ADVERTISEMENT

സംസ്ഥാന ട്രഷറികളിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പരമാവധി നേട്ടമുറപ്പാക്കാൻ ഇനി അഞ്ചു ദിവസം കൂടി. ട്രഷറി നിക്ഷേപ നിരക്ക് കുറച്ചു കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ആഴ്ചയാണു വന്നത്. അതനുസരിച്ച് 7.5 ശതമാനം എന്ന പുതിയ പലിശ ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അതായത് ഫെബ്രുവരി ഒന്നിനു മുൻപ് നിക്ഷേപിച്ചാൽ 8.5 % പലിശ തന്നെ ട്രഷറി നിക്ഷേപങ്ങൾക്ക് ഉറപ്പിക്കാം.  അതിനാൽ അതിനു മുൻപ് ട്രഷറികളിൽ നിക്ഷേപം നടത്തുന്നത് കൂടുതൽ നേട്ടമെടുക്കാൻ സഹായിക്കും. (ജനുവരി തീരും മുമ്പ് റിപ്പബ്ളിക് ദിനവും ഞായറാഴ്ചയും അവധി ദിവസങ്ങളാണെന്ന കാര്യം ഓർമിക്കുകയും വേണം). ആവശ്യമെങ്കിൽ പത്തു വർഷത്തേക്കുവരെ ഈ നിരക്കിൽ നിക്ഷേപിക്കാൻ ഈ അഞ്ചു ദിവസം കൂടി അവസരം കിട്ടും.   

സഹകരണ ബാങ്കുകളിൽ‌ കുറവ് അരശതമാനം

സഹകരണബാങ്കുകളിലെയും പലിശനിരക്ക് കുറച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ പുതിയ പലിശനിരക്ക് ഉത്തരവു തീയതിയായ  ജനുവരി 22 മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.  

ഇതനുസരിച്ച്  സർവീസ് സഹകരണ ബാങ്കുകളിൽ 6.75 ശതമാനമാണ് (രണ്ടു വർഷം വരെ) പരമാവധി പലിശനിരക്ക്. നേരത്തെ ഇത് 7.25 ശതമാനമായിരുന്നു. ട്രഷറികൾ പരമാവധി പലിശ നിരക്കിൽ ഒരു ശതമാനം കുറവു വരുത്തിയപ്പോൾ സർവീസ് സഹകരണ ബാങ്കുകളിൽ അര ശതമാനം മാത്രമാണു കുറവു വരുത്തിയത്.

treasury-table-25-1-2021

 

സഹകരണ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അരശതമാനം അധിക പലിശ നൽകുന്നുണ്ട്. ട്രഷറിയിൽ ഈ ആനുകൂല്യം ഇല്ല. 

ട്രഷറിതന്നെ മുന്നിൽ

പുതുക്കിയ പലിശനിരക്കനുസരിച്ച് സംസ്ഥാന ട്രഷറിതന്നെയാണ് പരമാവധി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് (7.50 %). സഹകരണ ബാങ്കുകളിൽ ഇത് 6.75 % (രണ്ടു വർഷംവരെ) മാത്രമാണ്. അതേസമയം 180 ദിവസം മുതൽ 364 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് സർവീസ് സഹകരണ ബാങ്കുകൾ 6.25 % പലിശ നൽകുമ്പോൾ ട്രഷറിയിൽ 5.9 ശതമാനമാണു ലഭിക്കുന്നത്. രണ്ടു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് ട്രഷറി, സഹകരണ ബാങ്കുകൾ എന്നിവ‍ യഥാക്രമം 7.50 %, 6.50 % നിരക്കുകളാണു നൽകുന്നത്. 

ഏതാണു മെച്ചം?

രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്കു ട്രഷറിയിൽ സർവീസ് സഹകരണ ബാങ്കുകളെ അപേക്ഷിച്ച് ഒരു ശതമാനം അധിക പലിശ ലഭിക്കും. എന്നാൽ 180 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്കു സർവീസ് സഹകരണ ബാങ്കുകളാണ് കൂടുതൽ പലിശ നൽകുന്നത്. ഇക്കാലയളവിൽ ട്രഷറിയിൽ ലഭിക്കുന്നതിനെക്കാൾ 35 ശതമാനം അധിക പലിശ സർവീസ് സഹകരണ ബാങ്കുകൾ നൽകുന്നുണ്ട്. 

English Summary: Treasury Co Operative Deposit Interest Rates Revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com