ADVERTISEMENT

പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ നിക്ഷേപം നടത്തുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ ഭാരത് ബോണ്ട് ഇടിഎഫിന്റെ മൂന്നാം ഘട്ടം സര്‍ക്കാര്‍ ഇന്ന് ആരംഭിച്ചു. ഭാരത് ബോണ്ട് ഇടിഎഫിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളും വിജയകരമായതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടം സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഡിസംബര്‍ 9 ന് അവസാനിക്കും. അടിസ്ഥാന ഇഷ്യു 1,000 കോടി രൂപയുടേതായിരിക്കും. ഇതിന് പുറമെ ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 4,000 കോടി രൂപ കൂടി അധികമായി സമാഹരിക്കും.

ധനമന്ത്രാലയത്തിന് കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദീപം) തുടങ്ങിയ സംരംഭമാണ് ഭാരത് ബോണ്ട് ഇടിഎഫ്. ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചുമതല എഡല്‍വീസ് മ്യൂച്വല്‍ ഫണ്ടിനാണ്  നല്‍കിയിരിക്കുന്നത്.  

മൂന്നാംഘട്ടത്തിലെ ഭാരത് ബോണ്ട് ഇടിഎഫിന്റെ മെച്യൂരിറ്റി കാലാവധി 2032 ഏപ്രില്‍ 15 ആണ്.  അതേസമയം, ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത നിക്ഷേപകര്‍ക്കായി സമാനമായ കാലാവധിയുള്ള ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ടും പുറത്തിറക്കുന്നുണ്ട്. ഇടിഎഫുകളില്‍ വ്യാപാരം നടത്താന്‍ നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

നിഫ്റ്റി ഭാരത് ബോണ്ട് സൂചികയുടെ ഭാഗമായ  കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. എഎഎ റേറ്റിങ് ഉള്ള പൊതുമേഖലാ കമ്പനികളാണ് ഇതില്‍  പ്രധാനമായും ഉള്‍പ്പെടുന്നത് . മൂന്ന് വര്‍ഷം , 10 വര്‍ഷം എന്നിങ്ങനെ നിക്ഷേപ കാലാവധികളുള്ള ബോണ്ട് ഇടിഎഫുകളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയത്. രണ്ടാംഘട്ടത്തില്‍ 5 വര്‍ഷം, 12 വര്‍ഷം എന്നിങ്ങനെയായിരുന്നു നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രണ്ട് കാലാവധികള്‍.  മൂന്നാം ഘട്ടം കൂടി അവതരിപ്പിക്കുന്നതിലൂടെ  ഭാരത് ബോണ്ട് ഇടിഎഫിന്  2023,2025, 2030,2031,2032 എന്നിങ്ങനെ  അഞ്ച് മെച്യൂരിറ്റി കാലയളവുകള്‍ ഉണ്ടാകും. ചില്ലറ  നിക്ഷേപകര്‍ക്ക് വളരെ എളുപ്പത്തില്‍ ബോണ്ട് വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഭാരത് ഇടിഎഫ് നല്‍കുന്നത്. സ്ഥിര നിക്ഷേപത്തിന് ഒരു ബദല്‍ മാര്‍ഗം അന്വേഷിക്കുന്നവര്‍ക്കും ഇത് മികച്ച അവസരമാണ് നല്‍കുക.

English Summary : Bharat Bond ETF Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com