എണ്ണ വില ഇനിയും കൂടാനിടയുള്ളത് എന്തുകൊണ്ട്?

HIGHLIGHTS
  • അസംസ്കൃത എണ്ണയുടെ ഉല്‍പാദന നിയന്ത്രണം തുടർന്നേക്കും
saudi-petrol
SHARE

പെട്രോള്‍-സീസല്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന വരും നാളുകളിലും ദുസഹമാകുമെന്ന സൂചനയാണ് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഒപെക് രാജ്യങ്ങള്‍ നിലവിലുള്ള ഉല്‍പാദന നിയന്ത്രണം തുടരുന്നത് എണ്ണവിലയില്‍ വലിയ കുതിപ്പിനു കാരണമായേക്കും. എണ്ണയുടെ ഡിമാന്റു വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  വിതരണ ഞെരുക്കവും യുഎസിലെ ഷേല്‍ എണ്ണയുടെ ഉല്‍പാദനം കുറഞ്ഞതും അലോസരം സൃഷ്ടിക്കുന്നുണ്ട്.  

ക്രൂഡോയിലിന്റെ ഉയർന്ന നിരക്ക്

ക്രൂഡോയിലിന്റെ വില പല വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിലയിലാണ്. ലോകത്തിലെ സുപ്രധാന എണ്ണ സൂചികകളിലൊന്നായ യുഎസ് ഡബ്‌ള്യുടിഐ എണ്ണ വില ബാരലിന് ഏഴു വര്‍ഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 76.98 ഡോളര്‍ വരെയെത്തി. ഏഷ്യന്‍ സൂചികയായ ബ്രെന്റും 2018 നവംബറിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയാണ് രേഖപ്പെടുത്തിയത്. 

എണ്ണവിലയിലെ  വര്‍ധനവിനു കാരണം ഒപക് രാജ്യങ്ങളും ഇതര എണ്ണ ഉല്‍പാദകരും ചേര്‍ന്നു നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഉരുത്തിരിഞ്ഞ ഉല്‍പാദന നിയന്ത്രണ നയമാണ്. വികസ്വര വിപണികളില്‍ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനായി ഉല്‍പാദന നയത്തില്‍ ഇവര്‍ മാറ്റം വരുത്തി. 2020 ഏപ്രില്‍ മുതലാണ് ഉല്‍പാദന നിയന്ത്രണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയത്. പ്രതിദിനം 10 ദശലക്ഷം ബാരല്‍ എന്ന തോതില്‍ കഴിഞ്ഞ വര്‍ഷം ഉല്‍പാദനം വെട്ടിച്ചുരുക്കുകയുണ്ടായി. ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും. ഇപ്പോഴത് പ്രതിദിനം 5.8 ദശലക്ഷം ബാരല്‍ എന്ന തോതിലാണ്. 

അനിശ്ചിതത്വം തുടരുന്നു

അടിസ്ഥാന ഉല്‍പാദനക്കണക്കു സംബന്ധിച്ച് സൗദി അറേബ്യയും യുഎഇ യും തമ്മിലുണ്ടായ വിയോജിപ്പു കാരണം ഒപെക് ഉള്‍പ്പടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ അവസാന യോഗം റദ്ദാക്കുകയുണ്ടായി. ഈ അനിശ്ചിതത്വം എണ്ണ വിപണിയില്‍ സ്ഥിതിഗതികള്‍ താറുമാറാക്കിയിരിക്കുകയാണ്. ഉല്‍പാദനം സംബന്ധിച്ച ഉടമ്പടി പ്രകാരം തീരുമാനിച്ച അളവുകള്‍ മാറ്റി കൂടുതല്‍ ക്രൂഡോയില്‍ ഉല്‍പാദനം വേണമെന്നാണ് യുഎഇയുടെ നിലപാട്. 2022 അവസാനം വരെ ഉല്‍പാദന നിയന്ത്രണം തുടരാമെന്ന നിര്‍ദ്ദേശം അവര്‍ തള്ളുന്നു. ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ രാജ്യം കോടിക്കണക്കിനു ഡോളര്‍ ചിലവിട്ടു കഴിഞ്ഞതിനാല്‍  നിയന്ത്രണ പരിധി കുറയ്ക്കണമെന്നാണ് അവരുടെ ആവശ്യം. 

ഒപെക് അംഗരാജ്യങ്ങളും ഇതര ഉല്‍പാദകരും തമ്മില്‍ ധാരണ ഉരുത്തിരിയുന്നതിന് അല്‍പം സമയമെടുത്തേക്കും. പ്രതിദിനം 400,000 ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിയ്ക്കാമെന്ന് എണ്ണ ഉല്‍പാദകരുടെ അവസാന  യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഫലം ഓഗസ്റ്റ് മുതലാണ് വിപണികളില്‍ അനുഭവപ്പെട്ടു തുടങ്ങുക. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഉല്‍പാദനത്തില്‍ വര്‍ധനവു പ്രതീക്ഷിക്കുന്നുണ്ട്.   ഇറാന്‍-യുഎസ് ആണവ ഉടമ്പടി സാധ്യമാകുന്നതോടെ കൂടുതല്‍ എണ്ണ വിപണിയിലെത്തുമെന്നും കച്ചവടക്കാര്‍ കണക്കു കൂട്ടുന്നു.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കമോഡിറ്റി വിഭാഗം മേധാവിയാണ്

English Summary : Crude Oil Price May Increase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS