൻസെർവ് , കോൾഗേറ്റ്പാമോലിവ് , ജിഎംഎം ഫോഡ്‌ലെർ , ചെന്നൈ പെട്രോ, ജെ കെ ടയർ , കെ പി ഐ ടി ടെക് , സാസ്‌കൻ ടെക്നോളോജിസ് മുതലായ കമ്പനികൾ ഇന്ന് രണ്ടാം പാദ ഫലം പ്രഖ്യാപിക്കും.

നടപ്പു  പാദത്തിലെ സാധ്യതകൾ 

ഒക്ടോബര് മുതൽ ഡിസംബർ വരെയുള്ള ഉത്സവ സീസൺ സാധരണ ഗതിയിൽ ഓട്ടോ , ഫാഷൻ , എഫ്എംസിജി സെക്ടറുകളുടെ മുന്നേറ്റ കാലമാണ്. ഇത്തവണയും ഓട്ടോ, മെറ്റൽ , ബാങ്കിങ്, ഫാർമ , എഫ് എം സി ജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ് മേഖലകൾക്കൊപ്പം ഇൻഫ്രാ, ഐടി  മേഖലകളും  ലാഭം നേടുമെന്ന് കരുതുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA