ADVERTISEMENT

നിക്ഷേപം നടത്താന്‍ പറ്റിയ സമയമാണിത്‌. ദീര്‍ഘകാലത്തില്‍ സമ്പത്ത്‌ വര്‍ധിപ്പിക്കാനും ജീവിത ലക്ഷ്യങ്ങള്‍ നേടാനുമായി ഇപ്പോൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന ചിലമേഖലകളിതാ.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകളുടെ ജനപ്രീതി ഉയര്‍ന്നു വരികയാണ്‌. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ആസ്‌തി വിഭാഗമാണിപ്പോൾ ഇവ.

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട്‌ മേഖല കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ (എയുഎം) നാല്‌ മടങ്ങോളം വര്‍ധന ഉണ്ടായിട്ടുണ്ട്‌ എന്നാണ്‌ അസ്സോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌ ഓഫ്‌ ഇന്ത്യയില്‍ ( ആംഫി) നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. 2020 സെപ്‌റ്റംബര്‍ 30 വരെയുള്ള മൊത്തം ഫോളിയോകളുടെ എണ്ണം 9.33 കോടിയാണ്‌.

നിക്ഷേപം വൈവിധ്യവത്‌കരിക്കുന്നതിനും മൂലധന വിപണിയില്‍ നിന്നും നേട്ടം ഉണ്ടാക്കുന്നതിനുമുള്ള ചെലവ്‌ കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍. വിദഗ്‌ധരായ പ്രൊഷണലുകളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്‌, കുറഞ്ഞത്‌ 500 രൂപയില്‍ നിങ്ങള്‍ക്ക്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം ആരംഭിക്കാം.

∙സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ ( എസ്‌ഐപി ) വഴി , നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള സ്‌കീമുകളില്‍ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാന്‍ കഴിയും.

∙എസ്‌ഐപി ചിട്ടയോടു കൂടി നിക്ഷേപം നടത്താന്‍ സഹായിക്കുക മാത്രമല്ല വിപണിയുടെ ഏതവസ്ഥയിലും അത് തുടരുന്നുവെന്ന്‌ ഉറപ്പാക്കുകയും ചെയ്യും.

∙പത്ത്‌ ശതമാനം വാര്‍ഷിക റിട്ടേണ്‍ വാഗ്‌ദാനം ചെയ്യുന്ന ഒരു ഫണ്ടില്‍ പതിനഞ്ച്‌ വര്‍ഷത്തേക്ക്‌ പ്രതിമാസം 5,000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നത്‌ 20 ലക്ഷം രൂപയ്‌ക്ക്‌ മുകളില്‍ സമ്പാദിക്കാന്‍ സഹായിക്കും. വ്യത്യസ്‌ത നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന തരത്തില്‍ വിവിധ തരം മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാണ്‌. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ തീരുമാനം എടുക്കും മുമ്പ്‌ നിങ്ങളുടെ യഥാര്‍ത്ഥ സാമ്പത്തിക ലക്ഷ്യം എന്താണന്ന്‌ തീര്‍ച്ചപ്പെടുത്തണം.

ഓഹരികള്‍

അടിസ്ഥാനപരമായി ശക്തമായ ഓഹരികളിലെ നിക്ഷേപം ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക്‌ മികച്ച നേട്ടം നല്‍കും. വിപണികള്‍ക്ക്‌ നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ്‌ 2020. എന്നാല്‍, ഇത്തരം ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാനും മടങ്ങിയെത്താനും പ്രാപ്‌തമാണ്‌ ഇന്ത്യന്‍ ഓഹരി വിപണികള്‍. ആകര്‍ഷകമായ വാല്യുവേഷനില്‍ നിരവധി ലാഭകരമായ ഓഹരികളോടെ വിപണികള്‍ അത്ഭുതകരമായി തിരിച്ചെത്തി.

∙ഓഹരി വിപണിയിലെ നീക്കങ്ങള്‍ മനസിലാക്കാനും പിന്തുടരാനും നിങ്ങള്‍ക്ക്‌ കഴിവുണ്ടെങ്കില്‍ സ്വയം നിക്ഷേപം നടത്താം . അതല്ലെങ്കില്‍ ഓഹരി നിക്ഷേപം സംബന്ധിച്ച്‌ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ പരിചയസമ്പത്തും വൈദഗ്‌ധ്യവുമുള്ള ഒരു ബ്രോക്കറുടെ സേവനങ്ങള്‍ തേടുന്നതാണ്‌ ഉചിതം.

∙ദീര്‍ഘകാല സമീപനം സ്വീകരിച്ച്‌ ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണി പ്രതിഫലം നല്‍കാതിരിക്കില്ല . വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കരുത്‌.

∙ചാഞ്ചാട്ടങ്ങളില്‍ വിവേകപൂര്‍വം നിക്ഷേപം തുടര്‍ന്നാൽ ദീര്‍ഘകാലത്തില്‍ സമ്പത്ത്‌ വര്‍ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ( എന്‍പിഎസ്‌)

ഭാവിയിലെ ലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിക്ഷേപ തീരുമാനങ്ങളാണ്‌ യഥാര്‍ത്ഥ സാമ്പത്തിക അഭിവൃദ്ധി നല്‍കുക. നിങ്ങളുടെ ജീവിതത്തിന്റെ സുവര്‍ണകാലം സുരക്ഷിതമാക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നിലനിര്‍ത്താനും സഹായിക്കുന്ന നിക്ഷേപ മാര്‍ഗമാണ്‌ എന്‍പിഎസ്‌. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്‌കീമാണിത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാനും ആസ്‌തി വിഹിതം സംബന്ധിച്ച്‌ സ്വയം തീരുമാനം എടുക്കാനും സ്‌കീം അനുവദിക്കും.

∙60 വയസ്സ്‌ പൂര്‍ത്തിയാകുമ്പോള്‍ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തോളം പിന്‍വലിക്കാം. പെന്‍ഷന്‌ വേണ്ടിയുള്ള ആന്വിറ്റി വാങ്ങുന്നതിനായി ശേഷിക്കുന്ന 40 ശതമാനം നിലനിര്‍ത്തണം. എന്‍പിഎസിന്റെ ചാര്‍ജുകള്‍ കുറവായതിനാല്‍ നേട്ടങ്ങള്‍ ഭൂരിഭാഗവും നിലനിര്‍ത്തുമെന്ന്‌ എന്‍പിഎസ്‌ ഉറപ്പാക്കുന്നു.

∙എന്‍പിഎസ്‌ അക്കൗണ്ട്‌ ഓണ്‍ലൈനായും ഓഫ്‌ലൈനായും തുറക്കാം. എന്‍പിഎസിലെ നിക്ഷേപത്തിന്‌ നിങ്ങള്‍ക്ക്‌ ആദായ നികുതി നിയമം, 1961 80 സി വകുപ്പ്‌ പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും.

∙നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാനും ഭാവി സുരക്ഷിതമാക്കാനും ഇപ്പോൾ വിവിധ സാമ്പത്തിക ആസ്‌തികളില്‍ നിക്ഷേപിച്ച്‌ തുടങ്ങാം.

നിക്ഷേപങ്ങള്‍ പുനപരിശോധിക്കാനും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും അനുയോജ്യമായ സമയം കൂടിയാണിത്‌. ദീര്‍ഘകാലത്തില്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക

English Summary: Know These Investments to Make Money

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com