വളരെ കുറഞ്ഞ തുകയുമായി യുഎസ് വിപണിയില്‍ നിക്ഷേപം ആരംഭിക്കാം

HIGHLIGHTS
  • നിക്ഷേപകര്‍ക്ക് അമേരിക്കന്‍ ഓഹരി വിപണിയില്‍ ഡേ ട്രേഡിങ് സാധ്യമല്ല
global-investing
SHARE

വളരെ കുറഞ്ഞ തുകയുമായി അമേരിക്കന്‍ ഓഹരി വിപണിയില്‍ ഓഹരി നിക്ഷേപം ആരംഭിക്കാമെന്ന് മനോരമ ഓണ്‍ലൈനും വെസ്റ്റഡ് ഫിനാൻസും ചേര്‍ന്നു നടത്തിയ വെബിനാര്‍ ചൂണ്ടിക്കാട്ടി. അഞ്ചോ പത്തോ ഡോളര്‍ എന്ന ചെറിയ തുകകള്‍ പോലും അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വലിയ കമ്പനികളുടെ ഓഹരികള്‍ വാങ്ങാമെന്ന് വെസ്റ്റഡ് ഫിനാൻസിന്റെ സഹസ്ഥാപകനും സിഇഒയുമായ വിരാം ഷാ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കമ്പനികളുടെ ഒരു ഓഹരിയുടെ ചെറിയൊരു ഭാഗം പോലും വാങ്ങാന്‍ അവസരമുള്ളതു കൊണ്ടാണിതു സാധ്യമാകുന്നത്. 

അമേരിക്കയില്‍ നികുതി നല്‍കേണ്ട

ഇന്ത്യന്‍ നിക്ഷേപകര്‍ അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി നല്‍കേണ്ടി വരുന്നില്ലെന്നും വിരാം ചൂണ്ടിക്കാട്ടി. മൂലധന ലാഭ നികുതി നല്‍കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. അതേ സമയം ഡിവിഡന്റ് ലഭിക്കുമ്പോള്‍ 25 ശതമാനം നികുതി അമേരിക്കയില്‍ സ്രോതസില്‍ നിന്നു പിടിക്കും. ഇതിന് ഇന്ത്യയില്‍ ഫോറിന്‍ ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. ഇന്ത്യക്കാര്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് നിയമ വിധേയമാണോ എന്നു പലരും ചോദിക്കാറുണ്ട്. തികച്ചും നിയമ വിധേയമായാണ് ഈ നിക്ഷേപങ്ങള്‍ നടക്കുന്നത്. ലളിതമാക്കിയ റെമിറ്റന്‍സ് പദ്ധതി (എല്‍ആര്‍എസ്) പ്രകാരം 2,50,000 അമേരിക്കന്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാവുമെന്നതിനാലാണ് ഇതു സാധ്യമാകുന്നതെന്നും വിരാം ഷാ ചൂണ്ടിക്കാട്ടി. നിക്ഷേപത്തിന്റെ അഞ്ചു മുതല്‍ 20 ശതമാനം വരെ അമേരിക്കന്‍ വിപണിയിലേക്കു വകയിരുത്തുന്നതു വഴിയാവും വൈവിധ്യവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ കൊയ്യാനാവുകയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ ധാരണയുടെ നേട്ടവും നിക്ഷേപകര്‍ക്കു ലഭിക്കുമെന്ന് വെസ്റ്റഡ് ഫിനാൻസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ലീഡ് ജോവില്‍ വില്‍സണ്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് ഏതു രാജ്യത്താണ് അവര്‍ നികുതി നല്‍കുന്നതെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി ബാധ്യതകള്‍ കണക്കാക്കുകയെന്നും ജോവില്‍ വ്യക്തമാക്കി. 

ഇന്‍ഷൂറന്‍സ് പരിരക്ഷ

നിക്ഷേപകര്‍ക്ക് അമേരിക്കന്‍ ഓഹരി വിപണിയില്‍ ഡേ ട്രേഡിങ് സാധ്യമല്ലെന്നും വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യത്തിനു മറുപടിയായി വിരാം ഷാ പറഞ്ഞു. നിങ്ങള്‍ നിക്ഷേപത്തിനായി സമീപിക്കുന്ന ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാണ്. ഇതിനു പുറമെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിരക്ഷകളും ലഭ്യമാണ്. 

അമേരിക്കന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ലോകത്തിലെ വളര്‍ന്നു വരുന്ന എല്ലാ വിപണികളിലും നിക്ഷേപിക്കുന്നതിന്റെ ഗുണം ലഭിക്കുമെന്നും മറ്റു ചില ചോദ്യങ്ങള്‍ക്കു മറുപടിയായി വിരാം ഷാ പറഞ്ഞു. 

നഷ്ട സാധ്യതകള്‍ വഹിക്കാനുള്ള സ്വന്തം കഴിവ് വിലയിരുത്തിയാവണം അമേരിക്ക അടക്കം ഏത് ഓഹരി വിപണിയിലും നിക്ഷേപം നടത്താനെന്നും ദീര്‍ഘകാല നിക്ഷേപത്തിലൂടെ അമേരിക്കന്‍ വിപണിയില്‍ നിന്നു കൂടുതല്‍ നേട്ടം കൊയ്യാമെന്നും വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. പിജി സുജ മോഡറേറ്ററായി.

English Summary : Webinar on Investing in US Stock Market from India conducted by Manorama Online and Vested Finance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA