ADVERTISEMENT

പലിശ നിരക്കു കുറയും മുന്‍പ് ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്താന്‍ ഇന്നു കൂടി അവസരം ലഭിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ടര ശതമാനം വരെ പലിശ ലഭിക്കാനുള്ള അവസരമാണ് ഇന്ന് അവസാനിക്കുന്നത്. മിക്കവാറും ബാങ്കുകളില്‍ അഞ്ചു ശതമാനത്തിനടുത്തു മാത്രം പലിശ ലഭിക്കുന്ന അവസ്ഥയുള്ളപ്പോള്‍ ട്രഷറി സ്ഥിര നിക്ഷേപത്തിന് ഇപ്പോള്‍ എട്ടര ശതമാനം വരെ പലിശ ലഭിക്കും. പക്ഷേ, ബാങ്കുകള്‍ പലിശ നിരക്കു കുറച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ ട്രഷറിയിലും പലിശ നിരക്കു കുറക്കുകയാണ്. ഫെബ്രുവരി ഒന്നിനു മുന്‍പുള്ള അവസാന പ്രവര്‍ത്തി ദിവസമായ ഇന്നു കൂടി നിലവിലെ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം നടത്താം. 

അഞ്ചു ശതമാനം പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപയായിരിക്കും ഒരു വര്‍ഷം പലിശ ലഭിക്കുക. ഇത് എട്ടര ശതമാനം നിരക്ക് ലഭിക്കുന്ന ട്രഷറി നിക്ഷേപത്തിലേക്ക് ഇന്നു മാറ്റുകയാണെങ്കില്‍ 8,500 രൂപ പ്രതി വര്‍ഷം പലിശ ലഭിക്കും. അതായത് ഒരു ലക്ഷം രൂപയ്ക്ക് 3,500 രൂപ അധിക നേട്ടം. 

ചെക്ക് നല്‍കിയാല്‍ ബുദ്ധിമുട്ടാകും

ഇന്നു വൈകിട്ടു വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കായിരിക്കും ഇത്തരം നേട്ടം കൈവരിക്കാനാവുക. ഫെബ്രുവരി ഒന്നു മുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ കുറഞ്ഞ പലിശ നിരക്കായിരിക്കും ബാധകം. ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഉള്ള പണം ഒരു അപേക്ഷയും പണം കൈമാറാനുള്ള സ്ലിപ്പും പൂരിപ്പിച്ചു കൊടുത്താല്‍ ഉടന്‍ തന്നെ ട്രഷറി സ്ഥിര നിക്ഷേപത്തിലേക്കു മാറ്റാനാകും. ഇനി ബാങ്കിലുള്ള പണമാണെങ്കില്‍ അത് ട്രഷറി സേവിങ്‌സ് ബാങ്കിലേക്കു മാറ്റിയ ശേഷം ഇതേ നടപടി ക്രമം പിന്തുടര്‍ന്നാല്‍ മതിയാകും. പക്ഷേ, ബാങ്ക് ചെക്ക് ആയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഈ ഉയര്‍ന്ന പലശയുടെ നേട്ടം കൈവരിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും. ചെക്ക് നല്‍കിയാല്‍ ഇന്നു വൈകിട്ടു ട്രഷറി അടക്കുന്നതിനു മുന്‍പ് കളക്ഷന്‍ കഴിഞ്ഞ് അക്കൗണ്ടില്‍ പണമെത്താന്‍ സാധ്യത വിരളമാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് ബാങ്ക് ചെക്ക് ഉപയോഗിച്ചു ട്രഷറി സ്ഥിര നിക്ഷേപത്തിന് അപേക്ഷ നല്‍കിയാല്‍  അത് ഫെബ്രുവരി ഒന്നിന്റെ കണക്കിലാവും ഉള്‍പ്പെടുക. അതുകൊണ്ടു തന്നെ പുതുക്കിയ കുറഞ്ഞ പലിശ നിരക്കു മാത്രമേ ലഭിക്കു. 

ഇപ്പോള്‍ തന്നെ ബാങ്കില്‍ നിന്നു പണം എടുത്തു നേരെ ട്രഷറിയിലേക്കു പോയി സ്ഥിര നിക്ഷേപമാക്കിയാല്‍ ഒരോ ലക്ഷം രൂപയ്ക്കും 3,500 രൂപയോളം അധികമായി പലിശ നേടാം. ചില ബാങ്കുകള്‍ അഞ്ചര ശതമാനത്തിലേറെ പലിശ നല്‍കുന്നുണ്ട്. എങ്കില്‍ പോലും ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ മൂവായിരം രൂപയോളം അധിക പലിശ ഒരു വര്‍ഷത്തില്‍ നേടാം.

English Summary: Today is the Last Day for Availing More Interest Rate from Treasury Fixed Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com