ADVERTISEMENT

റെക്കോഡ് ഫലപ്രഖ്യാപനം നടത്തിയ ആപ്പിളും, മോശം റിസൽട്ട് പ്രഖ്യാപിച്ച ടെസ്‌ലയും വീണിട്ടും അമേരിക്കയുടെ മറ്റ് ടെക് ഭീമന്മാരുടെ മുന്നേറ്റമാണ് ഇന്നലെ ഡൗ ജോൺസിന് തിരിച്ചു വരവ് നൽകിയത്. എങ്കിലും, ഇക്കണോമിക് റിക്കവറി പതിയെ ആണെന്നതും, കൊറോണ  കേസുകൾ ഉയരുന്നതും, ഊതി വീർപ്പിച്ച വിപണിയുടെ വലുപ്പവും, വാക്സിൻ വിതരണത്തിലെ അപാകതകളുമെല്ലാം അമേരിക്കൻ വിപണിക്ക് ആശങ്ക നൽകുന്നുണ്ട്.

എന്നാൽ ഡൗ ജോൺസ്‌ ഫ്യൂച്ചർ നേട്ടം കൈവിട്ടതും, ഗ്യാപ് അപ് ആരംഭത്തിന് ശേഷം ഇന്ന് ഏഷ്യൻ വിപണികളിലുണ്ടായ തിരുത്തലും ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്. നിഫ്റ്റി പതിഞ്ഞ  തുടക്കം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഫണ്ടുകളും, റീറ്റെയ്ൽ നിക്ഷേപകരും ഇന്ന് ഇന്ത്യൻ സൂചികകൾക്ക് മുന്നേറ്റം നൽകുമെന്ന് കരുതുന്നു. 

നിഫ്റ്റി 

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇന്നലെ വരെ അഞ്ചു ദിവസവും തിരുത്തപ്പെട്ട ഇന്ത്യൻ വിപണി ഇന്ന് ബജറ്റ് വാങ്ങലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ 13713 വരെ വീണ നിഫ്റ്റിക്ക് ഒരാഴ്‌ച കൊണ്ട് 1000 പോയിന്റ് വരെ നഷ്ടമായി. 13700 പോയിന്റിൽ ശക്തമായ പിന്തുണ ലഭ്യമായ നിഫ്റ്റിക്ക് 14000 പോയിന്റിലെ കടമ്പ കടക്കുകയെന്നതാവും ഇന്നത്തെ പ്രധാന വെല്ലുവിളി. പ്രധാനപ്പെട്ട കമ്പനികളുടെ പ്രതീക്ഷക്കൊത്തുയരാത്ത റിസൾട്ടുകളിലും, വിദേശ ഫണ്ടുകളുടെ വിൽപ്പനയിലും തട്ടി വീണ ഇന്ത്യൻ വിപണിക്ക് ബജറ്റ് മുന്നേറ്റമൊരുക്കുമെന്ന് കരുതുന്നു.

ബാങ്ക് നിഫ്റ്റിയൊഴികെ സകല മേഖലകളും നഷ്ടത്തിൽ വീണ ഇന്നലെ ഐടി, റിയാൽറ്റി , പൊതു മേഖല ബാങ്കുകൾ, എഫ്എംസിജി മുതലായ മേഖലകൾ  കൂടുതൽ നഷ്ടമുണ്ടാക്കി. നന്നായി തിരുത്തപ്പെട്ട ബാങ്കിങ്, ഐടി മേഖലകൾ നിക്ഷേപത്തിന്  പരിഗണിക്കാവുന്നതാണ്.  ഇന്ന്  ബജറ്റ് പ്രതീക്ഷയിൽ ഇൻഫ്രാ, സിമന്റ് ,റിയാൽറ്റി, അഗ്രോ ടെക്, ഫെർട്ടിലൈസർ, ഡിഫെൻസ്, പൊതു മേഖല ബാങ്കുകൾ, മറ്റു പൊതു മേഖല ഓഹരികൾ, ഓട്ടോ, ടയർ , മാനുഫാക്ച്ചറിങ് മേഖലകളും മുന്നേറ്റം നേടുമെന്ന് കരുതുന്നു.   

കൊടക്  മഹിന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഡിയ, ഐഷർ, എച് യു എൽ, കോറോമാൻഡൽ, കനറാ ബാങ്ക്, ഇമാമി, മാരുതി, ടാറ്റ മോട്ടോർസ്, ബാങ്ക് ഓഫ് ബറോഡ, ടിവിഎസ്, ലോറസ്  ലാബ്സ് മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.  

വിദേശ ഫണ്ടുകൾ

ഇന്നലെ ഇന്ത്യൻ വിപണിയിൽ 3712 കോടി രൂപയുടെ അധിക വില്പന നടത്തിയ വിദേശ നിക്ഷേപകർ കഴിഞ്ഞ നാലു സെഷനുകളിലുമായി 6800 കോടി രൂപയുടെ വില്പന നടത്തിക്കഴിഞ്ഞതാണ് വിപണിയുടെ വീഴ്ച്ചക്കാധാരമായത്. അമേരിക്കൻ വിപണിയിലെ മാറിയ സാഹചര്യങ്ങൾ മുതലെടുക്കാനായി  ഇന്ത്യയിലെ നേട്ടങ്ങൾ കാശാക്കാനുള്ള അമേരിക്കൻ ഫണ്ടുകളുടെ നടപടിയാണിതെങ്കിൽ ഇന്ത്യൻ വിപണി ഇനിയും വിയർക്കേണ്ടി വരും. വിദേശ ഫണ്ടുകൾ വില്പനക്കാരായാൽ രാജ്യാന്തര  വിപണിയുടെ മുന്നേറ്റം പോലും ഇന്ത്യൻ വിപണിയിൽ  പ്രതിഫലിച്ചേക്കില്ലെന്നതും പ്രശ്നമാണ്. ബജറ്റ് മുന്നിൽക്കണ്ട് ഇന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

റിസൽട്ടുകൾ 

മാരുതിക്ക് ലക്‌ഷ്യം തെറ്റിയ ഇന്നലെ തന്നെ ടിവിഎസ് ലോറസ് ലാബ്‌സ്, ആരതി ഇൻഡസ്ട്രീസ്, ഡി ബി കോർപ്, പ്രിസം ജോൺസൺ മുതലായവരുടെ മികച്ച റിസൾട്ടുകളും കോൾഗേറ്റ്, ടീം ലീസ്, റാഡിക്കോ ഖൈതാൻ,  ഐ ഡി ബി ഐ ബാങ്ക്, ലക്ഷ്മി മെഷീൻ, സിഗ്നിറ്റി ടെക്നോളജീസ്, ഗ്രാന്യൂൾസ്, ഏരീസ് ലൈഫ്, വെൽസ്പൺ , നിതിൻ സ്പിന്നേഴ്‌സ്, റൂട്ട് മൊബൈൽ, പഞ്ചാബ് കെമിക്കൽസ് മുതലായ ഭേദപ്പെട്ട റിസൾട്ടുകളും ഇന്നലെ തുണയായി. 

ടാറ്റ മോട്ടോർസ്, ടെക് മഹിന്ദ്ര, ഡി എൽ എഫ്, ഡോക്ടർ റെഡ്‌ഡിസ്, സിപ്ല, സൺ ഫാർമ, യുപിഎൽ,  ഇൻഡസ് ഇൻഡ് ബാങ്ക്,  യൂണിയൻ ബാങ്ക്, ഡാബർ, എൽഐസി ഹൗസിങ് , ചോളമണ്ഡലം ഫൈനാൻസ്, മണപ്പുറം, ജെ കെ ലക്ഷ്മി, ഐ ഓ സി, ജസ്റ്റ് ഡയൽ, അതുൽ, ബ്ലൂസ്റ്റാർ, ഓറിയന്റ് ഇലക്ട്രിക്, ഡിഷ് ടിവി, ലാൽപത് ലാബ്സ്, സെയിൽ, താജ് ജി വി കെ, വൈഭവ് ഗ്ലോബൽ, മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കും. 

ഐസിഐസിഐ ബാങ്ക്, മുത്തൂറ്റ് ഫിൻ, ആംബർ, ബിപിസിഎൽ, ജിയോജിത്, തൈറോ കെയർ, റിലാക്‌സോ മുതലായ കമ്പനികൾ നാളെയും ഫലപ്രഖ്യാപനം നടത്തുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com