ADVERTISEMENT

കോവിഡിനിടയിലും വജ്രത്തോട് അനുഭാവം ഏറുന്നുണ്ടെന്ന് ഡയമണ്ട് ഇൻസൈറ്റ് റിപ്പോർട്ട് (2020) സൂചിപ്പിക്കുന്നത്. എന്നിട്ടും വജ്രത്തെ ഒരു നിക്ഷേപമാർഗമായി പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത. 

എന്ത് കൊണ്ട് നിക്ഷേപിക്കുന്നില്ല?

1. സ്വര്‍ണത്തിന്റേത് പോലെ ഏകീകൃതമായ വില നിശ്ചയിക്കുവാനുള്ള  സംവിധാനം ഇല്ലാത്തതാണ് വജ്രത്തിൽ നിന്നും നിക്ഷേപകർ അകന്ന് നിൽക്കുന്നതിനുള്ള പ്രധാന കാരണം. സോളിറ്റെയർ വിഭാഗത്തിൽപ്പെടുന്ന വജ്രങ്ങളുടെ വില റാപപോർട്ട് എന്നൊരു സ്വതന്ത്ര സ്ഥാപനം കാലങ്ങളായി നിശ്ചയിച്ച് വരുന്നുണ്ടെങ്കിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

2. ഏകീകൃത വില ഇല്ലാത്തത് കൊണ്ട് തന്നെ വജ്രത്തിന് പലയിടങ്ങളിലും പല വിലയാണ്. വിലയിലുള്ള ഈ വ്യതിയാനം നിക്ഷേപകരെ വജ്രത്തിൽ നിന്നും അകറ്റി നിർത്തി.

3. വജ്രത്തെക്കുറിച്ചുള്ള അജ്ഞതയും നിക്ഷേപകർ അകന്ന് നിൽക്കാൻ കാരണമാകുന്നുണ്ട്. സ്വർണ്ണത്തിന്റെ കാര്യമെടുത്താൽ 916 ഹാൾമാർക്കും മാറ്റും മാത്രം നോക്കി സാധാരണക്കാരന് വാങ്ങാനാകും. എന്നാൽ വജ്രത്തിലാകട്ടെ, തൂക്കം (carrot), ആകൃതി (cut), നിറം (color), പരിശുദ്ധി (clarity) എന്നിങ്ങനെ നാല് ‘C’ കളാണ് വജ്രത്തിന്റെ വിലയും ഗുണനിലവാരവും നിശ്ചയിക്കുന്നത്. ആഭരണമെന്ന നിലയിൽ വജ്രം വാങ്ങുന്ന ഉപഭോക്താവ് ഇതിനെക്കുറിച്ച് ബോധവാനാകേണ്ടതില്ലെങ്കിലും നിക്ഷേപകൻ ഇതൊന്നുമറിയാതെ വാങ്ങുന്നത് പോക്കറ്റിന് ഗുണം ചെയ്‌തെന്ന് വരില്ല. ഈ അറിവ് നേടിയെടുക്കാനുള്ള അവസരങ്ങളും കുറവാണ്. 

4. വജ്രത്തിന്റെ വിൽപ്പനയാണ് മറ്റൊരു കീറാമുട്ടി. വാങ്ങിയ കച്ചവടക്കാരന് തന്നെ വിറ്റാൽ മാത്രമേ ഉപഭോക്താവിന് ന്യായവില ലഭിക്കുകയുള്ളൂ. 

5. വജ്രത്തെ ചുറ്റിപ്പറ്റിയുള്ള കെട്ട്കഥകളാണ് മറ്റൊരു വില്ലൻ. വജ്രത്തിന് മൂല്യശോഷണം സംഭവിക്കുമെന്ന് വരെ ഗൂഗിൾ കഥകളുണ്ട്. 

നിക്ഷേപതന്ത്രം

ദീർഘകാല നിക്ഷേപകർക്ക് മാത്രമാണ് വജ്രം അനുയോജ്യമായിട്ടുള്ളത്. നിലവിൽ സ്വർണ്ണത്തിന് പകരക്കാരനായി വജ്രത്തെ പരിഗണിക്കാനാവില്ലെങ്കിലും വരും വർഷങ്ങൾ വജ്രത്തിന്റെത് കൂടിയാകുമെന്നാണ് വിദഗ്ദാഭിപ്രായം. ഭാഗ്യാന്വേഷികളായ നിക്ഷേപകർക്ക് ദീർഘകാല നിക്ഷേപമെന്ന നിലയിൽ വജ്രം മികച്ച നിക്ഷേപമാർഗ്ഗമാണ്. നിക്ഷേപത്തിനിറങ്ങുന്നതിനു മുൻപ് വജ്രത്തെക്കുറിച്ചും മറ്റ് അനുബന്ധ രത്നങ്ങളെക്കുറിച്ചും കഴിയാവുന്നത്ര പഠിച്ചിരിക്കണം. വിദഗ്ധരുടെ ദൗർലഭ്യം കാരണമായി ഇതത്ര എളുപ്പമല്ല. 

വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

1. വജ്രത്തിന്റെ വാങ്ങൽ അതീവശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മിക്ക വജ്രവ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ പക്കൽ നിന്നും വാങ്ങിയ വജ്രങ്ങൾ മാത്രമേ വിപണി വിലയിൽ തിരിച്ചെടുക്കാറുള്ളു. ഇതിൽ തന്നെ പലരും വിപണിവിലയുടെ 90 ശതമാനമോ 80 ശതമാനമോ ഒക്കെയാകും നൽകുക. ടാറ്റ തനിഷ്‌ക് പോലെ ചുരുക്കം ചില സ്ഥാപനങ്ങൾ വിപണിവിലയുടെ 100 ശതമാനത്തിനും തിരിച്ചെടുക്കുന്നുണ്ട്. തിരിച്ചെടുക്കൽ നയത്തെക്കുറിച്ച് പൂർണ്ണമായി പഠിച്ചതിനു ശേഷം വേണം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കാൻ.

2. ഏകീകൃത വില ഇല്ലാത്തത് കൊണ്ട് തന്നെ പല സ്ഥാപനങ്ങളും പല വിലയാകും ഈടാക്കുക. വജ്രത്തിന് ഈടാക്കുന്ന വില ന്യായമാണോയെന്ന് ഉറപ്പ് വരുത്തുക.

3. സ്വർണ്ണത്തിൽ നിന്നും വ്യത്യസ്തമായി വജ്രം വാങ്ങുമ്പോൾ ഗുണനിലവാരവുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടതുണ്ട്. രേഖകൾ പഴുതുകളില്ലാത്തതാണെന്ന് ഉറപ്പ് വരുത്തുക.

4. വജ്രത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു സ്വതന്ത്ര ലബോറട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ അത്യാവശ്യമാണ്. GIA, AGSL, EGL, IGL, HRD തുടങ്ങിയ സുതാര്യമായ സാക്ഷ്യപ്പെടുത്തലുകൾ നടത്തുന്ന ലാബോറട്ടറിയാണ് വജ്രം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക.

5. വജ്രവിപണി ഇന്ത്യയിൽ അത്രമേൽ പിടിമുറുക്കിയിട്ടില്ലാത്തതിനാൽ ഈ മേഖലയിൽ വൈദഗ്ദ്യമുള്ളതും ബ്രാൻഡ് മൂല്യമുള്ളതുമായ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം.

(ലേഖകർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകരാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com