അമേരിക്ക നേരിയ മാന്ദ്യത്തിലേക്ക് പോയാല്‍ ഇന്ത്യയിലെന്താകും സ്ഥിതി?

economy9
SHARE

ആഗോള സമ്പദ് വ്യവസ്ഥയേയും, പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ  ഓഹരി വിപണികളേയും ബാധിക്കുന്ന ഏറ്ററ്വും വലിയ വെല്ലുവിളി  വിലക്കയറ്റം തന്നെയാണ്. 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള യുഎസിലെ പണപ്പെരുപ്പത്തിന് തടയിടാൻ അമേരിക്കൻ ഫെഡറൽ റിസർവ് തുടർച്ചയായി രണ്ടു തവണയാണ് പലിശ നിരക്കുയർത്തിയത്. ഏപ്രില്‍ മാസം 8.3 ശതമാനം, മേയില്‍ 8.6 ശതമാനം, ജൂണില്‍ 9.1 ശതമാനം എന്നിങ്ങനെയാണ് പണപ്പെരുപ്പം കുതിക്കുന്നത്. യുകെ യില്‍ അത് 9.4 ശതമാനവും യൂറോപ്യന്‍ മേഖലയില്‍ 8.6 ശതമാനവുമാണ്. കേന്ദ്ര ബാങ്കുകള്‍ പണനയം കര്‍ശനമാക്കുന്നു; ബോണ്ട് യീല്‍ഡ് ഉയരുകയും സാമ്പത്തിക വളര്‍ച്ച കുറയുകയും ചെയ്യുന്നു. അനിശ്ചിത ഘട്ടങ്ങളിലെ ഏറ്റവും സുരക്ഷിത ആസ്തിയായ ഡോളറിന്റെ സൂചിക 108 നു മുകളിലേക്ക് ഉയര്‍ന്നു. ഡോളറിനെതിരെ മറ്റു കറന്‍സികള്‍ താഴോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നു. 

യുഎസ് മാന്ദ്യം ഓഹരി വിപണികള്‍ ഡിസ്‌കൗണ്ട് ചെയ്തിട്ടുണ്ടോ ? 

2022 ഒടുവിലോ 2023 ആദ്യമോ യുഎസ് മാന്ദ്യത്തിലേക്കു പതിച്ചേക്കാമെന്നത് ആഗോള സമ്പദ് വ്യവസ്ഥയ്‌ക്കൊരു മോശം വാര്‍ത്തയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആഗോള വ്യാപാരത്തേയും അതു ബാധിക്കും. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയും. ഈ ആശങ്കകള്‍ കണക്കിലെടുത്താണ്  S&P 500 ഇരുപതു ശതമാനത്തോളവും  നിഫ്റ്റി 18  ശതമാനത്തോളവും തിരുത്തിയത്.  വിപണികള്‍ യുഎസ് മാന്ദ്യം മുന്‍കൂട്ടി കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭാഗികമായി ഉണ്ട് എന്നും യുഎസില്‍ കടുത്ത മാന്ദ്യമുണ്ടാകുമെന്നു വിപണികള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുമാണുത്തരം. ചൈനയിലും യൂറോപ്പിലും ഇപ്പോഴുള്ള കുറഞ്ഞ വളര്‍ച്ചാ നിരക്കിനോടൊപ്പം യുഎസില്‍ മാന്ദ്യവും അനുഭവപ്പെട്ടാല്‍ ആഗോള സാമ്പത്തിക വളര്‍ച്ചയേയും കോര്‍പറേറ്റ് ലാഭത്തേയും  അത് കാര്യമായി ബാധിക്കും. മോശമായ ഈ സാഹചര്യം ആഗോള തലത്തില്‍ തന്നെ  വിപണികള്‍ മുഴുവനായി ഡിസ്‌കൗണ്ട്  ചെയ്തിട്ടില്ല.  

യുഎസ് സമ്പദ് വ്യവസ്ഥ ഈ വെല്ലുവിളി അതിജീവിക്കാന്‍ തന്നെയാണ് സാധ്യത. മാന്ദ്യം ഉണ്ടായാല്‍ തന്നെ അത് കടുത്ത തോതില്‍ ആകാനിടയില്ല. അവരുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും ശക്തമായി തുടരുകയാണ്. തൊഴിലില്ലായ്മയാകട്ടെ 3.6 ശതമാനം എന്ന താഴ്ന്ന നിലയിലും. അതിനാല്‍ 1994ല്‍ അലന്‍ ഗ്രീന്‍സ്പാന്‍ ചെയ്തതു പോലെ  2022ല്‍ ജെറോം പവലിനും ചെയ്യാന്‍ സാധിക്കും; അതായത്  സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളി വിടാതെ പലിശ നിരക്കു വര്‍ധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ വിജയിക്കും എന്നര്‍ത്ഥം.  

യുഎസിലെ നേരിയ മാന്ദ്യം ഇന്ത്യയ്ക്കു ഗുണകരം

റിസര്‍വ് ബാങ്കിന്റെ പരിധിക്കു മുകളിലാണെങ്കിലും ഇന്ത്യയില്‍ ഉപഭോക്തൃ വില സൂചിക വികസിത രാജ്യങ്ങളിലേതിനേക്കാള്‍ താഴെയാണ്. ചെറിയ തോതിലാണെങ്കിലും വിലക്കയറ്റം കുറയുകയുമാണ്. ഉപഭോക്തൃ വില സൂചിക ഏപ്രിലിലെ 7.79 ശതമാനത്തില്‍ നിന്നും മേയില്‍ 7.04 ശതമാനവും ജൂണില്‍ 7.01 ശതമാനവും ആയി കുറഞ്ഞിരിക്കുന്നു. ഉല്‍പന്നവിലകളില്‍ ഈയിടെ കുത്തനെയുണ്ടായ കുറവു പരിഗണിക്കുമ്പോള്‍ ഈ താഴുന്ന പ്രവണത തുടരാനിടയുണ്ട്. എന്നാല്‍ വിലക്കയറ്റം 2022 ഡിസംബര്‍വരെ ഉയര്‍ന്നു തന്നെ നില്‍ക്കാനും അതിനു ശേഷം കുറയാനുമാണിട. 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിരുന്ന ഉല്‍പന്ന വിലകളില്‍ ഇപ്പോള്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ജൂലൈ 16 ലെ കണക്കുകളനുസരിച്ച് ക്രൂഡോയില്‍ വില 30 ശതമാനവും അലുമിനിയം വില 36 ശതമാനവും ചെമ്പിന്റെ വില 21 ശതമാനവും ഉരുക്കിന്റെ വില 19 ശതമാനവും ഇടിഞ്ഞു. അസംസ്‌കൃത പാമോയിലിന്റെ വില ഒരു വര്‍ഷത്തെ ഏറ്ററ്വും കുറഞ്ഞ നിലയിലും സോയാബീന്‍ എണ്ണയുടേത് 23 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമാണ്. യുഎസില്‍ നേരിയ മാന്ദ്യമുണ്ടായാല്‍ ക്രൂഡോയില്‍ വില ഇനിയും കുറയും. യുഎസില്‍ മാന്ദ്യമുണ്ടായാല്‍ 2022 ന്റെ അവസാനത്തോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 60 ഡോളറിലെത്തുമെന്നാണ് സിറ്റി ബാങ്കിന്റെ പ്രവചനം. ക്രൂഡോയില്‍ വില ഇങ്ങനെ ഇടിഞ്ഞാല്‍ അത് ഇന്ത്യയ്ക്ക് അനുഗ്രഹമായി മാറും. യുഎസിലെ ഓരോ മാന്ദ്യത്തിനു ശേഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു  വന്നിട്ടുണ്ട്.  

വിപണി നേതൃത്വത്തിലെ മാറ്റങ്ങള്‍ 

ആഗോളമായി ഉയരുന്ന ആശങ്കകള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നുണ്ട്. കോര്‍പറേറ്റ് വരുമാനത്തിനും ഓഹരി വിപണികള്‍ക്കും ഇതു നല്ലതാണ്. എന്നാല്‍ വിപണിയിലെ നേതൃമാറ്റം സംബന്ധിച്ച അടിയൊഴുക്കുകള്‍ നിക്ഷേപകര്‍ കണക്കിലെടുക്കുക തന്നെ വേണം. കഴിഞ്ഞ 6 മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ (ജൂലൈ 19 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍) നിഫ്റ്റി 9.38 ശതമാനവും, നിഫ്റ്റി ഐടി കുത്തനെ 26.94 ശതമാനവും നിഫ്റ്റി ബാങ്ക് 7.31 ശമാനവും ഇടിഞ്ഞതായി കാണാം. എന്നാല്‍ ഇതേ കാലയളവില്‍ നിഫ്റ്റി എഫ്എംസിജി 11.63 ശതമാനവും നിഫ്റ്റി ഓട്ടോ 7.03 ശമാനവും ഉയരുകയാണു ചെയ്തത്. ഈ മാറ്റങ്ങള്‍ പ്രധാനമാണ്.   

2020 ലേയും 2021 ലേയും വിപണി കുതിപ്പിന്റെ നേതൃ പദവിയിലായിരുന്ന ഐടി, യുഎസില്‍ ഉണ്ടായേക്കാമെന്നു പറയുന്ന  മാന്ദ്യം ഐടി രംഗത്തെ ഡിമാന്റു കുറയ്ക്കുമെന്ന ആശങ്കയില്‍ ഗണ്യമായി താഴ്ന്നു.  ലോഹ വിലകളില്‍ കുത്തനെയുണ്ടായ കുറവു കാരണം  ഈ മേഖലയിലെ കുതിപ്പു നിലച്ചു. മികച്ച പ്രകടനം നടത്തിയിട്ടും ധനകാര്യ സ്ഥാപന ഓഹരികള്‍ വിദേശ നിക്ഷേപകരുടെ വന്‍ തോതിലുള്ള ഓഹരി വില്‍പന കാരണം  വിഷമിച്ചു.

എന്നാല്‍ പുതിയ മേഖലകള്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും നല്ല ഡിമാന്റുള്ളതുകൊണ്ടും ചിപ് ദൗര്‍ലഭ്യം മാറിക്കൊണ്ടിരിക്കുന്നതിനാലും വാഹന മേഖല മെച്ചപ്പെട്ട നിലയിലേക്കുയരുകയാണ്. ഉല്‍പന്ന വിലകള്‍ കുറയുന്നതിന്റെ ആനുകൂല്യം എഫ്എംസിജി, ദീര്‍ഘകാല ഉപയോഗത്തിനുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മേഖല എന്നിവയ്ക്കും  ലഭിക്കും. തിരുത്തലിനു ശേഷം ഐടി, ധനകാര്യ സ്ഥാപന ഓഹരിവിലകള്‍ എന്നിവ ആകര്‍ഷകമായിത്തീര്‍ന്നിട്ടുണ്ട് എന്ന കാര്യവും പരിഗണിക്കണം. ഈ ചലനങ്ങള്‍ നിക്ഷേപകരെ അവരുടെ പോര്‍ട്‌ഫോളിയോ പുനക്രമീകരിക്കാന്‍ സഹായിക്കും. 

ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ  ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് 

English Summary : US Recession and Indian Economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}