ADVERTISEMENT

കോവിഡ് വാക്സിനുകളുടെ ഇയുഎ (എമർജൻസി യൂസ് ഓതറൈസേഷൻ)  അമേരിക്കൻ വിപണിക്ക് ഈ ആഴ്ച രക്ഷയാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും അതിനും മുൻപ് തന്നെ കോവിഡ് വ്യാപനഭീതിയിൽ കൂടുതൽ അമേരിക്കൻ, യൂറോപ്യൻ  നഗരങ്ങൾ  ലോക്ക്ഡൗണിലേക്ക് പോയേക്കാവുന്നതും വിപണിയുടെ ആശങ്കയാണ്. അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപനങ്ങൾ ജനുവരിക്കപ്പുറം നീണ്ടു പോയേക്കുമെന്നതും  വിപണിയുടെ മുന്നേറ്റശ്രമങ്ങൾക്ക് തിരിച്ചടിയാകും.  

ഇന്ന്  ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.30% ലാഭത്തിലാണ് വ്യാപാരം നടക്കുന്നത്, കൂടാതെ ഏഷ്യൻ സൂചികകളെല്ലാം തന്നെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. കൊറിയയുടെ കോസ്‌പി ഇൻഡക്‌സിന് 1.50% മുന്നേറ്റം നൽകി.സിഗപ്പൂർ നിഫ്റ്റിയും അര ശതമാനം നേട്ടത്തോടെയാണ് ആരംഭിച്ചത്. ഇന്ത്യൻ സൂചികകളും ഇന്ന് മുന്നേറ്റത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.    

കോവിഡ് ഉന്മൂലനം 

കോവിഡ് വാക്സിൻ ഉപയോഗിക്കാനുള്ള അമേരിക്കൻ എഫ് ഡിഎയുടെ അടിയന്തിര അനുവാദത്തിനായി  വെള്ളിയാഴ്ച  ഫൈസർ അപേക്ഷ സമർപ്പിച്ചു. ഡിസംബർ പതിനൊന്നോട് കൂടി നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും, യുഎസ് ഫുഡ് & ഡ്രഗ്‌സ്  അഡ്മിനിസ്‌ട്രേഷന്റെ അനുവാദം ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് ഉന്മൂലനപരിപാടി അമേരിക്കയിൽ ആരംഭിക്കുമെന്ന എഫ് ഡിഎയുടെ പ്രസ്താവന വിപണിയിൽ ചലനം സൃഷ്‌ടിച്ചേക്കും. എങ്കിലും വൈറസ് വീണ്ടും ഘടനപരമായ മാറ്റം നേടി കൂടുതൽ വ്യാപനം  നടത്തിയേക്കാമെന്നും മറ്റുമുള്ള പുത്തൻ ആശങ്കകളും വിപണി പ്രതീക്ഷിക്കുന്നുണ്ട്.

നിഫ്റ്റി 

കൂടുതൽ ഇന്ത്യൻ നഗരങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഡൽഹി, രാജസ്ഥാൻ , മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചൽ മുതലായ സംസ്ഥാനങ്ങൾ കൂടുതൽ  നിയന്ത്രണങ്ങൾ ഏർപെടുത്തിയത്  കോവിഡ് വ്യാപനം കുറച്ചേക്കും. വിലയേറിയ അമേരിക്കൻ വാക്സിനുകൾക്ക് പുറമെ റഷ്യയുടെ സ്പുട്നിക് വാക്സിനും ഇന്ത്യയുടെ പ്രതീക്ഷയാണ്. 

നിഫ്റ്റി പുതിയ  ഉയരങ്ങൾ തേടും മുൻപ് ആരോഗ്യപരമായ തിരുത്തലിന് വിധേയമായേക്കുമെന്നും കരുതുന്നു. അധിക വിലവർധന നേടിയ ഓഹരികൾ അടുത്ത അവസരത്തിൽ സ്വയം തിരുത്തിയേക്കാം. 12950 പോയിന്റ്  നിഫ്റ്റിയുടെ ശക്തമായ റെസിസ്റ്റൻസ് ലെവലാണ്. 13150 പോയിന്റായിരിക്കും നിഫ്റ്റിയുടെ അടുത്ത ശക്തമായ കടമ്പ. 12750 , 12500-12550  ലെവലുകളിൽ നിഫ്റ്റിക്ക് പിന്തുണ ലഭ്യമാകും. 

30000 പോയിന്റ് പിന്നിട്ട് കഴിഞ്ഞാൽ ബാങ്ക് നിഫ്റ്റിയുടെ അടുത്ത കടമ്പ 30900 പോയിന്റിലായിരിക്കും. എസ്ബിഐ , ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക്മുതലായ ബാങ്കുകളും, ബജാജ് ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ്, എൽ & ടി ഫിനാൻസ് തുടങ്ങിയ ബാങ്കിതര ഓഹരികളും ശ്രദ്ധിക്കുക.

എഫ് & ഓ ക്ലോസിങ്

എഫ് & ഓ ക്ലോസിങ് ഈ ആഴ്ചയുടെ അവസാന ദിനങ്ങൾ വലിയ ചാഞ്ചാട്ടങ്ങളുടേതാക്കി മാറ്റും. ലാഭമെടുക്കലുകളും, ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളിലെ അധികവാങ്ങലുകളും വിപണിയിൽ ചുഴികൾ തീർത്തേക്കാം. വിപണിയിൽ ലാഭമെടുക്കാൻ മറക്കാതിരിക്കാം.

ബാങ്കിങ് മേഖല നവീകരണം 

പൊതു മേഖല ബാങ്കുകളുടെ പ്രവർത്തന ശൈലിയിലും, ഓഹരി പങ്കാളിത്തത്തിലും അടിമുടി മാറ്റം കൊണ്ട് വരുന്നതിനായുള്ള ചർച്ചകൾക്കൊപ്പം സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥതയിലും ഓഹരി പങ്കാളിത്തത്തിലും കൂടുതൽ മാറ്റങ്ങൾ ആർബിഐ വിഭാവനം ചെയ്യുന്നതും 50000 കോടി രൂപക്ക് മേൽ ആസ്തിയുള്ള ബാങ്കിതര സ്ഥാപനങ്ങൾക്ക് ബാങ്കിങ് ലൈസൻസ് നൽകുന്നത് പരിഗണിക്കുന്നതും ഇന്ത്യൻ ബാങ്കിങ് മേഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുക തന്നെ ചെയ്യും. ബജാജ് ഫൈനാൻസ് , മുത്തൂറ്റ് ഫൈനാൻസ് പോലുള്ള സ്ഥാപനങ്ങൾക്ക് ബാങ്കിങ് ലൈസൻസ് ലഭിച്ചേക്കാവുന്നത് ഇന്ത്യയിൽ ‘’അടുത്ത തലമുറ’’ ബാങ്കുകളുടെ ആവിർഭാവത്തിനു തന്നെ കാരണമായേക്കാം.   

പൊതു മേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ്ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് സിന്ധ് ബാങ്ക് എന്നിവയും  പ്രത്യേകം ശ്രദ്ധിക്കാം. മോറട്ടോറിയം പലിശ കേസിൽ കോടതി ഈ ആഴ്ചയും സർക്കാരിന്റെ വാദം  കേൾക്കുന്നത് ബാങ്കിങ് ഓഹരികൾ വിപണിയുടെ  ശ്രദ്ധ കവരാൻ കാരണമാകും. 

ശക്തമാകുന്ന രൂപ

രൂപയുടെ മൂല്യം ഉയരുന്നത് ഇന്ധന വിപണിക്ക് ഗുണകരമാണ്. ഇന്ത്യയിലേക്കുള്ള അമേരിക്കൻഫണ്ടുകളുടെ ഒഴുക്കാണ് രൂപക്ക് കഴിഞ്ഞ ആഴ്ച 45 പൈസയുടെ മുന്നേറ്റം രൂപക്ക് സമ്മാനിച്ചത്. ഈയാഴ്ചയും രൂപ ഡോളറിനെതിരെ ശക്തിപ്പെട്ടേക്കാം. ചൈനയുടെ ഡോളർ വില്പനയും തുടരുകയാണ്. ഇന്ത്യയുടെ ഫോറെക്സ് റിസർവും റെക്കോർഡ് ഉയരത്തിലാണ്. നവംബർ   ഇരുപത് വരെയുള്ള പുതിയ കണക്കുകൾ  വെള്ളിയാഴ്ച  പുറത്തു വരും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com