വാഗ്ദാനം ചെയ്യുന്നത് പല മടങ്ങ് ആദായമാണോ? എങ്കിൽ പദ്ധതി പോൺസി തന്നെ

HIGHLIGHTS
  • നിക്ഷേപങ്ങൾക്ക് ഒരിക്കലും ഉറപ്പായ ലാഭം നൽകാൻ സാധിക്കില്ല
amway
SHARE

ആഴ്ചകൾക്കു മുൻപാണ് ആംവേ ഇന്ത്യയുടെ 758 കോടി വരുന്ന ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) മരവിപ്പിച്ചത്. ആംവേ നടത്തുന്നത് പിരമിഡ് തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്താണ് പിരമിഡ് പദ്ധതികൾ? ഇതു തന്നെയാണോ പോൺസി പദ്ധതികൾ (Ponzi Schemes)? ബഹുതല വിപണനം (Multilevel Marketing MLM), ശൃംഖല വിപണനം (Network Marketing) എന്നിവയെല്ലാം പിരമിഡ് തട്ടിപ്പാണോ? സ്വാഭാവികമായും സംശയങ്ങളുണ്ട്.

പോൺസി പദ്ധതികൾ 

1920 കളിൽ ഇറ്റലിയിൽ രാജ്യാന്തര തപാൽ കൂപ്പണുകൾ ഉപയോഗിച്ച് ചാൾസ് പോൺസി എന്നയാൾ നടത്തിയ തട്ടിപ്പിൽനിന്നാണ് പോൺസി സ്കീം എന്ന പേരു വരുന്നത്. പുതിയ ആളുകളിൽ നിന്ന് പണം സമാഹരിച്ച് പഴയ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത പണം കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 10,000 രൂപ വീതം ലഭിക്കുമെന്ന വാഗ്ദാനം കേട്ടു 10 പേർ ഓരോ ലക്ഷം നിക്ഷേപിക്കുന്നു എന്നു കരുതുക. അവർക്ക് അടുത്ത മാസം കൊടുക്കേണ്ടത് ഒരു ലക്ഷം രൂപയാണ് (10X10,000). അടുത്ത മാസം ഒരു നിക്ഷേപകനെ കൂടി ചേർത്താൽ അയാളുടെ ഒരു ലക്ഷം കൊണ്ട് ആദ്യ 10 പേർക്ക് 10,000 രൂപ വീതം കൊടുക്കാം. അതിന്റെ അടുത്ത മാസം പുതിയ നിക്ഷേപകൻ ഉൾപ്പെടെ 11 പേർക്ക് 10,000 രൂപ വീതം നൽകണം. അപ്പോൾ ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാളെ കണ്ടെത്തിയാൽ പോരാ, രണ്ടു പേരെങ്കിലും വേണം. ഇത്തരത്തിൽ ഓരോ മാസം കഴിയുന്തോറും ബാധ്യത കൂടിക്കൂടി വരും. 

കിട്ടുന്ന തുക ഉപയോഗിച്ച് മറ്റു നിക്ഷേപമോ ബിസിനസോ നടത്താത്തതുകൊണ്ട് പുതിയ നിക്ഷേപകരുടെ പണം മാത്രമാണ് ലാഭമായി കൊടുക്കാൻ തട്ടിപ്പുകാരന്റെ കയ്യിലുള്ളത്. ഒരു ഘട്ടമെത്തുമ്പോൾ പുതിയവരെ കിട്ടാതാകും. ഈ സാഹചര്യമെത്തുന്നുവെന്നു കണ്ടാൽ ബാക്കിയുള്ള പണവുമായി തട്ടിപ്പുകാരൻ മുങ്ങുന്നു. ഇതാണ് പോൺസി പദ്ധതികളുടെ രീതി.

പോൺസികളെ എങ്ങനെ തിരിച്ചറിയാം?

സാമാന്യബോധം അഥവാ കോമൺസെൻസ് ഉപയോഗിക്കുക. മാസം 10% ലാഭം, അഥവാ വർഷം 120% ലാഭം ലഭിക്കുന്ന ഏതെങ്കിലും ഒരു ബിസിനസ് ഉണ്ടാകുമോ? 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷാവസാനത്തോടെ 22 ലക്ഷം രൂപയായി വർധിക്കുമ്പോൾ മാത്രമാണ് 120% ലാഭം കിട്ടുക. ഇതു സാധ്യമാണോ എന്നു ചിന്തിക്കുക. 

ഏതെങ്കിലും ഒരു പുതിയ വ്യവസായത്തിൽ ഉയർന്ന ലാഭം ഉണ്ടെന്നു തന്നെ കരുതുക. ഇതറിയുമ്പോൾ കൂടുതൽ പേർ ഈ വ്യവസായത്തിലേക്കു വരും. സ്വാഭാവികമായും ആ ഉൽപന്നത്തിന്റെ/ സേവനത്തിന്റെ ലഭ്യത കൂടുന്നു, വിൽപന കൂട്ടാൻ വ്യവസായികൾ തമ്മിൽ മത്സരിക്കും. അതോടെ വിലയും ലാഭവും കുറയും. 

financial-plan1

ഇത്തരം നിക്ഷേപപദ്ധതിയുമായി വരുന്നവരോട് ആദ്യം ഏതു ബിസിനസിലാണ് പണം മുടക്കുന്നതെന്നും എങ്ങനെ ഇത്ര ഭീമമായ ലാഭം ലഭിക്കും എന്നും ചോദിക്കണം. ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാൻ സാധ്യതയില്ല.

ലാഭം സ്വന്തം പോക്കറ്റിലാക്കിയാൽ പോരെ

ഉറപ്പായും ഇത്രയും ലാഭമുള്ള ബിസിനസ് ഉണ്ടെന്നുതന്നെ കരുതുക. അങ്ങനെയെങ്കിൽ ആ ബിസിനസ് സ്വയം നടത്തി സമ്പന്നനായാൽ പോരേ? അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ടെങ്കിൽ അത് നിക്ഷേപിക്കാം, അതല്ലെങ്കിൽ വായ്പ എടുത്ത് പണം നിക്ഷേപിക്കാം. അങ്ങനെ മൊത്തം ലാഭം പോക്കറ്റിലാക്കാമല്ലോ? 

ഗൗതം അദനിയുടെയും ഇലോൺ മസ്‌കിന്റെയും മറ്റും സമ്പത്ത് ഒരു വർഷംകൊണ്ടോ ഏതാനും മാസങ്ങൾകൊണ്ടോ പല മടങ്ങ് വർധിക്കുന്നില്ലേ എന്ന സംശയം ഇവിടെ നിങ്ങൾക്കുണ്ടാകാം? പക്ഷേ, ശതകോടീശ്വരന്മാരുടെ സമ്പത്ത് അവരുടെ വാർഷികവരുമാനമോ അക്കൗണ്ടിലുള്ള പണമോ അല്ല; അത് അവരുടെ കൈവശമുള്ള ഓഹരിയുടെ വിപണിവില അനുസരിച്ചുള്ള മൂല്യമാണ്. 

ഈ വർധനയുടെ പങ്ക് സാധാരണക്കാരനു ലഭിക്കാൻ ഓഹരിയിൽ നേരിട്ടോ മ്യൂച്വൽ ഫണ്ട് വഴിയോ നിക്ഷേപം നടത്തിയാൽ മതി. പക്ഷേ, ഓഹരി വിലകളിൽ തകർച്ചയ്ക്കു സാധ്യത ഏറെയാണെന്നതു മറക്കരുത്. ഏതു കൊലകൊമ്പൻ കമ്പനിയുടേതായാലും. 2022 ഫെബ്രുവരി 3 ന് (ഒരൊറ്റ ദിവസത്തിൽ) ഫെയ്‌സ്‌ബുക് ഓഹരികളിൽ 26% ഇടിവാണ് ഉണ്ടായത്. ഏപ്രിൽ 22 ന് നെറ്റ്ഫ്ലിക്സ് ഓഹരി വിലയിൽ സംഭവിച്ച നഷ്ടം 35 ശതമാനവും. 

പദ്ധതിയെ ആരാണു നിയന്ത്രിക്കുന്നത്

അടുത്തതായി ചോദിക്കേണ്ടത് ഈ നിക്ഷേപ പദ്ധതിയെ ആരാണു നിയന്ത്രിക്കുന്നത് എന്നാണ്. ആർബിഐ, സെബി (Securities & Exchange Board of India), അതോ വേറെ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ ആണോ? പോൺസി പദ്ധതിക്കാർക്ക് ഇതിനും മറുപടി കാണില്ല. 

പോൺസി പദ്ധതികൾ പലതും ഉറപ്പായ ആദായമാണ് (guaranteed return) വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ ഉറപ്പായ ആദായം വാഗ്ദാനം ചെയ്യാവുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾക്കും ബാങ്ക് നിക്ഷേപങ്ങൾക്കും ചില ഇൻഷുറൻസ് പോളിസികൾക്കും മാത്രമാണ്. ശക്തരായ റെഗുലേറ്റർ നിയന്ത്രിക്കുന്ന ഓഹരികളിലും സ്വകാര്യകമ്പനികളുടെ കടപ്പത്രങ്ങളിലും ഒന്നും നിക്ഷേപങ്ങൾക്ക് ഒരിക്കലും ഉറപ്പായ ലാഭം നൽകാൻ സാധിക്കില്ല. 

ഉറപ്പായ ആദായം നൽകുന്നവരെല്ലാം വളരെ കുറഞ്ഞ നിരക്കിലാണ് അതുറപ്പു നൽകുന്നത്. ഉപഭോക്തൃ വില സൂചികയ്ക്കൊപ്പമോ അൽപം കൂടുതലോ മാത്രം. അതിലും കൂടിയ നിരക്ക് ഉറപ്പു നൽകുക അസാധ്യമാണ്. വാഗ്ദാനം ചെയ്യുന്നത് വില സൂചികയുടെ പലമടങ്ങ് ആദായമാണെങ്കിൽ തീർച്ചയാക്കാം ഇതു പോൺസി പദ്ധതി തന്നെയാകും. ക്രിപ്റ്റോ കറൻസി അധിഷ്ഠിതമായ തട്ടിപ്പു പദ്ധതികളും ഇപ്പോഴുണ്ട്. 

ആംവേയുടെ നോക്കുകൂലിയും പിരമിഡ് തട്ടിപ്പും: നാളെ അറിയാം

ബാങ്കിങ്, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധനും റിസോഴ്സ് പഴ്സനുമാണ് ലേഖകൻ.

English Summary : How Multi Level Marketing Companies Make Profit?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS