ADVERTISEMENT

നിരക്കുകളും, ബോണ്ട് വാങ്ങലും മാറ്റമില്ലാതെ തുടരുമെങ്കിലും അമേരിക്കൻ- ആഗോള സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം കോവിഡിന്റെ പിന്മാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന അമേരിക്കൻ ഫെഡ് റിസർവ് പ്രസ്താവന നടത്തിയത് വിപണിക്ക് ക്ഷീണമായി. 

ബോയിങ്ങിന്റെ മോശം റിസൾട്ടിന്റെ ആഘാതത്തോടെ വ്യാപാരം തുടങ്ങിയ അമേരിക്കൻ സൂചികകൾക്ക് മൈക്രോ സോഫ്റ്റിന്റെ മികച്ച ഫലത്തിന് പിന്നാലെ  റെക്കോർഡ് റിസൾറ്റുമായി വന്ന ആപ്പിളും ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതും ടെസ്‌ലക്കും, ഫേസ്ബുക്കിനുമെല്ലാം ലക്‌ഷ്യം തെറ്റിയതും അമേരിക്കൻ വിപണിക്ക് വിനയായി. സ്റ്റിമുലസ് പാക്കേജ് വൈകുന്നതും, കോവിഡ് ഇനിയും വരുതിയിലാവാത്തതും ലോക വിപണിക്ക് ഇനിയും തിരുത്തൽ നൽകിയേക്കാം.

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് ലാഭത്തിൽ വ്യാപാരം നടക്കുന്നുണ്ടെങ്കിലും, ഏഷ്യൻ വിപണികളെല്ലാം വലിയ ഗ്യാപ് ഡൗൺ ഓപ്പണിങ് നടത്തിക്കഴിഞ്ഞത് ഇന്ത്യൻ വിപണിക്കും  ദോഷകരമാണ്. എങ്കിലും ഏഷ്യൻ വിപണികളിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഇന്ന് നഷ്ടത്തിൽ ആരംഭിച്ചേക്കാവുന്ന നിഫ്റ്റി ദീർഘ കാല നിക്ഷേപകർക്ക് അവസരമാണ്.   

നിഫ്റ്റി കരടികളുടെ പിടിയിൽ

കരടികൾ കൂട്ടത്തോടെയാണ് വന്നത്. മാസങ്ങളായി കണ്ടുകൊണ്ടിരുന്ന വിപണിയുടെ സ്വഭാവം അപ്പാടെ മാറിയിരിക്കുന്നു. മാസങ്ങൾക്ക് ശേഷം തുടർച്ചയായ നാലു ദിവസവും വിദേശ നിക്ഷേപകർ വില്പനക്കാരായത് നിഫ്റ്റിക്കും തുടർച്ചയായ തകർച്ചയുടെ നാലാം ദിനം നൽകി. റിലയൻസ് വിപണി  നിരാകരിച്ചതിന് പിന്നാലെ കോട്ടക്ക് മഹിന്ദ്ര ബാങ്കും, ഇന്നലെ ആക്സിസ് ബാങ്കും അവതരിപ്പിച്ച മോശം കണക്കുകളുമാണ് വിപണിയുടെ തുടർ വീഴ്ചക്ക് ചുക്കാൻ പിടിച്ചത്. പെട്രോളിന്റെ റെക്കോർഡ് വിലകയറ്റം ഇന്നലെ എണ്ണ വിപണന ഓഹരികൾക്കും വൻതിരുത്തൽ നൽകി.  

ഇന്നലെ  ബാങ്കിങ് മേഖലയ്ക്ക് പിന്നാലെ മെറ്റൽ, റിയൽറ്റി, ഓട്ടോ, ഫാർമ മേഖലകളും 2%ത്തിന് മേൽ നഷ്ടം കുറിച്ചു. ഹിന്ദുസ്ഥാൻ യൂണി ലിവർ മികച്ച പാദഫലം പ്രഖ്യാപിച്ച ഇന്നലെ എഫ്എം സി ജി മേഖല മാത്രമാണ് പച്ച തൊട്ടത്. കഴിഞ്ഞ അഞ്ചു  സെഷനുകളിലായി ഏഴു ശതമാനത്തോളം തിരുത്തപ്പെട്ട ബാങ്കിങ് മേഖല തന്നെയാണ് നിഫ്റ്റിയുടെ തകർച്ചക്ക് മെറ്റൽ റിയൽറ്റി മേഖലകൾക്കൊപ്പം ചുക്കാൻ പിടിച്ചത്. അനുകൂല വാർത്താ പിന്തുണയിലും ഓട്ടോ സെക്ടറിലെ ലാഭമെടുക്കൽ വിപണിക്ക് അപ്രതീക്ഷിതമായി.

13800 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്, 13650 മേഖലയിൽ വിപണിയിൽ വൻ വാങ്ങൽ നടക്കുകയും തിരികെ കയറുകയും ചെയ്യും.ബജറ്റ് ആശങ്കകൾ വിപണിയിൽ വലിയ ചുഴികളും സൃഷ്ടിച്ചേക്കാം. നിക്ഷേപകർ ബജറ്റ്- കാല നിക്ഷേപങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കുക. ഓട്ടോ , ഫാർമ , എഫ്എംസിജി ,ഇൻഫ്രാ സെക്ടറുകൾ ഇന്ന് ശ്രദ്ധിക്കുക.  ഹീറോ മോട്ടോഴ്‌സ്, ടാറ്റ മോട്ടോർസ്, അശോക് ലെയ്‌ലാൻഡ് , മഹിന്ദ്ര, ഹിന്ദുസ്ഥാൻ യൂണി ലിവർ,എൽ&ടി, ഐടിസി, എബിഎഫ്ആർഎൽ, ബാങ്ക് ഓഫ് ബറോഡ, സ്റ്റെർലിങ് & വിൽ‌സൺ, നൽക്കോ, സ്‌പൈസ് ജെറ്റ്, എൻടിപിസി  മുതലായ ഓഹരികളും ശ്രദ്ധിക്കുക.

എഫ് & ഒ ക്ലോസിങ് 

ഈ വർഷം  ആദ്യമായി 14000  പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നത്തെ ഷോർട് കവറിംഗ് പിന്തുണയിൽ തിരിച്ച് 14000 പോയിന്റിന് മുകളിലേക്ക് കയറുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. 13800 ലേക്ക് വീണു പോയാൽ 14000 വീണ്ടും റെസിസ്റ്റൻസ് പോയിന്റാകുമെന്നത് വിപണിക്ക് വിനയാണ്.

ബജറ്റ് & ഫാർമ 

ഇന്ത്യൻ ബൈക്ക് സെക്ടറിന് പിന്നാലെ  രാജ്യാന്തര വിപണിയുദ്ധത്തിൽ ചൈനക്കൊപ്പം പിടിച്ച ഇന്ത്യൻ ഫാർമ സെക്ടർ ഈ ബജറ്റിൽ  ഫാർമ പാർക്ക് അടക്കമുള്ള പഴയ പ്രഖ്യാപനങ്ങൾക്കൊപ്പം പുത്തൻ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻറ്സ് (എ പി ഐ) സെക്ടറിന് പിഎൽഐ സ്‌കീം വലിയ മുന്നേറ്റം നല്കുന്നതിനൊപ്പം റിസർച്ച് മേഖലയിലും, ആശുപത്രി ഉപകരണ നിർമാണ മേഖലയിലും വലിയ സർക്കാർ പിന്തുണ വിപണി പ്രതീക്ഷിക്കുന്നു.  

ഊർജ മേഖലയെ ശക്തിപ്പെടുത്തുന്നതിനായും, അടിസ്ഥാന വികസനത്തിനായും  ഈ ബ‍ജറ്റിൽ  സർക്കാർ വലിയ തുക മാറ്റി വെക്കാനുദ്ദേശിക്കുന്നു എന്ന അഭ്യൂഹം പവർ ഓഹരികൾക്ക്  അനുകൂലമാണ്.

റിസൾട്ടുകൾ 

ആക്സിസ് ബാങ്ക് നിരാശപ്പെടുത്തിയ ഇന്നലെ മൊത്ത വരുമാനത്തിൽ 21%വും അറ്റാദായത്തിൽ 19%വും മുന്നേറ്റം നേടിക്കൊണ്ട് ഹിന്ദുസ്ഥാൻ യൂണി ലിവറും, വലിയ നേട്ടത്തോടെ കനറാ ബാങ്കും നഷ്ടം ഒഴിവാക്കിക്കൊണ്ട് ബാങ്ക്‌ ഓഫ് ബറോഡയും, വൻ ലാഭവർദ്ധനവോടെ  ഇമാമിയും, മാരിക്കോയും കളം നിറഞ്ഞത് വിപണിക്കാശ്വാസമായി.

ഇന്ന് മാരുതി, ടിവിഎസ്, ഇൻഡിഗോ, ഐആർസിടിസി, ബിഇഎൽ, കോൾഗേറ്റ്, അലെംബിക്, ലുപിൻ, ലോറസ്, ആരതി ഇൻഡസ്ട്രീസ്, ഗ്രാന്യൂൾസ്, ടാറ്റ കെമിക്കൽ, ഐ ഡി ബി ഐ ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ആർബിഎൽ ബാങ്ക്, എം&എം ഫൈനാൻസ്, ശ്രീ റാം ട്രാൻസ്‌പോർട്, കോഫോർജ്,  ടീം ലീസ്, റാഡിക്കോ, യുണൈറ്റഡ് ബ്രൂവറീസ് മുതലായ കമ്പനികളടക്കം 129 കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com