ADVERTISEMENT

ഗവൺമെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും സാധാരണ വ്യക്തികൾക്കും നേരിട്ട് നിക്ഷേപിക്കുവാനും ട്രേഡ് ചെയ്യാനും ഉള്ള അവസരം റിസർവ് ബാങ്ക് അവതരിപ്പിച്ചതിനുശേഷം ഇതുവരെ 60,000 പേർ റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങി കഴിഞ്ഞു. ഇതിൽ 35000 പേർ സ്ഥിരമായി നിക്ഷേപവും ട്രേഡിങും നടത്തി മികച്ച നേട്ടം ഉണ്ടാക്കുന്നുമുണ്ട് എന്ന് റിസർവ് ബാങ്ക് വക്താക്കൾ പറയുന്നു. 

2021 നവംബർ 12 ന് ആണ് സാധാരണ വ്യക്തികൾക്കും ഈ മേഖല തുറന്നു കൊടുത്തത്. അതുവരെ വ്യക്തികൾക്ക് ഗവൺമെന്റ് സെക്യൂരിറ്റികൾ വാങ്ങണമെങ്കിൽ ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കണമായിരുന്നു.

സുരക്ഷിതം, ഉയർന്ന നേട്ടം 

അത്യധികം സുരക്ഷിതവും ഉയർന്ന നേട്ടം നൽകുന്നതുമായ ഗവൺമെന്റ് സെക്യൂരിറ്റികളിൽ വ്യക്തികൾക്കും നിക്ഷേപം നടത്തുന്നതിനു വേണ്ടിയാണ് റീട്ടെയിൽ ഡയറക്റ്റ് പ്ലാൻ എന്ന പേരിൽ പുതിയൊരു പദ്ധതി റിസർവ് ബാങ്ക് ആവിഷ്കരിച്ചത്. പത്തു വർഷ ഗവൺമെന്റ് ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ 6.80% ഉറച്ച നേട്ടം ലഭിക്കുന്നു. അതേസമയം ബാങ്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് ശരാശരി 5.40 - 6.30 ശതമാനത്തിനിടയിലാണ് നേട്ടം.

റീട്ടെയിൽ ഡയറക്റ്റ് പ്ലാൻ വഴി സെക്യൂരിറ്റി ട്രേഡിങിനും അവസരമുണ്ട്. ബോണ്ടിൽ നിന്നുള്ള നേട്ടം നികുതി മുക്തമാക്കാൻ ഗവൺമെന്റ് ആലോചിക്കുന്നുണ്ട്. 

എങ്ങനെ അക്കൗണ്ട് തുറക്കാം?

ഓൺലൈനായി അക്കൗണ്ട് തുടങ്ങാം. ഇതിനായി റിസർവ് ബാങ്കിന്റെ പോർട്ടലിൽ കയറി റീട്ടെയിൽ ഡയറക്റ്റ് പ്ലാൻ ക്ലിക്ക് ചെയ്യുക. കെ.വൈസിയും മറ്റു വിവരങ്ങളും നൽകുക.

ഏറ്റവും ചുരുങ്ങിയത് 10000 രൂപ നിക്ഷേപിക്കണം. ഉയർന്ന തുകയ്ക്ക് പരിധിയില്ല. 

ഈ സൗകര്യം ഇന്ത്യയിൽ മാത്രം

ലോകത്ത് ആദ്യമായാണ് ഇന്ത്യ, സാധാരണ വ്യക്തികൾക്ക് ഗവൺമെന്റ് ബോണ്ട് വിപണി തുറന്നു കൊടുത്തത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ ജനസംഖ്യയുടെ 1% പേരെയെങ്കിലും റീട്ടെയിൽ പ്ലാനിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് റിസർവ് ബാങ്ക് പദ്ധതിയിടുന്നത്.

English Summary: RBI's Government Bond is Available for Common Man Also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com