ADVERTISEMENT

ഇന്ത്യക്കാരാ, നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ നിങ്ങളുടെ ജീവിതത്തെ ഇന്ത്യന്‍ ഓഹരിവിപണിയിലെ കമ്പനികള്‍  സ്പർശിക്കുകയാണെന്നറിയുന്നുണ്ടോ?. ഉറങ്ങുന്ന നിമിഷം വരെയും പിന്നെ നിങ്ങളുറങ്ങുന്ന ബെഡ്ഡിലൂടെയും രാജ്യത്തെ വിവിധ കമ്പനികളും അവയുടെ ഉല്‍പ്പന്നങ്ങളും നിങ്ങളുടെ ജീവിതത്തെ ആഴത്തില്‍ത്തന്നെ തൊട്ടറിയുകയാണ്. 

സുഖനിദ്ര എവിടെയാണ്?

സ്ളീപ്പ് വെല്‍ ബെഡ്ഡിലാണ് നിങ്ങളുറങ്ങുന്നതെങ്കില്‍ 2800 രൂപയ്ക്ക് മുകളില്‍ ഓഹരിവിലയുള്ള ഷീലാ ഫോംസിന്‍റെ ഉല്‍പ്പന്നത്തിലാണ് നിങ്ങളുടെ സുഖനിദ്ര. രാവിലെ എഴുന്നേറ്റ് പാദം തൊടുന്നത് ഒരു പക്ഷേ, കെജാരിയയുടെ സെറാമിക് ടൈലുകളിലാവാം, അല്ലെങ്കില്‍ സെറ, ഏഷ്യന്‍ ഗ്രാനിറ്റോ, നിറ്റ്കോ, സോമാനി അങ്ങനെയേതെങ്കിലും..

ചുവരിലേക്കൊന്ന് നോക്കൂ, ആ പെയ്ന്‍റ് ശ്രദ്ധിക്കുക. ഇന്ത്യയിലെ ഭൂരിപക്ഷം ചുവരുകളിലും അടിച്ചിരിക്കുന്ന ഏഷ്യന്‍ പെയ്ന്‍റ്സായിരിക്കുമത്, ഇനി അതല്ലെങ്കില്‍ കെന്‍സായ് നെരോലാക്, ബെർജർ, ഇന്‍ഡിഗോ പെയ്ന്‍റ്സ് ഇവയില്‍ ഏതെങ്കിലുമാകും.

കുളിയും തേവാരവും

കോള്‍ഗേറ്റിന്‍റെയോ ഡാബറിന്‍റെയുോ ജി.എസ്.കെയുടെയോ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെയോ ഗോദ്റെജിന്‍റെയോ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് വരുന്നു. പേഴ്സണല്‍ കെയറില്‍ നമ്മള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഭൂരിപക്ഷം ബ്രാന്‍ഡുകളും നിർമിച്ചിരിക്കുന്നത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. ലൈഫ്ബോയും പിയേഴ്സും ഡോവും ആക്സും വാസലിനും ക്ളോസ് അപ്പും പെപ്സൊഡന്‍റും ഡോമക്സും ക്ളിനിക് പ്ള്സ് ഷാംപൂവും മുതല്‍ നമ്മുടെ നിത്യജീവിതത്തില്‍ കൂട്ടായി വരുന്ന എത്രയോ ഉല്‍പ്പന്നങ്ങള്‍ തരുന്നത് എച്ച്.യു.എല്ലാണ്. തലയില്‍ എണ്ണ വയ്ക്കുന്നുണ്ടോ, അത് പാരഷൂട്ടാണെങ്കില്‍ കമ്പനിയുടെ പേര് മാരിക്കോ എന്നാണ്. 

സിഗരറ്റ് നിർമിക്കുന്ന ഐ.ടി.സിയുടെ സാന്നിധ്യവും സോപ്പിലുണ്ട്. വിവല്‍ ബ്രാന്‍ഡ് ഒരുദാഹരണം മാത്രം. 

തലേന്ന് ഉപയോഗിച്ച വസ്ത്രങ്ങള്‍ അലക്കണം. വേള്‍പൂളിന്‍റെയോ ഐ.എഫ്.ബിയുടെയോ വാഷിങ് മെഷിനില്‍ ആകട്ടെ. കൂടെ ഇടുന്നത് സർഫിന്‍റെ പൊടി. സർഫുണ്ടാക്കുന്നിടത്ത് വീണ്ടും ഹിന്ദുസ്ഥാന്‍ യൂണിലിവറുമായി നിങ്ങള്‍ സന്ധിക്കുന്നു. ഉജാലയാണെങ്കില്‍ അത് ജ്യോതി ലാബോറട്ടറിയുടേതാവും. 

പ്രഭാത ഭക്ഷണമാണെങ്കിലോ?

ഇനി ചായ കുടിക്കാം. ടാറ്റയുടെ ചായപ്പൊടിയുമായി ഇന്‍ഡക്ഷന്‍ കുക്കറിനരികിലേക്ക്...ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ലിപ്ടണ്‍, ബ്രൂക്ക് ബോണ്ട് എന്നിവയുമുണ്ട് ചായ, കാപ്പി മേഖലയില്‍. ഹോർലിക്സും വേറെയാരുടേതുമല്ല. ഇന്‍ഡക്ഷന്‍ കുക്കർ, അത് ബജാജ് ഇലക്ട്രിക്കല്‍സ്, വിഗാർഡ്, പ്രസ്റ്റീജ് എന്നിവയായിരിക്കും. നൂഡില്‍സുണ്ടാക്കിയാല്‍ മാഗിയുമായി നെസ്ലെ, യിപ്പിയുമായി ഐ.ടി.സി... 

ചപ്പാത്തി കഴിച്ചേക്കാം. ആശിർവാദ് ആട്ടയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ദേ, ഐ.ടി.സി വീണ്ടും വരുന്നു. 

എണ്ണ വേണ്ടേ, അഡാനി വില്‍മറിന്‍റെ ഫോർച്ചുണാവാം, രുചി ബ്രാന്‍റാണെങ്കില്‍ പതഞ്ജലി ഫുഡ്സാവാം, സഫോളയാണെങ്കില്‍ മാരിക്കോയുടേതാവാം.......

കഞ്ഞി വയ്ക്കാന്‍ കുക്കറെടുത്തു. കുക്കർ ഹോകിന്‍സ്, പ്രസ്റ്റീജ്, ബട്ടർഫ്ളൈ ഇവയിലൊന്നാകാനുള്ള സാധ്യത വളരെ കൂടുതലാണ്....

മൊബൈലെടുത്തു.....സിം എയർടെല്‍, ഐഡിയ, ജിയോ എന്നിവയിലൊന്ന്...ജിയോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കീഴില്‍ത്തന്നെയാണ്. 

മോട്ടോർ അടിക്കാന്‍ കിർലോസ്കർ, വീഗാർഡ്, പൈപ്പാണെങ്കില്‍ ആസ്ട്രാല്‍ മുതല്‍ ഫിനോലെക്സ് വരെ, കേബിളിലും ഏതാണ്ടിങ്ങനെയൊക്കെത്തന്നെ....റൂഫിങ് നോക്കിയാല്‍ എത്രയെണ്ണം, എവറസ്റ്റും ജെ.എസ്ഡബ്ല്യൂവും എ.പി.എല്‍ അപ്പോളോയുമൊക്കെ ഏതാനും ഉദാഹരണം മാത്രം....പശുവിന് കൊടുക്കാന്‍ കാലിത്തീറ്റ വേണമെങ്കില്‍ ഗോദ്റെജ് അഗ്രോവെറ്റ് തരണം.....

girl8

അസുഖം വന്നാൽ

മരുന്നുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. പനി മുതല്‍ ബേഡ് ഫ്ളൂവിന് വരെയുള്ള മരുന്നുകള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ ഓഹരികള്‍ നിങ്ങള്‍ക്ക് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വാങ്ങാനാവും. പി ആന്‍റ്  ജി ഉണ്ടാക്കുന്ന വിക്സും, അമൃതാഞ്ജന്‍ കമ്പനിയുടെ ബാമും ഉപയോഗിക്കാത്തവർ ആരാണുള്ളത്....ഇനി ഹോസ്പിറ്റലാണെങ്കില്‍ അപ്പോളോ മുതല്‍ ആസ്റ്റർ വരെ....

പുറത്തേക്കിറങ്ങണമെങ്കില്‍ ചെരുപ്പിടണം. ബാറ്റയാവാം, റിലാക്സോ ഫുട്ട് വെയറാവാം. റിലാക്സോ ഓഹരി നിക്ഷേപകർക്ക് നേടിക്കൊടുത്ത നേട്ടത്തെക്കുറിച്ച് സൗരഭ് മുഖർജിയ എം.ബി.എക്കാർക്ക് ക്ലാസ് എടുക്കുന്നത് കണ്ട് നോക്കു....രോമാഞ്ചമുണ്ടാവും. (സൗരഭ് രാജ്യത്തെ ഏറ്റവും വലിയ പോർട്ട്ഫോളിയോ കമ്പനികളിലൊന്നായ മാർസലസിന്‍റെ സ്ഥാപകനാണ്)

നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങളെടുക്കൂ. മാരുതി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ടി.വി.എസ്, ബസാണെങ്കില്‍ വീണ്ടും ടാറ്റാ മോട്ടോഴ്സ്, അശോക് ലെയ് ലാന്‍ഡ്, വാനാണെങ്കില്‍ ഫോഴ്സ് മോട്ടോഴ്സ്.....വണ്ടിയുടെ ചക്രം നോക്കു, സിയറ്റ്, എം.ആർ.എഫ്, അപ്പോളോ ടയേഴ്സ്.....

സഞ്ചരിക്കുമ്പോള്‍ ഒന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കുക, നമ്മള്‍ കുട്ടിക്കാലം മുതല്‍ കാണുന്ന ബാങ്കുകള്‍, എസ്.ബി.ഐയും ഇതര സർക്കാർ ബാങ്കുകളും, ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബി, സി.എസ്.ബി.....

എന്‍.ബി.എഫ്.സി ആണെങ്കില്‍ മുത്തൂറ്റ്, മണപ്പുറം.....

ഇതെല്ലാം നിങ്ങളുടെ ചുറ്റുവട്ടത്ത് ഉണ്ട്....നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങള്‍ ഈ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേടുന്നു, ഇവയില്‍ ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളേയും നിങ്ങള്‍ക്ക് ഇഷ്ടമാണ്.....പിന്നെന്തിനാണ് സാർ, നിങ്ങള്‍ക്ക് അറിയാത്ത നല്ല ഓഹരികള്‍ അന്വേഷിച്ച് അലയുന്നത്....നിങ്ങള്‍ക്ക് പരിചിതമല്ലാത്ത കെമിക്കല്‍ കമ്പനിയോ സങ്കീർണമായ ഘടനയുള്ളതോ എന്തിനാണ് നിങ്ങള്‍ വാങ്ങുന്നത്.....അവയൊന്നും മോശമാവണമെന്നില്ല.....പക്ഷേ, നിങ്ങള്‍ക്ക് കൃത്യമായും അറിയാവുന്ന കമ്പനികളുള്ളപ്പോള്‍ വേറെ തിരയേണ്ട കാര്യമുണ്ടോ....

ഇനി നിത്യജീവിതത്തിലെ ഈ കമ്പനികളില്‍ നിന്ന് എങ്ങനെ മികച്ചവയെ ഫില്‍റ്റർ ചെയ്തെടുക്കാം എന്ന് പരിശോധിക്കാം.....

ഉത്തരം ലളിതമാണ്. മൂന്ന് മൂന്ന് കാര്യങ്ങള്‍ മാത്രം.....

    1. കടം ഉണ്ടാവരുത്. അല്ലെങ്കില്‍ കടം കുറവായിരിക്കണം. 

    2. മാനേജ്മെന്‍റ് ക്വാളിറ്റി. ഇതില്‍ നോ കോംപ്രമൈസ്. 

    3. സ്കെയിലബിളിറ്റി. വളരാനുള്ള അനന്തമായ സാധ്യത. 

ഇത് മൂന്നും ഒത്തു വന്നാല്‍ പിന്നെ, ഓഹരിയുടെ വില പോലും നല്ല നിക്ഷേപത്തിന് പ്രശ്നമാവേണ്ടതില്ല. മേല്‍പ്പറഞ്ഞ ധാരാളം കമ്പനികളില്‍ നിങ്ങള്‍ തിരയുന്ന ഓഹരിയുണ്ട്. കണ്ടുപിടിക്കുക. 

Disclaimer : ഇത് തികച്ചും അറിവ് പകരാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഈ കമ്പനികളില്‍ ചിലതിൽ ലേഖകന് നിക്ഷേപമുണ്ട്. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർ സർട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറെ സമീപിക്കുക.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com