ADVERTISEMENT

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദ കഥകളാണ് ഓഹരി വിപണയിൽ ഇപ്പോൾ യുദ്ധത്തേക്കാളേറെ നിറഞ്ഞു നിൽക്കുന്നത്. 2013 -16 കാലഘട്ടത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എം ഡി യും, സിഇഒയുമായ ചിത്ര രാമകൃഷ്ണ വളരെ  തന്ത്രപ്രധാന സാമ്പത്തിക കാര്യങ്ങൾ ഹിമാലയത്തിലെ സ്വാമിയുമായി  പങ്കുവെച്ചു, എന്തിനും, ഏതിനും അഭിപ്രായം ചോദിച്ചു എന്നതാണ് വിവാദ വിഷയം. സ്വാമിയുടെ നിർദേശമനുസരിച്ച്, ആനന്ദ് സുബ്രമണ്യൻ എന്നയാളെ  കോടിക്കണക്കിനു രൂപ ശമ്പളം നൽകി ഉപദേഷ്ടാവായി നിയമിക്കുകയും, മറ്റു കാര്യങ്ങളിൽ സ്വാമിയുടെ നിർദേശങ്ങൾക്കനുസരിച്ച് അക്ഷരംപ്രതി തീരുമാനമെടുക്കുകയും  പ്രവർത്തിക്കുകയും ചെയ്തു. അല്‍ഗോ വ്യാപാരത്തിലുൾപ്പെടെ പല അഴിമതികളും, സെർവറുകളുമായി ബന്ധപ്പെട്ടുള്ള കള്ളത്തരങ്ങളും ഈ സമയത്തു എൻ എസ് ഇയിൽ നടന്നിരുന്നു. ചിത്ര രാമകൃഷ്ണയുടെ ദുരൂഹ ഇടപാടുകളെക്കുറിച്ചു സെബിക്ക് ലഭിച്ച അജ്ഞാത സന്ദേശങ്ങളിൽനിന്നാണ് പുറം ലോകം കാര്യങ്ങൾ മനസ്സിലാക്കുന്നത്. 

അറസ്റ്റ് 

ശിറോൺമണിയെന്നു ചിത്ര  വിശേഷിപ്പിച്ച  ചിത്രയുടെ കൂടെ ഓഫീസിലുണ്ടായിരുന്ന, സിബിഐ അറസ്റ്റ് ചെയ്ത ആനന്ദ്  സുബ്രഹ്മണ്യമാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഇ മെയിലുകൾ അയച്ച സ്വാമിജി തന്നെയായിരുന്നു ആനന്ദ് സുബ്രമണ്യൻ എന്ന് ഇമെയിലുകൾ പരിശോധിച്ച ഈ മേഖലയിലെ വിദഗ്ധർ മുൻപേ പറഞ്ഞിരുന്നു. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും, എൻ എസ്  ഇ യിലെ വിരമിച്ച ഉദ്യോഗസ്ഥർക്കുമെല്ലാം അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. 

സ്വാമിക്ക് രൂപമില്ലെന്ന ചിത്ര രാമകൃഷ്ണന്റെ ഉത്തരവും ആനന്ദ് സുബ്രമണ്യത്തിനും ഭാര്യക്കും ശമ്പളം വാരിക്കോരി കൊടുത്തതും, സ്വാമിജിയുടെ ഇമെയിലുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പറുമെല്ലാം  സിബിഐ ക്ക് പ്രതികളിലേക്കെത്തൽ എളുപ്പമാക്കി. ഹിമാലയത്തിലെ 'അരൂപിയായ സ്വാമിയും,ചിത്രയും' കൈമാറിയ ഈമെയിലുകളിൽ എൻ എസ് ഇയുടെ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ  വിവരങ്ങൾ മുതൽ  കടലിൽ കുളിക്കാൻ പോകുന്ന വിവരങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. സിബിഐ അറസ്റ്റോടെ സ്വാമി ആരാണെന്നു മനസ്സിലായെങ്കിലും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ്. 

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 

∙ ട്രില്യൺ രൂപയിൽ കൂടുതൽ ദിവസം കൈകാര്യം ഒരു സ്ഥാപനത്തെ ഒരു വ്യക്തിക്ക്  എങ്ങനെ നിയന്ത്രിക്കാനായി എന്നതും അസ്റ്റിലായ  ആനന്ദ്  സുബ്രമണ്യൻ എന്നയാൾ  മാത്രമാണോ തിരിമറികൾക്കു പിന്നിൽ അതല്ലെങ്കിൽ ഇതിനുപിന്നിൽ വലിയൊരു കൂട്ടം അഴിമതിക്കാർ ഉണ്ടായിരുന്നോ  എന്നതും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ഇന്ദ്രിയങ്ങളെ പൂർണമായും നിയന്ത്രണത്തിലാക്കാൻ ശക്തിയുള്ള യോഗിയുടെ തീരുമാനപ്രകാരം എൻ എസ് ഇയിൽ  കാര്യങ്ങൾ നടപ്പിലാക്കി എന്ന് രാജ്യത്തെ ഒരു സുപ്രധാന സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ചിത്രക്ക് പറയുവാനുള്ള 'വിവേകവും' ധൈര്യവും എങ്ങനെയുണ്ടായി  എന്നതാണ് എല്ലാവരുടെയും മനസിലുള്ള ചോദ്യം. മറ്റു ചോദ്യങ്ങൾ ഇവയാണ് 

∙ സാമ്പത്തിക മേഖലയിൽ മുൻപരിചയമില്ലാത്ത ആനന്ദ് സുബ്രമണ്യത്തിനെ പ്രധാന ചുമതലയിൽ നിയമിച്ചപ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ  പാലിച്ചോ?

∙2013 - 16 കാലഘട്ടത്തിൽ നടന്ന  അഴിമതികൾ  കണ്ടുപിടിക്കുവാൻ എന്തുകൊണ്ട്  ഇത്രയും വൈകി?

∙സെബിയുടെ അറിവോടെയാണോ ചിത്ര സ്വയം വിരമിച്ചത്?

∙ഇതിനോട് ചുറ്റിപറ്റി മറ്റുള്ള ഗൂഢാലോചനകൾ ഉണ്ടായോ?

∙എന്തുകൊണ്ട് തെളിവുകൾ നശിപ്പിക്കപ്പെട്ടു?

∙എൻ എസ് ഇ തെളിവുകൾ നശിപ്പിച്ചുവെന്നു തെളിഞ്ഞിട്ടും എന്തുകൊണ്ട് സെബി നടപടി എടുത്തില്ല?

∙ചിത്രയും ഗുരുവും കൈമാറിയ ഇമെയിലുകൾ എന്തുകൊണ്ട് സെബി പുറത്തു വിടുന്നില്ല? 

∙ഇനിയും മറച്ചുവെക്കപെട്ട കള്ളത്തരങ്ങൾ വേറെയുണ്ടോ?

∙ഉയർന്ന ഉദ്യോഗസ്ഥരുടെ പങ്കു കരുതിക്കൂട്ടി മറച്ചു വെക്കുകയാണോ?

നിക്ഷേപകരെ എങ്ങനെ ബാധിക്കും?

കേന്ദ്ര സർക്കാർ ഓഹരി നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പല സർക്കാർ പദ്ധതികളും, ഓഹരി വിപണിയുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുള്ള സമയത്ത്, ഇത്ര വലിയ ആരോപണമുണ്ടായിട്ടും, എങ്ങനെ വർഷങ്ങളോളം ഈ  കാര്യങ്ങൾ പുറത്തു വരാതിരുന്നുവെന്നതാണ് ഗുരുതര പ്രശ്‍നം. വിദേശ നിക്ഷേപക സ്ഥാപനങ്ങളും, ആഭ്യന്തര നിക്ഷേപകരും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഇത്തരം കാര്യങ്ങളിലൂടെ ഇല്ലാതാകുന്നത്. ഇന്ത്യയുടെ പ്രതിച്ഛായയെ ഇത് മോശമായി ബാധിക്കും എന്നതിലുപരി, വിദേശ നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു അകറ്റാനും ഇത് കാരണമാകും. 

NSE-jpeg

ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ  വിദേശ നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കി മറ്റ് വളരുന്ന സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കുവാൻ താല്പര്യം കാണിച്ചാൽ അതും നമ്മുടെ ഓഹരി വിപണിയുടെ വളർച്ചയെ തളർത്തും. ബാങ്കുകളിലെയും ചിട്ടികളിലെയും നിസ്സാര ആദായത്തിനേക്കാൾ ഓഹരി വിപണി നല്ല ആദായം നൽകുമെന്നു വിശ്വസിച്ച് ഇതിൽ നിക്ഷേപിക്കുന്ന ചെറുകിട നിക്ഷേപകരെ ഇത് മോശമായി  ബാധിക്കും. 

കേന്ദ്രസർക്കാരിനും മിണ്ടാട്ടമില്ല

എൻ എസ് ഇ  പോലുള്ള ഒരു പ്രധാന  സ്ഥാപനത്തിന് പോലും കാര്യക്ഷമമായി പ്രവർത്തിക്കാനായില്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും  കെടുകാര്യസ്ഥത ഉണ്ടാകുമെന്ന ചിന്ത  നിക്ഷേപകരെ ഇവയിൽ നിന്നും മാറ്റിനിർത്തും. എൽ ഐ സി പോലുള്ള ഒരു സ്ഥാപനം ഐ പി ഒ യുമായി വരുമ്പോൾ പോലും ഇക്കാര്യങ്ങൾ നിക്ഷേപകരുടെ മനസ്സിലുണ്ടാകും. ഇത്രയും വലിയ  അഴിമതി വെളിച്ചത്തു വന്നിട്ട് പോലും കേന്ദ്രസർക്കാർ  ഇതിനെതിരെ മൗനം പാലിക്കുന്നതും ആശങ്കാജനകമാണ്. 

രാജ്യത്തെ എല്ലാ ഓഹരിനിക്ഷേപകർക്കും ഒരുപോലെ ലഭിക്കേണ്ട വിവരങ്ങൾ ചില ബ്രോക്കറേജുകൾക്കു മാത്രമായി ആദ്യം ലഭിച്ചിരുന്ന ക്രമക്കേട് ഇന്നും, ഇന്നലെയും തുടങ്ങിയതല്ല. എന്നിട്ടും  ഓഹരി വിപണി റെഗുലേറ്റർ ആയ സെബി ഇതെല്ലാം  കണ്ടില്ലെന്നു നടിച്ചു എന്ന ഒരു  ഗുരുതര വിഷയം  ഇപ്പോഴും ചിത്ര - യോഗി കഥകൾക്കിടയിൽ മറഞ്ഞു കിടക്കുകയാണ്. തട്ടിപ്പിൽ നിക്ഷേപകർപ്പെടരുതെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം  പരസ്യം ചെയ്യുന്ന എൻ എസ്  ഇയിൽ എന്തുറപ്പിച്ചു ഓഹരി വ്യാപാരം ചെയ്യുമെന്നാണ്  നിക്ഷേപകർ ഇപ്പോൾ ചോദിക്കുന്ന ഉത്തരമില്ലാത്ത  വലിയ ചോദ്യം.

English Summary: Corruption in NSE, Why Central Government and SEBI Keeping Silence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com