ADVERTISEMENT

ഓഹരി വിപണി സെൻസെക്സ് ആദ്യമായി 55,000 കടന്നതിന്റെ ആഹ്ലാദത്തിലാണ് നിക്ഷേപകർ. കുതിക്കുന്ന ഈ വിലകളെക്കുറിച്ച് ചില വിപണി ഗുരുക്കന്മാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ ആര്‍ബിഐയുടെ  2021 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓഹരി വിപണിയിലെ കുമിളയെക്കുറിച്ചു സൂചന നല്‍കുന്നുണ്ട്. നിക്ഷേപകര്‍ അവരുടെ നിക്ഷേപ തന്ത്രങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിപണിയില്‍ പാഞ്ഞുകയറി നിക്ഷേപം നടത്തേണ്ട സമയമല്ല ഇത്.  ലാഭമെടുപ്പിനും പോര്‍ട്‌ഫോളിയോ പുനഃസന്തുലനത്തിനും സ്ഥിര വരുമാന ആസ്തികളില്‍ കുറേശ്ശെയായി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമുള്ള സമയമാണിത്. എന്നാല്‍, ബുള്‍വിപണിയില്‍ നിക്ഷേപം നിലനിര്‍ത്തുന്നത് ബുദ്ധിപരമാണ്. നിക്ഷേപകര്‍ക്ക് നിക്ഷേപം നിലനിര്‍ത്താനും വിലകുറയുമ്പോള്‍ വാങ്ങാനും കഴിയുന്ന സുരക്ഷിത മേഖലകള്‍ ഏതൊക്കെയാണ് ? 

ഐടിയില്‍ നേട്ടം ഉറപ്പ്്

മഹാമാരിയില്‍ നേട്ടമുണ്ടാക്കിയ മേഖലകളിലൊന്നാണ് ഐടി. ലോകമെങ്ങും ഡിജിറ്റലൈസേഷന്‍ അതിവേഗം മുന്നേറുമ്പോള്‍ ഐടി കമ്പനികള്‍ക്ക് മികച്ച കരാറുകള്‍ ലഭിക്കുന്നു. ഐടി വ്യവസായം വര്‍ഷങ്ങള്‍ നീളുന്ന വികസന പാതയിലാണെന്ന്  ഇന്ത്യയിലെ ഐടി മേഖലയിലെ മുന്‍നിരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഓഹരി വിലകള്‍ തീര്‍ച്ചയായും കൂടുതല്‍ തന്നെയാണ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്സിഎല്‍ ടെക് എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്ന പിഇ ഗുണിതങ്ങളിലാണ് ട്രേഡിങ് നടത്തുന്നത്. എന്നാല്‍ ഈ കമ്പനികള്‍ക്ക് ഉണ്ടാകാനിരിക്കുന്ന  നേട്ടങ്ങള്‍ വിലകളെ സാധൂകരിക്കും. വിപണിയില്‍ ശക്തമായ തിരുത്തലുണ്ടായാലും ഐടി മേഖലയ്ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയും. 

ധനകാര്യ സ്ഥാപനങ്ങള്‍

money-give

പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകള്‍ ഉള്‍പ്പടെ ബാങ്കിങ് മേഖല  ഈയിടെ ഉണ്ടായ കുതിപ്പില്‍ മോശം പ്രകടനമാണു നടത്തിയത്. കിട്ടാക്കടങ്ങളെ സംബന്ധിച്ച ആശങ്കളാണ് ഇതിനു കാരണം.  എന്നാല്‍ പ്രധാന സ്വകാര്യ മേഖലാ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ദൃശ്യമാണ്. വായ്പകളില്‍ സ്വകാര്യ ബാങ്കുകളുടെ പങ്ക് 2015 ലെ 21.26 ശതമാനത്തില്‍ നിന്ന് 2020ല്‍ 36.04 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രധാനപ്പെട്ട മൂന്നെണ്ണം ഒഴികെ മൂലധനത്തിന് ക്‌ളേശം അനുഭവിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍  ബുദ്ധിമുട്ടും. എന്നാല്‍ യഥേഷ്ടം മൂലധനം കൈവശമുള്ള സ്വകാര്യ ബാങ്കുകള്‍ക്ക് വായ്പാ കുതിപ്പില്‍ വലിയ നേട്ടം ഉണ്ടാവുകയും ചെയ്യും. 

പ്രധാന സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ഗുണകരമായിരിക്കും. മുന്‍നിരയിലുള്ള ഫിന്‍ടെക് കമ്പനിയും, ഹൗസിങ് ഫിനാന്‍സ് സ്ഥാപനവും സ്വകാര്യ ലൈഫ്-ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും നിക്ഷേപത്തിന് നല്ലതാണ്. അവയ്ക്ക് വളരെ വര്‍ഷങ്ങളുെട വളര്‍ച്ചാ സാധ്യതയാണ് മുന്നിലുള്ളത്.  

hacking-data-theft-1248

ടെലികോം 

മഹാമാരിയെത്തുടര്‍ന്ന് ഡാറ്റ ഉപഭോഗത്തിലുണ്ടായ കുതിച്ചു ചാട്ടം ടെലികോം മേഖലയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്.  ഫലത്തില്‍ രണ്ടു കമ്പനികള്‍ മാത്രം മത്സരിക്കുന്ന ഈ മേഖലയില്‍ വരാനിരിക്കുന്ന 5 ജി വിപ്ലവത്തിന്റെ ഗുണം ഇവര്‍ക്കു കാര്യമായി ലഭിക്കുകയും ചെയ്യും. വരാനിരിക്കുന്ന താരിഫ് വര്‍ധനവും അവര്‍ക്കു നല്ലതാണ്.  

ആരോഗ്യപരിപാലന, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകള്‍

മഹാമാരിയില്‍ നിന്ന് ഏറ്റവും പ്രയോജനം ലഭിച്ചത് ഫാര്‍മ മേഖലയ്ക്കാണ്. കോവിഡ് സൃഷ്ടിച്ച ഭീതി ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത്  ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന, 2021 സാമ്പത്തിക വര്‍ഷം 24.4 ബില്യണ്‍ ഡോളറിന്റെ മരുന്നു കയറ്റുമതിയുമായി മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് തീര്‍ച്ചയായും പ്രയോജനം നല്‍കും. പ്രമുഖ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ചൈനയ്ക്കു പകരം ഇന്ത്യയെയാണ് ഉറ്റു നോക്കുന്നത്. ഈ മേഖലയിലെ ഇന്ത്യയുടെ കാര്യക്ഷമത മികച്ചതാണ്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള ഫാര്‍മ ഓഹികളുടെ വിലകളും ഉയരത്തിലാണ് എന്ന കാര്യം നിക്ഷേപകര്‍ ഓര്‍മ്മിക്കണം. അതിനാല്‍ വില കുറയുമ്പോള്‍ വാങ്ങുന്നതായിരിക്കും നല്ലത്.  

ടെക്‌സ്‌റ്റൈല്‍സും വാഹനസ്‌പെയര്‍ പാര്‍ട്ടുകളും

dress

ഐടി, ഫാര്‍മ മേഖലകള്‍ക്കു പുറമേ ഇപ്പോഴത്തെ കയറ്റുമതി കുതിപ്പില്‍ പ്രയോജനമുണ്ടാക്കാനിരിക്കുന്ന രണ്ടു മേഖലകളാണ് ടെക്‌സ്‌റ്റെല്‍സും വാഹന സ്‌പെയര്‍ പാര്‍്ട്ടുകളും. മെയ്മാസത്തെ 72.50ല്‍ നിന്ന് ഇപ്പോള്‍ 74.50 ആയിത്തീര്‍ന്ന ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യ ശോഷണം കയറ്റുമതിക്കാര്‍ക്ക് അനുഗ്രഹമാണ്. ടെക്‌സ്റ്റയില്‍ രംഗം  കുതിപ്പിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്.  2021 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍  122 ടെക്‌സ്റ്റൈല്‍ കമ്പനികള്‍ മുന്‍  വര്‍ഷത്തെയപേക്ഷിച്ച് 27 ശതമാനം മൊത്ത വരുമാന വര്‍ധനയും നികുതി കഴിച്ചുള്ള ലാഭത്തില്‍ 123 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. മുന്നോട്ടു പോകുന്തോറും ഈ പ്രവണത വളരാനാണ് സാധ്യത. മറ്റുള്ളവയെ അപേക്ഷിച്ച്  വില കുറവിന്റെ ആനുകൂല്യമുള്ള ഇന്ത്യയിലെ വാഹന സ്‌പെയര്‍ പാര്‍ട് മേഖലയും നേട്ടമുണ്ടാക്കുമെന്ന് നിസംശയം പറയാം. രൂപയുടെ മൂല്യ ശോഷണം ഇവരുടെ ലാഭത്തില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടാക്കും. 

മൂലധന ഉപകരണങ്ങളും റിയല്‍ എസ്റ്റേറ്റും

അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ചിലവഴിക്കുന്ന പണമാണ് ഇപ്പോള്‍ നടക്കുന്ന സാമ്പത്തിക വികസനത്തിന്റെ പ്രധാന രാസത്വരകം. മൂലധന ഉപകരണ നിര്‍മ്മാതാക്കള്‍ക്ക്  ഇതു മൂലം നേട്ടമുണ്ടാകും. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുകളും സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളും നല്‍കുന്ന പിന്‍ബലത്തോടെ വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖല. സിമെന്റ്, സെറാമിക്‌സ്, പെയിന്റ്, പശ മേഖലകളിലെല്ലാം ഇതിന്റെ ഗുണം അനുഭവപ്പെടും. 

ലോഹങ്ങള്‍

2021ലെ കുതിപ്പിന്റെ നേതൃസ്ഥാനത്താണ് നിഫ്റ്റി മെറ്റല്‍ സൂചിക. വളരെക്കാലം താഴ്ന്നു കിടന്ന ലോഹ ചക്രം ഇപ്പോള്‍ വീണ്ടും ദീര്‍ഘകാല വികസന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. യുഎസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക വീണ്ടെടുപ്പ്  ഉരുക്ക്, നാകം, അലുമിനിയം, ചെമ്പ് എന്നീ ലോഹങ്ങള്‍ക്ക് വളരെ സഹായകമായിത്തീരുന്നുണ്ട്.  

തിളങ്ങുന്ന ചെറുകിടക്കാർ

സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ഘട്ടത്തില്‍ ഇടത്തരം-ചെറുകിട ഓഹരികള്‍ വന്‍കിട ഓഹരികളെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്തുന്നത് സാധാരണമാണ്. ഉദാഹരണത്തിന്  ഐടിയിലെ മുന്‍ നിര കമ്പനിയായ ടിസിഎസില്‍ നിന്നുള്ള ഒരു വര്‍ഷ നേട്ടം 50 ശതമാനമായിരിക്കുമ്പോള്‍, ഇടത്തരം കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ ഒരു വര്‍ഷ നേട്ടം 400 ശതമാനത്തോളമാണ്. ഇടത്തരം-ചെറുകിട ഓഹരികളുടെ ഈ മികച്ച പ്രകടനം ഇടക്കാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍  നിലനിന്നേക്കാം.  എന്നാല്‍ ഇടത്തരം- ചെറുകിട ഓഹരികളിലെ ജേതാക്കളെ മുന്‍കൂട്ടി കണ്ടെത്തുക എളുപ്പമല്ല. അതിനാല്‍ ഇടത്തരം-ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച തന്ത്രം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളിലൂടെയുള്ള നിക്ഷേപമായിരിക്കും.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Which are the Safe Sectors to Invest in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com