ഈ ആഴ്ച വിപണിയെ നയിക്കാൻ ഉത്തേജക പാക്കേജും ബ്രെക്സിറ്റും

HIGHLIGHTS
  • വിപ്രോ, ടിസിഎസ്, ഇൻഫി, എച് ഡിഎഫ് സിബാങ്ക്, ഐസിഐസിഐ ബാങ്ക്, എയർടെൽ, എസിസി, ബിപിസിഎൽ, വേദാന്ത ഓഹരികൾ ശ്രദ്ധിക്കുക
BsE
SHARE

സ്റ്റിമുലസ് പാക്കേജ് തീരുമാനങ്ങളും, ബ്രെക്സിറ്റ്‌ ഡീൽ സാധ്യതകളും ലോകവിപണിക്ക് അനുകൂലമായതാണ് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ തിങ്കളാഴ്ചത്തെ വൻ വീഴ്ചയിൽ നിന്നും തിരിച്ചുവരവിന് സാഹചര്യമൊരുക്കിയത്. ഈ ആഴ്ചയിലും മറ്റ് വിപണികൾക്കൊപ്പം ഇന്ത്യൻവിപണിയും മുന്നേറ്റം തുടർന്നേക്കും. ബ്രെക്സിറ്റ്‌ ആവേശം യൂറോപ്യൻ വിപണികൾക്ക് നൽകുന്ന  മുന്നേറ്റം ഇന്ന്  ഇന്ത്യൻ സൂചികകൾക്കും മികച്ച ക്ലോസിങ് സാധ്യതകളൊരുക്കുന്നു. എന്നാൽ അമേരിക്കൻ സ്റ്റിമുലസ് പാക്കേജിലോ, ബ്രെക്സിറ്റ്‌ ഡീലിലോ വന്നേക്കാവുന്ന അപ്രതീക്ഷിത മലക്കം മറിച്ചിലുകൾ ലോകവിപണിക്ക് നൽകിയേക്കാവുന്ന ഏത് തിരുത്തലും ഇന്ത്യൻ വിപണിയിൽ മികച്ച വാങ്ങൽ അവസരങ്ങളായി കണക്കാക്കുക.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ട്രംപ് സ്റ്റിമുലസ് പാക്കേജിൽ ഒപ്പു വെച്ചതിനെത്തുടർന്ന് ഡൗ ജോൺസ്‌  ഫ്യൂച്ചർ 0 .33 % നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ഷാങ് ഹായ് കോമ്പോസിറ്റ്  ഒഴികെയുള്ള  ഏഷ്യൻ സൂചികകൾ എല്ലാം നേട്ടതോടെ ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്  ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. നിഫ്റ്റി മുന്നേറ്റത്തോടെ തന്നെ ആരംഭിക്കുമെന്ന് കരുതുന്നു. രാജ്യാന്തര വിപണി പിന്തുണയിൽ നിഫ്റ്റി ഈയാഴ്ച 14000 പോയിന്റിന് മുകളിൽ മുന്നേറ്റം നേടുമെന്നും കരുതുന്നു.  

ബ്രെക്സിറ്റ്‌ ഡീൽ

നടപ്പാക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അഞ്ചുവർഷത്തോളം നീണ്ട ബ്രെക്സിറ്റ്‌ അനിശ്ചിതത്വത്തിന് പരിഹാരമായത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഏകീകൃത വിപണിയും, കസ്റ്റംസ് യൂണിയനും വിടുമ്പോൾ ഇരു മേഖലയിലും ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് ഇരുപ്രദേശങ്ങളിലും പ്രത്യേക നികുതികളോ, ക്വോട്ടകളോ ഉണ്ടാവില്ല എന്നതാണ് പുത്തൻ ബ്രെക്സിറ്റ്‌ ഡീലിന്റെ വിജയം. അല്ലാത്ത പക്ഷം ഡിസംബർ 31ന് സ്വാഭാവികമായും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്താവുകയും, രാജ്യാന്തര വ്യാപാരനിയമങ്ങൾ യൂറോപ്യൻ യൂണിയനും ബ്രിട്ടനുമിടയിൽ നിലവിൽ വരികയും ചെയ്യുമായിരുന്നു. 

ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങൾ യൂറോപ്യൻ യൂണിയൻ കോടതികൾക്ക് പുറത്ത് പരിഹരിക്കുന്നതിനും തീരുമാനമായി. ന്യൂക്ലിയർ എനർജി, വിവരസാങ്കേതിക വിദ്യ കൈമാറ്റം, വിവിധ സംയുക്ത പ്രസ്താവനകൾ തുടങ്ങി ഉഭയ കക്ഷി പ്രാധാന്യമുള്ള സമസ്ത മേഖലകളെക്കുറിച്ചും ധാരണയായതും ഇന്ന്  യൂറോപ്യൻ വിപണികൾക്ക് മികച്ച തുടക്കം നൽകും. ഇന്ന്  ഉച്ചയോടെ നിഫ്റ്റിയിൽ ‘’ഷോർട് പൊസിഷനുകൾ’’ക്ക് സ്റ്റോപ്പ് ലോസ് നിർബന്ധമായും പരിഗണിക്കുക.  

നിഫ്റ്റി

കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപം കുറഞ്ഞതും, സ്വദേശി ഫണ്ടുകൾ വിപണിയിൽ വില്പന തുടരുകയാണെന്നതും ഇന്ത്യൻ സൂചികളുടെ മുന്നേറ്റത്തിന് വിഘാതമായില്ല.

നിഫ്റ്റിയുടെ അടുത്ത അതിശക്തമായ റെസിസ്റ്റൻസ് ലെവൽ 13940-13980 മേഖലയിലായിരിക്കും. മുൻ ആഴ്ചകളിൽ 250 പോയിന്റുകൾ വീതം മുന്നേറ്റം നേടിയ നിഫ്റ്റി കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് 500ൽ പരം പോയിന്റുകളുടെ മുന്നേറ്റമാണ് നേടിയത് എന്നത് ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.13600 പോയിന്റാണ് നിഫ്റ്റിയുടെ ഏറ്റവും അടുത്ത പിന്തുണ മേഖല. 13440 പോയിന്റിലും 13200 പോയിന്റിലെ അഭേദ്യമായ പിന്തുണയും വിപണിക്ക് മികച്ച അടിത്തറയിടുന്നു. 

ഐടി, ബാങ്കിങ്, ഇൻഫ്രാ, സിമന്റ്, ഫാർമ, എഫ്എംസിജി ഓഹരികൾ ശ്രദ്ധിക്കുക. വിപ്രോ, ടിസിഎസ്, ഇൻഫി, എച് ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയർടെൽ, എസിസി, ബിപിസിഎൽ, വേദാന്ത മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

 ഇൻഫ്രാ & സിമെൻറ്

അടുത്ത ബജറ്റിൽ ഇൻഫ്രാ മേഖലക്കായി ചിലവഴിക്കുന്നതിന് ബജറ്റ്കമ്മി ഒരു തടസ്സമാവില്ല എന്ന ധനമന്ത്രിയുടെ പ്രസ്താവന വെറുതെയാകില്ല. കാരണം വിദേശഫണ്ടുകളടക്കം ഇൻഫ്രാ, സിമന്റ് സെക്ടറുകളിൽ നടത്തുന്ന നിക്ഷേപത്തിന് ചുവട് പിടിച്ചു മുൻ നിര ഇൻഫ്രാ, സിമന്റ് ഓഹരികളിൽ നിക്ഷേപം പരിഗണിക്കാം. എൽ&ടി, അശോക ബിൽഡ്‌കോൺ, ദിലീപ് ബിൽഡ്‌കോൺ, ജെകുമാർ ഇൻഫ്രാ, സധ്ഭവ് എൻജിനീയറിങ് മുതലായവ ഇൻഫ്രാ മേഖലയിലും, എസിസി, ബിർള കോർപറേഷൻ, അൾട്രാ ടെക്, അംബുജ, രാംകോ ഓറിയൻറ് മുതലായ ഓഹരികൾ  സിമന്റ്  മേഖലയിലും നിക്ഷേപത്തിന്  പരിഗണിക്കാം.

സ്വർണം 

കോവിഡ്  വ്യാപനത്തിന്റെ പിന്തുണയിൽ ഓഹരി വിപണിക്കൊപ്പം സ്വർണവും മുന്നേറുകയാണ്. 1850 ഡോളറിന് മുകളിൽ ക്രമപ്പെട്ട സ്വർണവില അടുത്ത മുന്നേറ്റത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.  രാജ്യാന്തര വിപണിയിൽ 1900 ഡോളർ കടന്നാൽ സ്വർണം അടുത്ത  റാലി തുടങ്ങിയേക്കും. രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ 2021 ന്റെ ആദ്യ പാദത്തിൽ തന്നെ സ്വർണം വീണ്ടുമെത്തുമെന്ന് കരുതുന്നു. 

ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളർ നിരക്കിൽ നിന്നും 55 ഡോളർനിരക്കിലേക്ക് മുന്നേറിയേക്കും. ബേസ് മെറ്റലുകൾക്കും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA