ADVERTISEMENT

സാധാരണയായി ഒരു സാധനം വാങ്ങിയതിനു ശേഷം മാത്രമാണല്ലോ വിൽക്കാൻ പറ്റുക. എന്നാൽ ഓഹരി വിപണിയിൽ ഇൻട്രാ ഡേ ട്രേഡിങിലൂടെ ആദ്യം വിൽക്കുകയും പിന്നീട് വില താഴോട്ടു പോകുമ്പോൾ വാങ്ങുകയും ചെയ്ത് ലാഭമെടുക്കാൻ പറ്റും. ഈ രീതിയെ ഷോർട്ട് സെല്ലിങ് എന്നു പറയുന്നു. മാർക്കറ്റ് മുകളിലേക്കോ താഴേക്കോ പോയാലും സൈഡിലേക്ക് പോയാലും ഇൻട്രാ ഡേ ട്രേഡിങിൽ പണമുണ്ടാക്കാം.

ഷോർട്ട് സെല്ലിങ് വഴി ലാഭമെടുക്കുന്നത് എങ്ങനെ ?

ഒരു ഉദാഹരണം വഴി ഇതു വിശദമാക്കാം. രാവിലെ മാർക്കറ്റ് തുറക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കമ്പനിയുടെ ഓഹരി വില 500 രൂപയാണെന്ന് കരുതുക. രാവിലെ തന്നെ വിപണി വിശകലനം ചെയ്തപ്പോൾ ഈ കമ്പനിയുടെ ഓഹരി വില താഴോട്ടു പോകാനുള്ള സാഹചര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയിരുന്നു. രാവിലെ 9.15 ന് 500 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ 11 മണിയായപ്പോഴേക്കും 5 രൂപ കുറഞ്ഞ് 495 രൂപയിലെത്തി. പിന്നെയും അര മണിക്കൂറിനുള്ളിൽ 10 രൂപ കൂടി ഇടിഞ്ഞു. വില പിന്നെയും താഴേക്ക് പോകുവാനുള്ള പ്രവണത കണ്ടപ്പോൾ 485 രൂപയ്ക്ക് 100 ഓഹരികളുടെ സെൽ ഓർഡർ നിങ്ങൾ ഇടുന്നു. അതായത് 485 രൂപയ്ക്ക് 100 ഓഹരികൾ നിങ്ങൾ വിൽക്കുന്നു.. വില പിന്നെയും താഴുകയാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഹരി വില 440ലെത്തി. അപ്പോൾ നിങ്ങൾക്ക് തോന്നി നേരത്തെ  വിറ്റത് ഇപ്പോൾ വാങ്ങിയേക്കാമെന്ന് . അപ്പോൾ തന്നെ 440 രൂപയിൽ നിങ്ങൾ ബൈ ഓർഡർ ഇട്ടു. ഈ ഇടപാടിൽ ഒരു ഓഹരിയിന്മേൽ ലാഭം 45 രൂപ. അതായത് 485 രൂപയ്ക്ക് ആദ്യം വിറ്റു. പിന്നീട് 440 രൂപയ്ക്ക് വാങ്ങിച്ചു. 

ആദ്യം വിറ്റ് പിന്നീട് വാങ്ങി ലാഭമെടുക്കാൻ സാധിക്കുന്ന ഷോർട്ട് സെല്ലിങ് തന്ത്രം ഇൻട്രാ ഡേ ട്രേഡിങിനു മാത്രം കിട്ടുന്ന ആനുകൂല്യമാണ്. മാർക്കറ്റ് താഴേക്ക് പോകുമ്പോഴും ലാഭമെടുക്കാൻ പറ്റും എന്ന് മനസിലായല്ലോ.

ഷോർട്ട് സെല്ലിങ് എങ്ങനെയാണ് പ്രാവർത്തികമാകുന്നത്?

കൈവശമില്ലാത്ത ഒരു സാധനം വിൽക്കുക. എന്നിട്ട് വില കുറയുന്നത് നോക്കി നിന്നു വാങ്ങുക... ഇത് ഓഹരി വിപണിയിൽ മാത്രം സാധിക്കുന്ന കാര്യമാണ്. നേരത്തേ സൂചിപ്പിച്ച ഉദാഹരണത്തിൽ നിങ്ങൾ രാവിലെ 11.30 നാണ് 485 രൂപയ്ക്ക് 100 ഓഹരികൾക്ക് സെൽ ഓർഡർ കൊടുത്തത്. ഈ വിൽപനയുടെ സെറ്റിൽമെന്റ് അപ്പോൾ തന്നെ നടക്കുന്നില്ല. സെറ്റിൽമെന്റ് നടക്കുക 3.30നു സ്റ്റോക്ക്മാർക്കറ്റ് അടച്ചതിനു ശേഷമാണ്. 

നിങ്ങൾ രാവിലെ 11.30 നു സെൽ ഓർഡർ ഇട്ട ഉടൻ തന്നെ നിങ്ങളുടെ ബ്രോക്കർ 485 രൂപയ്ക്ക് 100 ഓഹരികൾ വിറ്റതായി സ്റ്റോക്ക്മാർക്കറ്റിനെ അറിയിച്ചു.  അറിയിപ്പ് കിട്ടിയ ഉടനെ ഈ 100 ഓഹരികൾ 485 രൂപയ്ക്ക് വാങ്ങിക്കാനുള്ള ആളെ കണ്ടെത്തുന്ന പണി സ്റ്റോക്ക് മാർക്കറ്റിന്റേതാണ്. സ്റ്റോക്ക്മാർക്കറ്റ് അപ്പോൾ തന്നെ 485 രൂപയ്ക്ക് 100 ഓഹരികൾ വാങ്ങാനുള്ള ആളെ കണ്ടെത്തും

ഇനി രണ്ടു മണിയ്ക്കാണ് 440 രൂപയ്ക്ക് 100 ഓഹരികളുടെ ബൈ ഓർഡർ നിങ്ങൾ ഇട്ടത്. അപ്പോൾ തന്നെ പ്രസ്തുത 100 ഓഹരികൾ 440 രൂപയ്ക്ക് വേണമെന്ന ഓർഡർ നിങ്ങളുടെ ബ്രോക്കർ സ്റ്റോക്ക്മാർക്കറ്റിനെ അറിയിക്കുന്നു. അപ്പോൾ തന്നെ 440 രൂപയ്ക്ക് വിൽക്കാനുള്ള സെല്ലറെ സ്റ്റോക്ക് മാർക്കറ്റ് കണ്ടെത്തി വയ്ക്കുന്നു.

എന്നിട്ട് 3.30 ന് മാർക്കറ്റ് ക്ലോസ് ചെയ്തതിനു ശേഷമാണ് ഈ ഇടപാടുകളുടെ സെറ്റിൽമെന്റ് നടത്തി സ്റ്റോക്ക്മാർക്കറ്റ്  അതാത് അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നത്.. നിങ്ങൾ വിറ്റത് നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പോകുന്നു. വാങ്ങിയത് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നു.

Share-Market

ലാഭത്തിന് കുറുക്കുവഴികളില്ല

ട്രേഡിങിൽ വിജയിക്കണമെങ്കിൽ കുറുക്കുവഴികളില്ല. നന്നായി പഠിക്കണം. തെരഞ്ഞെടുക്കുന്ന ഷെയറുകളെ കുറിച്ച് മനസിലാക്കണം. ആളുകൾ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങളുണ്ട്. അത് കണ്ടെത്തി പരീക്ഷിക്കണം. പഠിച്ച കാര്യങ്ങൾ കുറെ നാൾ പ്രാക്ടീസ് ചെയ്യുമ്പോഴാണ് ഒരാൾ അതിൽ വിദഗ്ധനാവുന്നത്. 

∙കേൾക്കുമ്പോൾ എളുപ്പമായി തോന്നും. പക്ഷേ അത്ര എളുപ്പമല്ല. ഒരു ചെറിയ തുക ഇട്ട് വ്യാപാരം ചെയ്തു പഠിക്കുക. മാനസികമായും വൈകാരികമായും കരുത്തു നേടണം. സ്ക്രീനിൽ കയറ്റവും കുത്തനെ ഇറക്കവും കാണുമ്പോൾ പരിഭ്രാന്തരാകരുത്.

∙കുറെയധികം ക്ഷമയും സ്വസ്ഥതയും വേണം വ്യാപാരത്തിനിറങ്ങുമ്പോൾ. രാവിലെ പൊസിഷൻ എടുത്തു കഴിഞ്ഞാൽ ഈ ഓഹരിയുടെ നീക്കങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കണം. ചിലപ്പോൾ മനസ് മടുത്തു എന്നു വരാം. മറ്റ് കാര്യങ്ങൾ മാറ്റി വച്ച് സ്ക്രീനിൽ തന്നെ നോക്കിയിരിക്കണം.. 

∙വാങ്ങണോ വിൽക്കണോ എന്നൊക്കെ തീരുമാനമെടുക്കാൻ സ്വയം തയാറാകണം. കുറെയധികം ശ്രദ്ധയും സമയവും വേണം ട്രേഡിങിന്. 

∙ട്രേഡിങിനിറങ്ങുന്ന ഭൂരിഭാഗം പേർക്കും നഷ്ടം വരാനുള്ള കാരണം വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ഇറങ്ങുന്നതു കൊണ്ടാണ്. കൃത്യമായി കാര്യങ്ങളറിയാതെ കറക്കി കുത്തു നടത്തരുത്. 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary : How to make profit from a Selling Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com