ഈ പ്രതീക്ഷകൾ വിപണിയെ നയിക്കുമോ

HIGHLIGHTS
  • ഓട്ടോ, മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്കുകൾ, സിമന്റ്, റിയൽറ്റി ഓഹരികൾ ഇന്ന് ശ്രദ്ധിക്കുക
Bull
SHARE

അമേരിക്കൻ വിപണിയിൽ അവധി ദിനമായിരുന്ന ഇന്നലെ ഏഷ്യൻ വിപണികൾ കൈവരിച്ച‌ നേട്ടം തുടരാൻ യൂറോപ്യൻ വിപണിക്കായില്ല. അമേരിക്കൻ വിപണിയിൽ ഭാഗിക അവധിയാണെന്നത് വ്യാപാരത്തോത് കുറച്ചേക്കും.‘’താങ്ക്സ് ഗിവിങ്’’ ആഘോഷങ്ങൾക്ക് പിന്നാലെ അമേരിക്കൻ വിപണിയിൽ ക്രിസ്മസ് ആലസ്യം കടന്നു വരുന്നത് ലോക വിപണിക്ക് ക്ഷീണമായേക്കും. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ജനുവരി ഇരുപത് വരെ ലോക വിപണി ഒരു കൺസോളിഡേഷനിലേക്ക്‌ നീങ്ങിയേക്കാം. 

ഏഷ്യൻ വിപണികളുടെ  ഇന്നത്തെ മുന്നേറ്റ ശ്രമം ഇന്ത്യൻ വിപണിക്കനുകൂലമാണ്. സിംഗപ്പൂർ നിഫ്റ്റി ഫ്യൂച്ചർ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യയിൽ നിഫ്റ്റി ഇന്ന് 13000 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചേക്കാം. ഇന്ത്യൻ വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം പാദഫലപ്രഖ്യാപനങ്ങൾക്ക് മുൻപായി ഒരു നിക്ഷേപാവസരം വിപണിയിലൊരുങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

നിഫ്റ്റി

പ്രതീക്ഷിച്ചിരുന്നത് പോലെ ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം മെറ്റൽ ഓഹരികളുടെയും, ബാങ്കിങ് ഓഹരികളിൽ ഉച്ചക്ക് ശേഷം വന്ന വാങ്ങലിന്റെയും പിൻബലത്തിൽ നിഫ്റ്റി വീണ്ടും 13000 പോയിന്റിന് തൊട്ടടുത്ത് വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകരുടെ 2027 കോടി രൂപയുടെ അധിക നിക്ഷേപവും വിപണിക്ക് ഊർജ്ജം നൽകി. ഇന്നും വിദേശ നിക്ഷേപകരുടെ സാന്നിധ്യം വിപണി പ്രതീക്ഷിക്കുന്നു. 

12770 പോയിന്റിൽ  നിഫ്റ്റിക്ക് ശക്തമായ വിപണി പിന്തുണയുണ്ട്, ഇന്നും വിപണിയിൽ സാങ്കേതികമായി കാളകൾക്ക് മുൻതൂക്കം ലഭിക്കും. 13000 പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ വീണ്ടും 13150 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 13350 ലേക്ക് നിഫ്റ്റി പോവാതിരിക്കണമെങ്കിൽ രാജ്യാന്തര വിപണിയിലെ തിരുത്തൽ അതിശക്തമായിരിക്കണം. 

ഓട്ടോ, മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്കുകൾ, സിമന്റ്, റിയൽറ്റി ഓഹരികൾ ഇന്നും ശ്രദ്ധിക്കുക. ലോറസ് ലാബ്സ്, വേദാന്ത, ഇൻഡിഗോ, ലുപിൻ, ഡിഎൽഎഫ്, ടാൻല പ്ലാറ്റ് ഫോംസ്, എൻടിപിസി, മുത്തൂറ്റ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, എൽ& ടി ഫിനാൻസ് മുതലായ ഓഹരികൾ ശ്രദ്ധിക്കാം. 

ഇസിഎൽജിഎസ് 2.0

ലോക്ക്ഡൗൺമൂലം ഏറ്റവും തകർച്ചനേരിട്ട 26 മേഖലകൾക്ക് പണലഭ്യത ഉറപ്പുവരുത്തുന്നതിനായി എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം 2.0 വിഭാവനം ചെയ്തത് റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ അടക്കമുള്ള മേഖലകൾക്കും ചെറുകിട വ്യവസായങ്ങൾക്കും അനുകൂലമാണ്. 

ഫെബ്രുവരി 29ന് 50 കോടിമുതൽ 500 കോടിവരെ കടബാധ്യതയുണ്ടായിരുന്ന കമ്പനികൾക്ക് ഒരുവർഷത്തെ മോറട്ടോറിയത്തോട് കൂടി ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നതിനാൽ ബാങ്കുകൾക്കും ഇതനുകൂലമാണ്. 3 ലക്ഷം കോടിരൂപ വിപണിയിലിറങ്ങുമെന്നതും തിരിച്ചടവുകളും, അസംസ്കൃത വസ്തുക്കളുടെ വാങ്ങലും മറ്റും നടക്കുന്നതും, തൊഴിലാളികൾക്ക് ശമ്പള ബാക്കി ലഭിക്കുന്നതും സമ്പദ് ഘടനയെ ശക്തിപ്പെടുത്തും.

എൻപിസിഐ

നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ പേടിഎം, ഫോൺ പേ, ഗൂഗിൾ പേ, ആമസോൺ പേ അടക്കം 19 പുതിയ ഓഹരിയുടമകളെ കൂടി ഉൾക്കൊണ്ടത്  ഇന്ത്യൻ ബാങ്കിങ്ങിന്റെ അടിമുടി കോർപറേറ്റ് വൽക്കരണത്തിന്റെയും, പുതുതലമുറ ബാങ്കിങ് ശൈലി കൈവരിക്കുന്നതിന്റെ തുടക്കവുമാണെന്ന് കരുതുന്നു. പേയ്മെന്റ് പ്ലാറ്റുഫോമുകൾ പൊതുമേഖല ബാങ്കുകളുടെ ഓഹരികളിൽ ആകൃഷ്ടരാണ്. പൊതുമേഖല ബാങ്കിങ് ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

സിഎസി

ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടിബിലിറ്റിയെ ഒരു ‘ഇടപാടായിട്ടല്ല  ഒരു പ്രക്രിയയായിട്ടാണ്  കാണുന്നത് എന്ന ആർബി ഐ ഗവര്‍ണരുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യയിലേക്കുള്ള ധനാഗമനവും, നിർഗമനവും വളരെ വേഗതയിലാക്കുന്നത് വിപണിക്ക്  അനുകൂലമാണ്.   സാമ്പത്തിക  ശക്തികളുടെ  മുഖമുദ്രയായ ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടിബിലിറ്റി ഇന്ത്യയും സ്വീകരിക്കുന്നത് 1990 കളുടെ അവസാനത്തിൽ താരാപ്പൂർ കമ്മിറ്റിയെ തുടർന്ന് തുടങ്ങി വെച്ച നടപടികളുടെ പിന്തുടർച്ചയാണ്. വിപണിയിലേക്കും തിരിച്ചും വിദേശ ഫണ്ടുകളുടെ യാത്ര സുഗമമാക്കുന്നത് കൂടുതൽ  വിദേശ പണം ഇന്ത്യൻ വിപണിയിലെത്തിക്കും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary: How the Equity Market will Move Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA