ക്രിപ്റ്റോകറൻസി: ഭാവിയുടെ നാണയമാകുമോ? എങ്ങനെ തടയുമെന്നറിയാതെ സാമ്പത്തികലോകം

HIGHLIGHTS
  • അതീവ രഹസ്യമായ ഇടപാടുകൾക്കു വേണ്ടിയാണിവയിപ്പോൾ ഉപയോഗിക്കുന്നത്
Mobile-Phone-Theft-loan
പ്രതീകാത്മക ചിത്രം. (Photo: ShutterStock)
SHARE

ഡിജിറ്റൽ സാങ്കേതിക വിദ്യയെ അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സാമ്പത്തിക പണകൈമാറ്റ നാണയമാണ് ക്രിപ്റ്റോകറൻസി. ഒരു കേന്ദ്ര ഏജൻസിയുടെ നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന  സംവിധാനമായതിനാൽത്തന്നെ ആർക്കും പണമിടപാടുകൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. സാമ്പത്തിക, സാമൂഹിക അനുമതികൾ വേണ്ടായെന്നത് ക്രിപ്റ്റോകറൻസികളെ  പ്രിയപ്പെട്ടതാക്കുന്നുണ്ട്. ഇതു  കൊണ്ട് പല സാധനങ്ങളും, സേവനങ്ങളും മറ്റുള്ളവരുടെ കണ്ണിൽപെടാതെപോലും വാങ്ങുവാൻ സാധിക്കുമെന്നത് സവിശേഷതയാണ്.  അതിനാൽത്തന്നെ പ്രശസ്ത വ്യക്തികൾ മുതൽ സാധാരണക്കാർ വരെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്നുണ്ട്. വാങ്ങുന്നതും , വിൽക്കുന്നതും ആരാണെന്നറിയപ്പെടാത്ത കാരണത്താൽ തന്നെ അതീവ രഹസ്യമായ ഇടപാടുകൾക്കുവേണ്ടിയാണ് ഇപ്പോൾ ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സ്വകാര്യത അങ്ങേയറ്റം സംരക്ഷിക്കപെടുന്നതിനാൽ ഡാർക്‌വെബ് പോലുള്ള ഡിജിറ്റൽ സങ്കേതങ്ങളിൽ  ക്രിപ്റ്റോകറൻസികൾ  ധാരാളമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ വഴി പോലും, ഇപ്പോൾ ക്രിപ്റ്റോകറൻസികൾ  മോഷ്ടിക്കപ്പെടുന്നുണ്ട്.

ക്രിപ്റ്റോകറൻസി ഒരു ബദൽ മാർഗമാണോ ? 

 2030 ആകുമ്പോഴേക്കും, നിലവിലെ സാമ്പത്തിക വ്യവസ്ഥയെ പൂർണമായും മാറ്റിമറിച്ചുകൊണ്ടു ക്രിപ്റ്റോ കറൻസി  പ്രാബല്യത്തിലാകുമെന്നു ഡൊയിഷ് (Deutche) ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പ്രമുഖ ടെക്നോളജി കമ്പനികളുടെ ക്രിപ്റ്റോകറൻസി താല്പര്യങ്ങൾ ഇതിനെ മുഖ്യധാര സാമ്പത്തിക വിനിമയ മാർഗങ്ങളിലേക്കു ഉയർത്തികൊണ്ടുവരുവാൻ പര്യാപ്തമായതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിന്റെ ലിബ്ര കറൻസി ഈ വർഷം പരിമിതമായ ഒരു അളവിൽ പ്രാബല്യത്തിൽ വരുമെന്ന് സൂചനകളുണ്ട്. ഇതൊരു ആഗോള കറൻസിയായിരിക്കും എന്ന് ഫേസ്ബുക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ പല സോഫ്റ്റ്‌വെയർ കമ്പനികളും ക്രിപ്റ്റോകറൻസികളെ അവരുടെ ക്രൗഡ് ഫണ്ടിങ്(crowd funding ) പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കുന്നുണ്ട്. 

ഒഴിവാക്കാനാകില്ല

ആധുനിക ബാങ്കുകളുടെ നിലനിൽപ്പിനു തീർച്ചയായും ക്രിപ്റ്റോ കറൻസികൾ ഭീഷിണിയാകുമെന്നു പറയപ്പെടുന്നു.  മൊബൈൽ പണകൈമാറ്റ ആപ്പുകളുടെ പ്രചാരം തന്നെ ബാങ്കുകളുടെ വ്യവഹാരങ്ങളെ ‌ ബാധിച്ചിട്ടുണ്ട്. പല സെൻട്രൽ ബാങ്കുകളും, ക്രിപ്റ്റോകറൻസി എന്ന ആശയം വളരെ ഗൗരവതരമായി ചർച്ചചെയ്യുന്നുണ്ട്.  ഇപ്പോഴത്തെ ഓഹരിവിപണികളുടെ മാതൃകയിൽ വളരെ വിപുലമായ സാങ്കേതിക സൗകര്യങ്ങളോടെ ക്രിപ്റ്റോകറൻസി എക്‌സ്ചേയ്ഞ്ചുകൾ നിയമപരമായി തന്നെ ഭാവിയിൽ നിലവിൽവരുമെന്നും പ്രവചനങ്ങളുണ്ട്. വൻ സ്ഥാപനങ്ങളുടെ പണം(institutional funds) ക്രിപ്റ്റോകറൻസിയിലേക്കൊഴുകുമ്പോൾ അതിന്റെ സാമൂഹിക പ്രചാരത്തിനു വഴിതുറക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിപ്റ്റോ കറൻസിയിലധിഷ്ഠിതമായ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETF) ഉടലെടുക്കും എന്ന സൂചനകളുമുണ്ട്. സ്ഫോടനാത്മകമായ രീതിയിൽ ക്രിപ്റ്റോകറൻസികളുടെ മൂല്യം വർധിക്കുമെന്ന അക്കാദമിക് നിരീക്ഷണങ്ങളുമുണ്ട്. 

ചതിക്കുഴികൾ 

ഇങ്ങനെയൊക്കെയാണെങ്കിലും, ഭൂരിഭാഗം രാജ്യങ്ങളും ക്രിപ്റ്റോകറൻസിയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കള്ളപ്പണം ഒളിപ്പിക്കുവാനുള്ള ഒരു മാർഗമായി ക്രിപ്റ്റോകറൻസി പല രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ക്രിപ്റ്റോ കറൻസി കൈവശപ്പെടുത്തലിനു പലതരം മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇവയ്ക്കായുള്ള ഹാർഡ്‌വെയർ ഉപകരണങ്ങളും, സോഫ്റ്റ്‌വെയർ രീതികളും ഇന്റർനെറ്റിൽ വാങ്ങാനാകും. ശരിയായ അവബോധമില്ലാതെ ഇതിനു പണം മുടക്കിയിട്ട് സാധനമോ, സേവനമോ ലഭ്യമായില്ലെങ്കിൽ പരാതിപ്പെടുവാൻ ഒരു അധികാരിയില്ലാത്ത  അവസ്ഥയുണ്ട്. ആർക്കും പരാതിപ്പെടുവാൻ അവകാശമില്ലാത്തത് ഒരുപാടു കള്ളത്തരങ്ങൾ അതിനോടനുബന്ധിച്ചു നടക്കുന്നതിനു വഴിവെക്കുന്നു. റഷ്യയാണ്  ആഗോളമായി  പല ക്രിപ്റ്റോകറൻസി ഇടപാടുകളുടേയും ഹബ്ബ് ആയി പ്രവർത്തിക്കുന്നതെങ്കിലും, ആർക്കും ആരെയും നിയന്ത്രിക്കുവാനോ, ചോദ്യംചെയ്യുവാനോ ഉള്ള അവകാശം നിയമപരമായി ഇല്ലാത്തത്  അധോലോക പ്രവർത്തനങ്ങൾക്കും മറ്റു നിയമാനുസൃതമല്ലത്ത ഇടപാടുകൾക്കും വഴിയൊരുക്കുന്നു. പലതരത്തിലുള്ള വെബ്സൈറ്റുകളാണ് എക്സ്ചേഞ്ചുകളായി പ്രവർത്തിക്കുന്നത്. സാധാരണ രീതിയിൽ കറൻസികൾ കൈമാറിയാൽ ക്രിപ്റ്റോകറൻസികൾ ഇത്തരം എക്‌സ്‌ചഞ്ചുകളിൽനിന്നും ലഭിക്കുമെങ്കിലും, കബളിപ്പിക്കപ്പെടുവാനുള്ള സാധ്യത കൂടുതലാണ്.ക്രിപ്റ്റോകറൻസി ഖനനം ചെയ്തെടുക്കുവാനുള്ള സ്ഥലങ്ങളുടെ( (minig farms))പേരിലും പല തട്ടിപ്പുകൾ നടക്കുന്നുണ്ട്.

ലോകത്തെ അലട്ടുന്ന ചോദ്യം

ഇപ്പോഴത്തെ സാമ്പത്തിക പരിസ്ഥിതിയിൽ ക്രിപ്റ്റോകറൻസികളുടെ നിയമസാധുതയും, പ്രചാരവും എത്രത്തോളം ഉണ്ടാകുമെന്നതു ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരെ  കുഴപ്പിക്കുന്ന ചോദ്യമാണ്. ക്രൗഡ് ഫണ്ടിംഗ്  ഉപയോഗിച്ചുള്ള  ക്രിപ്റ്റോകറൻസികളുടെ ഉദയവും, പണംവാരിയ ശേഷം പൊടുന്നനെയുള്ള അപ്രത്യക്ഷമാകലും, ക്രിപ്റ്റോകറൻസികൾ വാങ്ങുന്നത് പൂർണമായും സുരക്ഷിതമല്ല എന്ന സന്ദേശം തരുന്നുണ്ട്. എങ്കിൽപ്പോലും ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസി  നിക്ഷേപം 2021ൽ വൻ ലാഭം നേടുമെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പോലും പ്രവചിക്കുന്നു. ഇതിന്റെ നയങ്ങളുമായി ബന്ധപെട്ടു ഗവണ്മെന്റുകൾക്കു എത്രത്തോളം ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുവാനാകും എന്നതാണ് ലോകം നേരിടുന്ന മറ്റൊരു  വലിയ ഒരു ചോദ്യം.

English Summary: Some Facts about Crypto currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA