മുകേഷ് അംബാനി വീണ്ടും നമ്പർ വൺ സമ്പന്നൻ, തൊട്ടു പിന്നിൽ അദാനി
Mail This Article
റിലയൻസ് ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ മുകേഷ് അംബാനി ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായി. ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം, റിലയൻസ് ചെയർമാനായ അംബാനിയുടെ ആസ്തി 9970 കോടി ഡോളറായതിനാൽ ലോകത്തിലെ ഏറ്റവും സമ്പന്നരിൽ എട്ടാം സ്ഥാനത്താണദ്ദേഹം.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വെള്ളിയാഴ്ച ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 9870 കോടി ഡോളറാണ്. അദ്ദേഹം ഏഷ്യൻ സൂചികയിൽ രണ്ടാം സ്ഥാനത്തും ആഗോള സൂചികയിൽ ഒമ്പതാം സ്ഥാനത്തുമാണ്.
റിലയൻസിന്റെ ഏകദേശം 60% വരുമാനവും എണ്ണ ശുദ്ധീകരണത്തിൽ നിന്നും പെട്രോകെമിക്കലുകളിൽ നിന്നുമാണ് വരുന്നത്, എന്നിരുന്നാലും, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, സാങ്കേതികവിദ്യ എന്നിവയിൽ വൈവിധ്യവൽക്കരിച്ച് എണ്ണ ശുദ്ധീകരണത്തെ ആശ്രയിക്കുന്നത് കമ്പനി കുറയ്ക്കുകയാണ്.
റിലയൻസിന്റെ ഏറ്റെടുക്കൽ വാർത്തകൾ തുടരുകയാണ്
ഇറ്റലി ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ലെഗ്‌നോയുടെ ഇന്ത്യയിലെ കളിപ്പാട്ട നിർമാണ ബിസിനസിൽ 40 ശതമാനം ഓഹരികൾ റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡ് ഏറ്റെടുക്കുമെന്ന്അറിയുന്നു. ഇതിനു പുറമെ റിലയൻസ് ഇൻഡസ്ട്രീസ് എഡ്‌ടെക് സ്റ്റാർട്ടപ്പായ ലിഡോ ലേണിങിൽ നിക്ഷേപിക്കും. ഇതേസമയം സിവിൽ ഏവിയേഷൻ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിനായി മുംബൈ ആസ്ഥാനമായുള്ള എയർ വർക്ക്സ് ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പും ആലോചിക്കുന്നു.
English Summary : Mukesh Ambani Became the Richest in Asian Bloomberg Billionaire List Again