ADVERTISEMENT

വിപണിയിൽ ഇപ്പോഴത്തെ ചരിത്ര മുന്നേറ്റം ഉത്തേജകപാക്കേജിന്റെ പിൻബലത്തിൽ ഊന്നിയുള്ളതാണെന്ന് ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അലക്സ് കെ ബാബു പറയുന്നു. വിപണിയുടെ മുന്നേറ്റമെങ്ങനെയായിരിക്കുമെന്നും നിക്ഷേപകർ എന്തു സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. പ്രസക്തഭാഗങ്ങൾ: 

ഓഹരി വിപണിയിൽ ഇതൊരു ചരിത്ര നിമിഷമാണ്.സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ തൊട്ടു. എങ്കിലും നിക്ഷേപകർ ആശങ്കയിലാണ്. ഈ മുന്നേറ്റം നീണ്ടു നിൽക്കുമോ?

സാധാരണ മട്ടിൽ വരാനിരിക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടാണ് വിപണി മുന്നേറുന്നത്. മാർച്ചിൽ കനത്ത തകർച്ച നേരിട്ടപ്പോൾ കോവിഡ് വ്യാപനം, ലോക്ഡൗണ്‍ ഇതെല്ലാം മുന്നിൽ കണ്ടു തന്നെയാണ് വിപണി കൂപ്പ്കുത്തിയത് എന്നോർക്കുക. എന്നാൽ ഇപ്പോഴുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം വിപണിയിലെ (ഇന്ത്യൻ വിപണിയിലെ മാത്രമല്ല, ആഗോള വിപണികളിലെയും) പണ ലഭ്യതയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് എല്ലാ രാജ്യങ്ങളും ജനങ്ങളിൽ പണമെത്തിക്കുന്നതിന് ഉത്തേജക പാക്കേജുകൾക്ക് മുൻഗണന നൽകി. ഇതാണിപ്പോൾ വിപണിയിൽ പണലഭ്യത സുഗമമാക്കുന്നത്. 

റിസർവ് ബാങ്കിന്റെ തുറന്ന വിപണി ഇടപെടൽ നടപടികൾ ഇതിന്റെ ഭാഗമാണ്. അടുത്ത കുറച്ചു കാലത്തേക്കു കൂടി ഈ പിന്തുണ തുടരുമെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടാൽ പിന്തുണ പിൻവലിക്കപ്പെടും. അല്ലെങ്കിൽ വിപണിയിൽ ഉയർന്ന തോതിലുള്ള പണപ്പെരുപ്പം സംഭവിച്ചാലും പെട്ടെന്നു തന്നെ ഈ ഉത്തേജക പാക്കേജുകൾ പിൻവലിക്കപ്പെടാം. പിന്തുണ പിൻവലിക്കപ്പെടുന്നതോടെ വിപണി അടുത്ത തകർച്ച നേരിടേണ്ടി വരും. എനിക്കു തോന്നുന്നത് 2022നു മുമ്പായി ഇതു സംഭവിക്കുമെന്നാണ്. അല്ലെങ്കിൽ അഞ്ചു വർഷം വരെ നീണ്ടുപോകാനും സാധ്യതയുണ്ട്. അതു വരെ സമ്പദ് വ്യവസ്ഥ മുന്നേറ്റ പാതയിലായിരിക്കും. കരുതലോടെയിരുന്നില്ലെങ്കിൽ ഈ അവസ്ഥ തിരിച്ചറിയപ്പെട്ടില്ലെന്നു വരാം. തകർച്ചയ്ക്കു തൊട്ടു മുമ്പേ പിൻമാറാനുള്ള തയാറെടുപ്പോടെ വിപണിയുടെ നേട്ടങ്ങളെടുക്കുകയാണ് ഇപ്പോൾ സ്വീകരിക്കാവുന്ന സമീപനം. 

ഈ അവസ്ഥയിൽ നിക്ഷേപകർ നേട്ടമുണ്ടാക്കാനെന്താണ് ചെയ്യേണ്ടത്?

ഈ അവസ്ഥ നമുക്ക് കൃത്യമായി തിരിച്ചറിയാനാകും. വിപണിയിൽ ഉൽസാഹം പ്രകടമാകും,സമ്പദ് വ്യവസ്ഥ ഇരട്ടയക്കത്തിലേക്കു മുന്നേറിയേക്കാം . എന്നാലിത് പണലഭ്യതയുടെ പിൻബലത്തിലാണെന്ന യാഥാർത്ഥ്യം മനസിലാക്കി വിപണിയുടെ ഓരോ ഇടിവിലും ഓഹരികൾ വാങ്ങുകയാകും നല്ലത്. തകർച്ചയുടെ സൂചന കിട്ടുമ്പോൾ തന്നെ വിപണിയിൽ നിന്നു മാറുകയും വേണം. 

ജോ ബൈഡന്റെ സ്ഥാനാരോഹണവും ദീപാവലിയും ഹ്രസ്വകാലത്തിൽ വിപണിയെ സ്വാധീനിക്കുന്നതെങ്ങനെയായിരിക്കും?

അമേരിക്കൻ ഭരണമാറ്റം ഇന്ത്യയോട് വളരെ നയപരമായ രീതിയിലുള്ള ബന്ധം പുലർത്തുന്ന ഒന്നായിരിക്കും. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന അടുത്ത ഉത്തേജക പാക്കേജ് 3ലക്ഷം കോടി ഡോളർ വരുന്ന ബൃഹത്തായ ഒന്നാണ്. അവർ അത്രയും വൻതുക വിപണിയിലേക്കൊഴുക്കുന്നത് ഇന്ത്യയുൾപ്പടെ ലോക വിപണികൾക്കു തന്നെ നല്ലതാണ്. എന്നു തന്നെയുമല്ല, അനാവശ്യ സംഘർഷങ്ങളും യുദ്ധഭീതിയുമൊക്കെ ഇല്ലാതാകുന്നത് ആഗോള വിപണിയിൽ ചാഞ്ചാട്ടം കുറയ്ക്കാനും സ്ഥിരത കൈവരിക്കാനും സഹായിക്കും.

ദീപാവലിയോടനുബന്ധിച്ചു സംവത് വിപണിയിലും മുന്നേറ്റ സാധ്യതയാണുള്ളത്. ഉപഭോഗവുമായി ബന്ധപ്പെട്ട ഓഹരികൾ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ, റീട്ടെയ്ൽ , ഗ്രാമീണ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഓഹരികൾ എന്നിവയൊക്കെ വാങ്ങാവുന്നവയാണ്. സർക്കാരിന്റെ സാമ്പത്തിക പിന്തുണ കിട്ടുന്ന മേഖലകൾ, ഡിജിറ്റൽ മേഖലകൾ, ടെലികോം എന്നിവയെല്ലാം ഇപ്പോൾ പരിഗണിക്കുന്നത് നന്നായിരിക്കും

English Summary : Be Cautious in Share Market Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com