ADVERTISEMENT

ഇന്ത്യൻ ഐ ടി കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തളർച്ചയിലാണ്. ഓഹരി വിപണി താഴ്ചയിൽനിന്നു കരകയറുന്ന സമയത്തു പോലും ഐ ടി കമ്പനികളുടെ  ഓഹരികൾ ഉയരുന്നില്ല. എന്തുകൊണ്ടാണ് ഐ ടി കമ്പനികളുടെ  ഓഹരി വിലകളിൽ തകർച്ചയുണ്ടാകുന്നത്?

ആഗോള പ്രതിഭാസം 

മെയ് ആദ്യവാരം മുതൽ  അമേരിക്കയിലെ പല ഐ ടി കമ്പനികളുടെ  ഓഹരികളും തളർച്ചയിലാണ്. ഫേസ്ബുക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ തുടങ്ങിയ 'ഫാങ്' എന്നറിയപ്പെടുന്ന വൻകിട ടെക് കമ്പനികളുടെ ഓഹരികളുടെ വിൽപ്പന സമ്മർദ്ദം ഇന്ത്യയിലെ ടെക് കമ്പനികളുടെ ഓഹരികളിലും പ്രതിഫലിച്ചു. 

വരിക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഓഹരികളിലും പ്രതിഫലിച്ചത്. ഓരോ പാദത്തിലും വരിക്കാരുടെ എണ്ണത്തിലെ വളർച്ചയും, വരുമാനവും കൂടുന്നതിനനുസരിച്ചു ഓഹരിവിലകളിൽ ഉയർച്ച ഉണ്ടാകാറുണ്ട്. ഒരു പാദത്തിലെ വരുമാനം കോടികൾ ഉണ്ടെങ്കിൽ കൂടി കഴിഞ്ഞ പാദത്തിലെ വരുമാനം വെച്ച് താരതമ്യപ്പെടുത്തുമ്പോൾ കുറവുണ്ടായാൽ ഓഹരി വിലകളും താഴും.

ജനജീവിതം സാധാരണ നിലയിലായത് 

രണ്ടു വർഷം  മുൻപ് മഹാമാരി ആരംഭിച്ചപ്പോൾ എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്തു തുടങ്ങിയത് ഐ ടി കമ്പനികളുടെ സേവനങ്ങൾക്ക്  വൻ ഡിമാൻഡ് ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഓഫീസുകളും, സ്കൂളുകളും തിരിച്ചു പ്രവർത്തനക്ഷമമായതോടെ ഐ ടി രംഗത്തു മുൻപുണ്ടായ തരത്തിലുള്ള ഡിമാൻഡ് നിലനിർത്താനാകുന്നില്ല. ഇതുകൊണ്ടാണ് സോഷ്യൽ മീഡിയ ഭീമന്മാർ അടക്കമുള്ള വൻ കമ്പനികളുടെ  ഓഹരി മൂല്യത്തിൽ ഇടിവുണ്ടാകുന്നത്. 

ഓഹരി വ്യാപാരത്തോത് കുറഞ്ഞത് 

മഹാമാരിയുടെ സമയത്ത്  ആഗോളതലത്തിൽ കൂടുതൽ വ്യക്തികൾ ഓഹരി വ്യാപാരത്തിൽ ആകൃഷ്ടരായി നിക്ഷേപവും, വ്യാപാരവും തുടങ്ങിയിരുന്നു.ഓഹരി വ്യാപാരത്തിന് പറ്റിയ തരത്തിലുള്ള ധാരാളം ആപ്പുകളും ആ സമയത്ത് വളരെ ജനകീയമായിരുന്നു. ഫെബ്രുവരി മുതൽ ഓഹരി വിപണികൾ തകർന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചു. ഓഹരി വിപണികൾ തകർന്നത്തോടെ പല വ്യക്തികളും വ്യാപാരവും, നിക്ഷേപവും ഉപേക്ഷിച്ച് പഴയ ഓഫീസ് ജോലികളിലേക്ക് മടങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥകൾ തുറന്നതും ഈ ഒരു പ്രവണതക്ക് ആക്കം  കൂട്ടി. 

സാമ്പത്തിക മാന്ദ്യം 

യുദ്ധം സൃഷ്ടിച്ച സാമ്പത്തിക  അരക്ഷിതാവസ്ഥ  എത്രകാലം നീണ്ടുനിൽക്കുമെന്ന് അറിയാത്തതും പലിശ നിരക്കുകൾ കൂടിയതും മൂലം ഓഹരികളിൽ നിന്നുള്ള നിക്ഷേപം ബോണ്ടുകളിലേക്കും, ഡോളർ പോലുള്ള കറൻസികളിലേക്കും, സ്വർണത്തിലേക്കും വഴിതിരിച്ചുവിടാൻ തുടങ്ങി. ഇതും ടെക് ഓഹരികളുടെ മൂല്യം കുറക്കാൻ കാരണമായി. 

ടെക് ഓഹരികളിൽ കരടികൾ പിടിമുറുക്കിയിരിക്കുകയാണെങ്കിലും, ഇത് ഒരു താത്കാലിക പ്രതിഭാസമായിരിക്കും എന്നാണ് വിപണി വിശകലന വിദഗ്ധരുടെ അനുമാനം.എന്നാൽ ജെ പി മോർഗൻ എന്ന ബ്രോക്കറേജ്‌ കമ്പനി  ടി സി എസ് ,വിപ്രോ, എഛ് സി എൽ ടെക് , എൽ ആൻഡ് ടി ടെക് എന്നീ കമ്പനികളെ  തരം താഴ്ത്തുകയും(ഡൗൺഗ്രേഡഡ്) ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംഫസിസ്, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവയെ കൂടുതൽ വളർച്ച സാധ്യതയുള്ള കമ്പനികളായി (ഓവർ വെയ്റ്റ്) കണക്കാക്കുകയും ചെയ്യുന്നു.  മുൻ വർഷങ്ങളിലെപ്പോലെ  വളർച്ചാതോത് നിലനിർത്താനായില്ലെങ്കിലും, തുടർന്നും ടെക് കമ്പനികളുടെ സേവനങ്ങൾ ആഗോളതലത്തിൽ വളരുകതന്നെ ചെയ്യും.സാങ്കേതിക സേവനങ്ങൾ നൽകുന്ന കമ്പനികളെ  മാറ്റിനിർത്തി  ഇപ്പോഴത്തെ ലോകത്തിന് മുന്നോട്ട് പോകാനാകില്ല. ഏതൊരു മേഖലയിലും കുറച്ചുകാലത്തെ വളർച്ചക്ക് ശേഷം ഒരു മുരടിപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ടെക് ഓഹരികളിൽ  ഇപ്പോഴുണ്ടാകുന്ന വില്പനസമ്മർദം 'ടെക് ബബിളാണോ' എന്ന് ആശങ്കപ്പെടേണ്ടതില്ല.

English Summary : Why Tech Shares are Going Down?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com