ADVERTISEMENT

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന എൽഐസിയ്ക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന കനത്ത നഷ്ടത്തിൽ സംരക്ഷണം നൽകാൻ ആർക്കാണ് കഴിയുക?   

ലിസ്റ്റിങ് ദിവസം 8 ശതമാനം വില ഇടിഞ്ഞപ്പോൾ 42,500 കോടിയുടെ നഷ്ടമാണ് ഒറ്റദിവസം കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ ഉണ്ടായത്. ഇന്ന് ഓഹരി 723 രൂപയിലേക്ക് എത്തിയതോടെ വിപണി മൂല്യം ആറ് ലക്ഷത്തിൽ നിന്ന് 4.59 ലക്ഷം കോടിയിലേക്ക് ചുരുങ്ങി.  മൂന്നാഴ്ചകൊണ്ട് 1.4 ലക്ഷം കോടി രൂപയുടെ നഷ്ടം. ഇഷ്യു വിലയേക്കാൾ 25% ത്തോളം ഇടിവിലാണ് എൽഐസി ഓഹരി ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. വരും ദിവസങ്ങളിൽ 700 രൂപ നിലവാരത്തിലേയ്ക്ക് എത്തിയേക്കാം എന്നു  കരുതുന്നവരും കുറവല്ല.   

വെറും 3.5 ശതമാനം മാത്രം ഓഹരികളെ  വിറ്റിട്ടുള്ളൂ എന്നതിനാൽ വിപണി മൂല്യത്തിലുണ്ടായ നഷ്ടത്തിന്റെ സിംഹഭാഗവും എൽ ഐസിക്കു തന്നെയാണ്. 949 രൂപ ഇഷ്യു വിലയിലെ വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് നാലിലൊന്നും ഒഴുകിപോയി, കനത്ത നഷ്ടം നേരിടുകയാണ് രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനി. എൽഐസിയുടെ വിപണിമൂല്യത്തിലെ നഷ്ടം ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി രാജ്യത്തെ പല പ്രമുഖ ബ്ലൂചിപ് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തോളം വരും.   

ആഗോളതലത്തിലും ഇന്ത്യയിലും ഓഹരി വിപണിയുള്ള ഇടിവാണ് എൽഐസിയേയും ബാധിച്ചത് എന്നതു ശരി തന്നെ. പക്ഷേ  എൽഐസി ലിസ്റ്റിങ്ങിനു ശേഷം ചില ദിവസങ്ങളിലെങ്കിലും വിപണി മൊത്തത്തിലും ചില ഓഹരികൾ പ്രത്യേകിച്ചും നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 

എന്നാൽ ലിസ്റ്റ് ചെയ്ത ഉടനെ തന്നെ 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും ഓഹരി വില പിടിച്ചു നിർത്താൻ എൽഐസിക്കു  കഴിഞ്ഞില്ല. ലിസ്റ്റ് ചെയ്ത ശേഷം ആദ്യം പുറത്തു വിട്ട പ്രവർത്തന ഫലത്തിൽ 2409 കോടി രൂപ നാലാം പാദ ലാഭം രേഖപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ മുൻവർഷത്തെ അവസാനപാദത്തേക്കാൾ 17ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 

English Summary : LIC Shares in Huge Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com