പ്രതീക്ഷ നൽകി ലോഹ ഓഹരികൾ

HIGHLIGHTS
  • എൻഎംഡിസി, സെയിൽ, വേദാന്ത, ഹിന്ദ് സിങ്ക് മുതലായവ ശ്രദ്ധിക്കുക
Bull
SHARE

കോവിഡ് വ്യാപന വാർത്തകൾക്കപ്പുറം കോവിഡ് വാക്സിൻ വിജയകഥകളും, സ്റ്റിമുലസ് പാക്കേജ് ചർച്ചകളും ചേർന്ന് അമേരിക്കൻ വിപണിക്ക് അനുകൂല സമയമൊരുക്കുന്നത് ഇന്ത്യൻ വിപണിക്കും മുന്നേറ്റം നൽകിയേക്കും. എങ്കിലും തുടർച്ചയായ നാലാം ദിവസവും അമേരിക്കയിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 2 ലക്ഷം കടന്നതും, കാലിഫോർണിയ അടക്കമുള്ള നഗരങ്ങൾ ഇന്ന് മുതൽ ലോക്ക് ഡൗണിലാകുന്നതും വിപണിക്ക് ക്ഷീണമാണ്. ഹോസ്പിറ്റലുകൾ മതിയാവാതെ വരുന്ന സാഹചര്യം വിപണിയിൽ തിരുത്തൽ കൊണ്ട് വന്നേക്കാം.  

ഡൗ ഫ്യൂച്ചർ നേരിയ നഷ്ടത്തിൽ വ്യാപാരം തുടരുന്നതും, ഏഷ്യൻ വിപണികളുടെ മോശം തുടക്കവും ഇന്ത്യൻ വിപണിക്കും ആശങ്കയാണ്. സിങ്കപ്പൂർ  നിഫ്റ്റി ഒരു ശതമാനത്തിനടുത്തും, ഹോങ്കോങ് സൂചിക ഒരു ശതമാനത്തിനടുത്ത് നഷ്ടത്തോടെയുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റി ഇന്ന് നഷ്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് കരുതുന്നു.    

നിഫ്റ്റി

അമേരിക്കൻ വിപണിയുടെ സ്വാധീനത്തെക്കാൾ അമേരിക്കൻ ഫണ്ടുകളുടെ സ്വാധീനത്തിലാണ് ഇപ്പോൾ ഇന്ത്യൻ വിപണി. ഇന്നും വിപണി താളം കണ്ടെത്തുന്നത് വിദേശ ഫണ്ടുകളുടെ പിൻബലത്തിലായിരിക്കും.

കഴിഞ്ഞ ഒരു മാസം കൊണ്ട്  8% ത്തിന് മുകളിൽ മുന്നേറ്റം നേടി, 13280 പോയിന്റ്‌ എന്ന പുതിയ റെക്കോർഡിട്ട ശേഷം വെള്ളിയാഴ്ച 13250 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഈയാഴ്ച 13500 പോയിന്റിലേക്കുള്ള യാത്ര തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 13100 പോയിന്റിൽ നിഫ്റ്റിക്ക് മികച്ച പിന്തുണ ലഭ്യമാകും. സെൻസെക്‌സും ബാങ്ക് നിഫ്റ്റിയും 5000 പോയിന്റുകൾ വീതം പിന്നിടാൻ ഒരു മാസം സമയം മാത്രമാണെടുത്തത്. അടുത്ത രണ്ടു മാസങ്ങൾ കൊണ്ട് ബാങ്ക് നിഫ്റ്റി 35000 പോയിന്റും, സെൻസെക്സ് 50000 പോയിന്റും പിന്നിടുമെന്നും കരുതുന്നു. 

ഈയാഴ്ച  പ്രസിദ്ധീകരിക്കുന്ന ഐഐപി ഡേറ്റ ഇന്ത്യൻ വിപണിയുടെ അടുത്ത രണ്ടാഴ്ചകളിലെ ഗതി നിർണയിക്കും. ‘റെക്കോർഡ്’ മൂന്നാം പാദ ഫല പ്രഖ്യാപനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നത് അടുത്ത തിരുത്തലിന്റെ ആഘാതം കുറച്ചേക്കാം. വിപണിയിലെ അടുത്ത തിരുത്തൽ മികച്ച അവസരമാണ്. മൂന്നാം പാദ ഫലപ്രഖ്യാപനം മുന്നിൽ കണ്ട് വിപണിയിൽ നിക്ഷേപം തുടരുക.

ആർബിഐ നയാവലോകനം 

ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും, ആഭ്യന്തര ഉല്പാദന വളർച്ചാ ശോഷണവും  കണക്കിലെടുത്ത് അടിസ്ഥാന  വായ്പ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചതും, അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി ‘വളർച്ച’ പ്രഖ്യാപിച്ചതും  വിപണിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾ മുന്നേറ്റം തുടർന്നേക്കാം. രാജ്യാന്തര വിപണിയിൽ നിന്നും ഇന്ത്യയിലേക്കൊഴുകുന്ന പണവും, മെച്ചപ്പെടുന്ന ‘’ബാലൻസ് ഓഫ് ട്രേഡ് “ പിന്തുണയിൽ കുമിഞ്ഞു കൂടുന്ന വിദേശ പണവും ഇന്ത്യൻ സമ്പത് ഘടനയുടെ നട്ടെല്ലായേക്കാം.

ലോഹ ഓഹരികൾ

മാർച്ചിലെ വിപണിയുടെ വീഴ്ചക്ക്  ശേഷം ഇന്ത്യൻ  ലോഹ മേഖല അതിശക്തമായ മുന്നേറ്റമാണ് നടത്തിയത്.  ജിൻഡാൽ സ്റ്റീൽ കഴിഞ്ഞ ഒൻപത് മാസങ്ങൾ കൊണ്ട്  200% മുന്നേറ്റം നേടിയപ്പോൾ, ജെഎസ്ഡബ്ലിയു സ്റ്റീലും, ഹിൻഡാൽക്കോയും 140 ശതമാനത്തിന് മുകളിലും, ടാറ്റ സ്റ്റീൽ, സെയിൽ എന്നിവ 110% ത്തിന് മുകളിലും  മുന്നേറ്റം നേടി. നാൽകോ , വേദാന്ത, ഹിന്ദ് സിങ്ക്, എൻഎംഡിസി മുതലായ ഓഹരികളും നേട്ടം സ്വന്തമാക്കി. ലോക സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവും, രാജ്യാന്തര-ആഭ്യന്തര വിപണികളിലെ വില മുന്നേറ്റവും, ഈ ആഴ്ച പ്രഖ്യാപിക്കുന്ന അമേരിക്കൻ-ചൈനീസ് ഡേറ്റകളും  മെറ്റൽ ഓഹരികളുടെ ജൈത്രയാത്ര ഇനിയും തുടരുന്നതിന് കാരണമാകും. എൻഎംഡിസി, സെയിൽ, വേദാന്ത, ഹിന്ദ് സിങ്ക് മുതലായവ ശ്രദ്ധിക്കുക.

ചെറുകിട ഓഹരികൾ

ചെറുകിട ഓഹരികൾ കഴിഞ്ഞ ഒരു മാസം  കൊണ്ട് 17% മുന്നേറ്റം നേടി. മാനുഫാക്ച്ചറിങ്, ടെക്സ്റ്റൈൽ, ടെലികോം ടെക്-മാനുഫാക്ച്ചറിങ്, സ്പെഷ്യാലിറ്റി കെമിക്കൽ, ഹോസ്പിറ്റാലിറ്റി, പൊതു മേഖല,ഇൻഫ്രാ മുതലായ മേഖലകളിലെ ചെറുകിട  ഓഹരികൾ ഇനിയും മുന്നേറ്റം നേടിയേക്കാം. അടിസ്ഥാന ഘടകങ്ങൾ  മികച്ചതായ ചെറുകമ്പനികളെ തേടി വിദേശ നിക്ഷേപകർ  വരുമെന്നത് കണക്കിലെടുക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA