ലാഭമെടുക്കലിന്റെ ക്ഷീണത്തിൽ വിപണി

HIGHLIGHTS
  • റിലയൻസ്, എയർടെൽ, ലാർസൺ & ടൂബ്രോ, എസ്ബിഐ, ഓഎൻജിസി, എൻഎംഡിസി, നാൽകോ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, അംബുജ സിമെന്റ്, ഐ ഇ എക്സ്, മതേഴ്സൺ സുമി, ഇൻഫോ എഡ്ജ്, ജൂബിലൻറ് ഫുഡ്, ഇൻറ്റെലക്ട് ഡിസൈൻ അരീന, ടോറൻറ്റ് പവർ, ഊർജ്ജ ഗ്ലോബൽ ഇവ ശ്രദ്ധിക്കുക
Bear
SHARE

വാറൻ ബുഫെ തുടങ്ങി വെച്ച ബ്ലൂചിപ്പ് വിറ്റഴിക്കൽ അമേരിക്കൻ വിപണിയിൽ ആപ്പിളും ടെസ്ലയുമടക്കമുള്ള ഓഹരികൾക്ക് ഇന്നലെയും തിരുത്തലാകുകയും നാസ്ഡാകിന് വൻ വീഴ്ച നൽകുകയും ചെയ്തു. എന്നാൽ വാൾട്ട് ഡിസ്‌നി, ജനറൽ മോട്ടോഴ്‌സ്  അടക്കമുള്ള ഓഹരികളുടെ പിന്‍ബലത്തില്‍ ഡൗ ജോൺസ്‌ സൂചിക തിരിച്ചു വന്നത് ലോകവിപണിക്ക് അനുകൂലമാണ്. 

അമേരിക്കൻ ടെക് ഭീമന്മാരുടെ അധികവില മൂല്യത്തിനൊത്തതല്ലെന്ന ധാരണ നിക്ഷേപകർക്കിടയിൽ ശക്തമാകുന്നതും, ഉയരുന്ന ട്രഷറി വരുമാനം നിക്ഷേപക ശ്രദ്ധ കവരുന്നതും അമേരിക്കൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് തടയിട്ടേക്കുമെന്ന് വിപണി ഭയക്കുന്നു. ക്രൂഡിനും, ബേസ് മെറ്റലിനുമൊപ്പം സ്വർണവും മുന്നേറിത്തുടങ്ങിയതും വിപണിക്ക് ക്ഷീണമാകും.

ഡൗ ജോൺസ്‌ ഫ്യൂച്ചർ  പോസിറ്റിവായതും, സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ നേട്ടത്തോടെ വ്യാപാരം നടക്കുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നിഫ്റ്റി ഒരു പോസിറ്റീവ് തുടക്കം നേടിയേക്കാം. 

നിഫ്റ്റിയുടെ  അഞ്ചാം വീഴ്ച്ച 

രണ്ടു മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ തിരുത്തലിൽ ഇന്നലെ ഇന്ത്യൻ സൂചികകൾക്ക് രണ്ടു ശതമാനത്തിന്റെ  ഏകദിന നഷ്ടമാണ് സംഭവിച്ചത്. നിഫ്റ്റി 14635 വരെ വീണ ശേഷം 14675 പോയിന്റില്‍ വ്യാപാരമവസാനിപ്പിച്ചപ്പോൾ, സെൻസെക്സ് 50,000 പോയിന്റിന് താഴെ ക്ലോസ് ചെയ്തത് വിപണിക്ക് ക്ഷീണമായി. മെറ്റൽ ഇൻഡക്സ് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ച ഇന്നലെ ബാങ്കുകളുടെയും, ധനകാര്യ ഓഹരികളുടെയും, ഐടി - ഓട്ടോ മേഖലകളുടെയും ഒപ്പം റിലയൻസിന്റെ കൂടി  വീഴ്ച്ചയാണ് വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടിയത്. ജാപ്പനീസ് വിപണി തുടക്കത്തിലേ നേട്ടമത്രയൂം കൈവിട്ടതും, യൂറോപ്യൻ വിപണികളുടെ മോശം തുടക്കവും ഇന്നലെ വിപണിക്ക് തിരിച്ചു വരവ് നിഷേധിച്ചു. ലോക്ക് ഡൗൺ ഭീഷണിയും, ജിഡിപിക്കണക്കുകൾ പ്രതീക്ഷിച്ചതിലും മോശമായേക്കുമെന്ന ധാരണയും ഓഹരികളുടെ മികച്ച വിലകൾ നിക്ഷേപകരെ ലാഭമെടുക്കലിന് പ്രേരിപ്പിച്ചതും വിപണിക്ക് ക്ഷീണമായി. 

ഇന്ന് 14630 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14440 പോയിന്റിൽ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് കരുതുന്നു. പൊതു മേഖല ഓഹരികൾക്കൊപ്പം മെറ്റൽ, പവർ, ഇൻഫ്രാ  സെക്ടറുകൾ ഇന്നും പരിഗണിക്കാം. റിലയൻസ്, എയർടെൽ, ലാർസൺ & ടൂബ്രോ,  എസ്ബിഐ, ഓഎൻജിസി, എൻഎംഡിസി, നാൽകോ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, അംബുജ സിമെന്റ്, ഐ ഇ എക്സ്, മതേഴ്സൺ  സുമി, ഇൻഫോ എഡ്ജ്, ജൂബിലൻറ് ഫുഡ്, ഇൻറ്റെലക്ട് ഡിസൈൻ അരീന, ടോറൻറ്റ് പവർ, ഊർജ്ജ ഗ്ലോബൽ, മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

മറാത്താ ലോക്ക് ഡൗൺ 

മഹാരാഷ്ട്ര, പ്രത്യേകിച്ച് മുംബൈ  ലോക്ക് ഡൗണിലേക്ക് പോകുമെന്ന തരത്തിലുള്ള വാർത്തകളും ഇന്നലെ വിപണിയുടെ അടിസ്ഥാനമിളക്കുന്നതായി. മുംബൈ അടക്കമുള്ള ഇടങ്ങളിൽ കോവിഡ് അധികരിക്കുന്നത് വിപണിക്ക് ക്ഷീണമാണ്.  മുംബയിൽ പലയിടങ്ങളിലും ഭാഗികമായ ലോക്ക് ഡൗൺ നിലവിൽ വന്നു കഴിഞ്ഞു.

ബൈക്ക് ഓഹരികൾ 

ഇന്ത്യൻ ബൈക്കിങ് കമ്പനികളുടെ ജനുവരിയിലെ വിൽപന കഴിഞ്ഞ ജനുവരിയിലേതിനൊപ്പമെത്തിയത് വിപണിക്കനുകൂലമാണ്. ഹീറോ മുന്നിട്ട് നിൽക്കുമ്പോൾ ടിവിഎസ്, ബജാജ് എന്നിവയും വില്പനയിൽ ഒപ്പമുണ്ട്. ടിവിഎസ് അടുത്ത പാദത്തിലും മികച്ച നേട്ടം കൈവരിക്കുമെന്ന് കരുതുന്നു.  

റിലയൻസ് വിഭജനം 

റിലയൻസ്ിനെ വിവിധ കമ്പനികളായി വിഭജിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത് ഓഹരിക്ക് അനുകൂലമാണ്. ഫ്യൂച്ചർ കേസിൽ  ആമസോണിന്റെ പരാതി കേൾക്കാൻ സുപ്രീം കോടതി തയ്യാറായതും, ഡൽഹി ഹൈ കോടതിയുടെ നടപടികൾ റദ്ധാക്കിയതും റിലയൻസിനും ഫ്യൂച്ചർ ഓഹരികൾക്കും ക്ഷീണമായി.

സ്വർണം ,എണ്ണ 

വിപണിയിലെ തിരുത്തൽ ഇന്നലെ കൺസോളിഡേഷനിലായിരുന്ന സ്വർണത്തിന് അനുകൂലമായി. സ്വർണം ഇന്നലെ ഔൺസിന് 1800 ഡോളറിന് മുകളിൽ സ്ഥാനമുറപ്പിച്ചത് അനുകൂലമാണ്. വരുന്ന രണ്ടു ദിവസങ്ങളിലും 1800 ഡോളറിന് മുകളിൽ ക്ലോസ് ചെയ്താൽ സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്.

എണ്ണ വില ഇന്നലെ മൂന്ന് ശതമാനത്തിന് മുകളിൽ മുന്നേറിയത്  വിപണി പ്രതീക്ഷിച്ചതാണ്. ബ്രെന്റ്  ക്രൂഡ് വില വീണ്ടും 65 ഡോളറിനും, അമേരിക്കൻ ക്രൂഡ് വില ബാരലിന് 65 ഡോളറിനും മുകളിൽ വന്നു കഴിഞ്ഞു. ബ്രെന്റ് ക്രൂഡ് വാരാന്ത്യത്തിൽ 70 ഡോളറിലേക്കെത്തിയേക്കാം. ഓഎൻജിസി അടുത്ത പാദഫല പ്രഖ്യാപനം വരെ രണ്ടു മാസത്തെ നിക്ഷേപത്തിന് പരിഗണിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA