ADVERTISEMENT

അമേരിക്കൻ വീഴ്ചയുടെ സ്വാധീനത്തിൽ ഇന്ന് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും നഷ്ടത്തിൽ തുടരുന്നതും ഏഷ്യൻ വിപണികൾക്ക് ക്ഷീണമാണ്. എസ്ജിഎക്സ് നിഫ്റ്റി 15900 പോയിന്റിനടുത്താണ് വ്യാപാരം നടക്കുന്നത്. 

തകർന്നടിഞ്ഞു അമേരിക്ക 

ടാർഗറ്റ് കോർപറേഷന്റെ മോശം റിസൾട്ട് ഓഹരിക്ക് നൽകിയ 24% വീഴ്ചക്ക് പിന്നാലെ വാൾമാർട്ട് അടക്കമുള്ള റീറ്റെയ്ൽ ഓഹരികളിലേക്കും, പിന്നീട് ടെക് ഓഹരികളിലേക്കും വില്പന സമ്മർദ്ദം പടർന്നു. 2020ന് ശേഷം ആദ്യമായി ഡൗ ജോൺസ്‌ 1100 പോയിന്റിലധികം നഷ്ടം നേരിട്ടപ്പോൾ 4% ൽ അധികം വീണു നാസ്ഡാക്കും എസ്&പിയും. ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, വാൾമാർട്ട് തുടങ്ങിയ ഓഹരികളെല്ലാം ഇന്നലെ 5%ൽ കൂടുതൽ വീണു. ക്രൂഡ് ഓയിൽ വീണത് എനർജി ഓഹരികൾക്കും ബോണ്ട് യീൽഡിലെ ഇറക്കം ബാങ്കിങ് ഓഹരികൾക്കും ഇന്നലെ വീഴ്ച നൽകി. ടെസ്‌ലയെ എസ്&പി ഇഎസ്ജി ഇൻഡക്സിൽ നിന്നും പുറത്താക്കിയതും ഇന്നലെ ടെസ്‌ലയുടെ വീഴ്ചക്ക് ആക്കം കൂട്ടി. ഇന്നത്തെ ജോബ് ഡേറ്റ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലെയും മികച്ച തുടക്കം നേടിയെങ്കിലും ലാഭമെടുക്കലിൽ നിഫ്റ്റി ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കി. നിഫ്റ്റിയുടെ ആദ്യ കടമ്പയായിരുന്ന 16400 കടക്കാനാകാതെ പോയതും ഇന്നലെ വിപണിയുടെ ആത്മവിശ്വാസം ചോർത്തി. അമേരിക്കൻ വിപണി വീഴ്ചയുടെ പശ്ചാത്തലത്തിൽ 15900 പോയിന്റിലെ പിന്തുണ ഇന്ന് നിഫ്റ്റിക്ക് നിർണായകമാണ്. 15900 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 15750 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 16400 പോയിന്റിലും 16550 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെയും റെസിസ്റ്റൻസുകൾ. 

നാസ്ഡാകിന്റെ വീഴ്ച ഇന്ത്യൻ ഐടി സെക്ടറിനും വീഴ്ച നൽകിയേക്കും. എഫ്എംസിജി, മെറ്റൽ, ഫാർമ, പവർ, എനർജി, മാനുഫാക്ച്ചറിങ്  സെക്ടറുകൾ ഇന്ന് പിടിച്ചു നിന്നേക്കും. റിലയൻസ്, പവർ ഗ്രിഡ്, എൻടിപിസി, ഹിൻഡാൽകോ, അൾട്രാ ടെക്, അംബുജ സിമന്റ്, ഐടിസി, മഹിന്ദ്ര മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ബാങ്ക് നിഫ്റ്റി 

ഇന്നലെ 138 പോയിന്റ് നഷ്ടത്തിൽ 34164 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 33800 പോയിന്റിലും 33500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 34550 പോയിന്റിലും 34900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

റിസൾട്ടുകൾ   

ഹിന്ദ് പെട്രോ, അശോക് ലെയ്‌ലാൻഡ്, ഡോക്ടർ റെഡ്ഡീസ്, ഗോദ്‌റെജ്‌ കൺസ്യൂമർ, ചമ്പൽ ഫെർട്ടിലൈസർ, കണ്ടെയ്നർ കോർപറേഷൻ, ഗ്ലാൻഡ് ഫാർമ, എൻഡ്യൂറൻസ് ടെക്, നൊവാർട്ടീസ്, രാംകോ സിസ്റ്റംസ്, റോസറി ബയോ ടെക്ക്, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ്, സുര്യോദയ് സ്‌മോൾ ഫിനാൻസ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഇൻവെന്ററി കഴിഞ്ഞ ആഴ്ചയിൽ വീഴ്ച കാണിച്ചെങ്കിലും അമേരിക്കൻ എണ്ണ ഉത്പാദനം വർദ്ധിക്കുന്നത് ഇന്നലെ ക്രൂഡ് ഓയിലിന് വീഴ്ച നൽകി. ചൈനീസ് ഓപ്പണിങ് അടക്കം എണ്ണ ആവശ്യകത വർദ്ധിക്കുന്നത് ക്രൂഡിന് പിൻതുണനൽകിയേക്കും. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 3%ന് അടുത്ത് തന്നെ നിൽക്കുന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ഓഹരി വിപണിയിൽ നിന്നും പണം സ്വർണത്തിലേക്ക് ഒഴുകിയേക്കാവുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1800 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ സ്വർണം ഇനിയും വീണേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com