ജോ ബൈഡനും നിഫ്റ്റിയ്ക്കും തമ്മിലെന്ത്?

HIGHLIGHTS
  • വിപണി ഇന്നും നേട്ടത്തോടെ ആരംഭിച്ചേക്കും
us-politician-joe-biden-campaign
SHARE

കുതിച്ചു പാഞ്ഞ അമേരിക്കൻ സൂചികകൾക്ക് കുതിച്ചുയരുന്ന കോവിഡ് കണക്കുകളും, മോശം റീറ്റെയ്ൽ വില്പന കണക്കുകളും ഇന്നലെ ബ്രേക്ക് നൽകി. വീണ്ടും ബ്രെക്സിറ്റ്‌ അനിശ്ചിതത്വങ്ങൾ ഉടലെടുക്കുന്നത് ബ്രിട്ടീഷ് സൂചികയായ എഫ്ടിഎസ്ഇക്ക് ഇന്നലെ തിരുത്തൽ നൽകി. യൂറോപ്യൻ, അമേരിക്കൻ സൂചികകളിൽ തിരുത്തൽ പ്രതീക്ഷിക്കുന്നു,

ഏഷ്യൻ സൂചികകളിൽ  ഇന്നും ആവേശം തുടരുകയാണ്.  ടോക്കിയോ നഗരം ലോക്ക് ഡൗണിലേക്ക് പോയേക്കുമോ എന്ന ആശങ്ക  ജപ്പാന്റെ  നിക്കി സൂചികക്ക്  മുന്നേറ്റം  നിഷേധിച്ചു. സിങ്കപ്പൂർ നിഫ്റ്റി 0 .55 % നേട്ടത്തോടെ വ്യാപാരം  തുടരുന്നു. ഇന്ത്യൻ  വിപണി ഇന്നും നേട്ടത്തോടെ ആരംഭിക്കുമെന്നു  കരുതുന്നു.

നിഫ്റ്റി@25000

ഒരു ലക്ഷം കോടി കടന്ന ജിഎസ്ടി സമാഹരണവും, ആഭ്യന്തര ചരക്കു നീക്കത്തിലെ കുതിച്ചുകയറ്റവും, ഉയരുന്ന വ്യവസായികോല്പാദന സൂചികയും പിഎംഐ ഡേറ്റയും, ഉയരുന്ന വാഹന വില്പനയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നു.  ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയുന്നതും, വിദേശ നാണ്യശേഖരം ഉയരുന്നതുമെല്ലാം ഇന്ത്യൻവിപണിക്ക് ശക്തമായ അടിത്തറയാണിടുന്നത്. എല്ലാറ്റിനുമുപരി രണ്ടാംപാദത്തിലെ മികച്ച പ്രവർത്തനഫലങ്ങളാണ് വിദേശധനകാര്യസ്ഥാപനങ്ങളുടെ പ്രിയപ്പെട്ട നിക്ഷേപസങ്കേതമായി ഇന്ത്യൻ വിപണിയെ മാറ്റിയത് . ഇന്നലെയും അധികമായൊഴുകിയ 4905 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിക്ക് റെക്കോർഡ് ഉയരം നൽകിയത്. അമേരിക്കൻ ഫണ്ടുകൾ അമേരിക്കയ്ക്ക് പുറത്ത് താവളം തേടുന്നത് തുടർന്നാൽ  ജോ ബൈഡന്റെ പ്രസിഡന്റ് കാലാവധി കഴിയും മുൻപ്  നിഫ്റ്റി 25000 പോയിന്റ് മറികടക്കുമെന്ന് തന്നെ വിശ്വസിക്കുന്നു.

സെൻസെക്സ്  44161 പോയിന്റ് എന്ന പുത്തൻ റെക്കോർഡ് ഉയരം നേടിയ ശേഷം 43952 പോയിന്റിലും, നിഫ്റ്റി 12934 എന്ന പുതിയ ഉയരം നേടിയ ശേഷം 12874 പോയിന്റിന്റെ റെക്കോർഡ് ക്ലോസിങ് സ്വന്തമാക്കി.  ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, റിയാലിറ്റി, ഓട്ടോ മേഖലകളാണ് ഇന്നലെ വിപണിക്ക് തുണയായത്. മെറ്റൽ, ഓട്ടോ, റിയാലിറ്റി മേഖലകൾ ഇനിയും മുന്നേറിയേക്കാം. വിദേശഫണ്ടുകളുടെ ഇന്ത്യൻ വിപണി തേടിയുള്ള ഒഴുക്ക് തുടരുന്ന കാലമത്രയും ഇന്ത്യൻ ബാങ്കിങ്, ഫിനാഷ്യൽ ഓഹരികളും മുന്നേറ്റം തുടരും. 

ഗോൾഡ്‌മാൻ സാക്‌സ് 

നേരത്തെ 2020-2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 14.8% ചുരുങ്ങുമെന്ന് പ്രഖ്യാപിച്ച ഗോൾഡ്‌മാൻ സാക്‌സ് 10% ത്തിനടുത്ത് മാത്രമായിരിക്കും ഇന്ത്യയുടെ ജിഡിപി വീഴ്ച എന്ന് തിരുത്തിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.

ആർസിഇപി 

ചൈനയടക്കമുള്ള 15 അയൽ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണ കരാറിൽ (റീജിയണൽ കോംപ്രീഹെൻസീവ് ഇക്കോണമിക് പാർട്ണർഷിപ്) നിന്നും  ഇന്ത്യ പിൻമാറിയത് ഇന്ത്യൻ ഉല്പാദന മേഖലക്ക് അനുകൂലമാണ്. ടയർ, ഇലക്ട്രോണിക്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ടെക്സ്റ്റൈൽ  മേഖലകൾക്ക് അനുകൂലമാണ്. 

ചൈനീസ് ഉല്പാദന മുന്നേറ്റം 

ചൈനയുടെ ഒക്ടോബറിലെ ഫാക്ടറി ഉത്പാദനം മുൻ വർഷത്തിൽ നിന്നും 6.9% മുന്നേറിയത്  ആഗോളവിപണിക്ക് തന്നെ അനുകൂലമാണ്. ചൈനയിൽ ഉല്പാദനപ്രക്രിയകൾ മുന്നേറുന്നത് ഇന്ത്യൻ ലോഹ ഓഹരികൾക്ക് പ്രത്യേകിച്ചും അനുകൂലമാണ്. നിഫ്റ്റി മെറ്റൽ സൂചിക ഇന്നലെ 2.5% മുന്നേറി. ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ, എൻഎംഡിസി, സെയിൽ മുതലായവ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. മുൻപാദത്തിൽ നിന്നും അറ്റാദായത്തിൽ വൻ മുന്നേറ്റം നേടിയ ടാറ്റ സ്റ്റീലിന് 650 രൂപക്ക് മുകളിലാണ് ലക്ഷ്യവില. 

ലക്ഷ്‌മി വിലാസ് ബാങ്ക്

സാമ്പത്തിക പ്രതിസന്ധിയിൽപെട്ട ലക്ഷ്മിവിലാസ് ബാങ്കിന് അടുത്ത ഒരു മാസത്തേക്ക് ആർബിഐ മോറട്ടോറിയം ഏർപ്പെടുത്തുകയും സിംഗപ്പൂർ  ആസ്ഥാനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിൽ ലയിപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തത്‌ ഇന്ത്യൻ വിപണിക്ക് തന്നെ അനുകൂലമാണ്. ഡിസംബർ 16 വരെ നിക്ഷേപകർക്ക് ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുക 25000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 

ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷത്തിൽ നിന്നും 95% വരെ വില്പന മുന്നേറ്റമാണ് ഈ മാസം സ്വന്തമാക്കി കൊണ്ടിരിക്കുന്നത് എന്ന വാർത്ത ഇന്നലെ ഓഹരിക്ക് വൻ മുന്നേറ്റം നൽകി. ടാറ്റ കാറുകളുടെ  ബ്രാൻഡ് വാല്യൂ ഉയരുന്നത് ഓഹരിക്ക് അതിദീർഘകാല സാദ്ധ്യത നൽകുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ജെഎൽആർ വില്പന ത്വരിതപ്പെടുത്തുമെന്നതും ഓഹരിക്ക് അനുകൂലമാണ്. ഓഹരി ഡിസംബറിൽ തന്നെ 220 രൂപ നിരക്കിലെത്തിയേക്കാം.  

സ്വർണം

സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 1850 ഡോളറിന് മുകളിൽ ക്രമപ്പെടുന്നത് അനുകൂലമാണ്. കോവിഡ് വാക്‌സിൻ വിജയങ്ങൾ  ഇനിയും സ്വർണത്തെ വീഴിച്ചേക്കില്ല. പണപ്പെരുപ്പവും, തുടർന്നുള്ള കറൻസി വിലയിടിവും ഹെഡ്ജ്ചെയ്യാൻ സ്വർണം തന്നെ വേണ്ടിവരുമെന്നതും മഞ്ഞലോഹത്തിന് അനുകൂലമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA