ADVERTISEMENT

പണപ്പെരുപ്പത്തിന് റിസർവ് ബാങ്ക് കടിഞ്ഞാണിട്ടത് ഫലം കണ്ടു തുടങ്ങി, ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾ നെഗറ്റീവ് റിട്ടേണിൽ നിന്നും കര കയറി നേട്ടത്തിന്റെ പാതയിലേക്കെത്തിയിട്ടുണ്ട്. 

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പ നിരക്ക് 7.79% ആയിരുന്നിടത്ത് നിന്ന് ജൂലൈ എത്തിയപ്പോൾ 5 മാസത്തെ ഏറ്റവും കുറഞ്ഞ  നിലയിലേക്കെത്തിക്കാൻ റിസർവ് ബാങ്ക് കിണഞ്ഞു ശ്രമിച്ചത് ഗുണകരമായത് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കാണ്. 

ബാങ്കുകൾ സ്ഥിര നിക്ഷേപ നിരക്കുകൾ ഉയർത്തി കൊണ്ട് നിക്ഷേപകരെ പിടിക്കാനുള്ള ഓട്ടം തുടങ്ങി. എസ്.ബി. ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, എന്തിനു പറയുന്നു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പോലും പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. യെസ് ബാങ്ക് മൂന്നു വർഷം മുതൽ പത്തു വർഷം വരെയുള്ള എഫ്. ഡി യ്ക്ക് 6.75% വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.50 % പലിശ കിട്ടും. 750 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് 6.90% ഓഫർ ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് കിട്ടുക 7.40%. ഒന്നര വർഷം മുതൽ 61 മാസം വരെയുള്ള നിക്ഷേപത്തിന് ഇൻഡസ് ഇൻഡ് ബാങ്ക് യഥാക്രമം 6.75% വും 7.50% വും നൽകും. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന ബാങ്കുകളെ കടത്തി വെട്ടി. ഇവർ യഥാക്രമം 7.50% വും 8% വും പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കോർപറേഷൻ സാധാരണ നിക്ഷേപകർക്ക് 8.25% വും മുതിർന്ന പൗരന്മാർക്ക് 8.75 % വും നൽകും . 

ആശയക്കുഴപ്പം

പലിശ നിരക്ക് കുറഞ്ഞതോടെ സ്ഥിരനിക്ഷേപത്തിൽ നിന്ന് നേട്ടം കിട്ടില്ലെന്ന പേടിയിൽ എഫ്.ഡി വിട്ട് കടപ്പത്ര ഫണ്ടുകളിലേക്ക് ചേക്കേറിയവർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. കടപ്പത്ര ഫണ്ടുകളും എഫ്.ഡി യും സുരക്ഷിതമാണ്. എന്നിരുന്നാലും ഇരു വിഭാഗത്തിലുമായി വിഭജിച്ച് നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 

എഫ്.ഡി നിക്ഷേപത്തിനു  പോകുമ്പോൾ ഉറച്ച അടിത്തറയുള്ള ബാങ്ക് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. അവിടെ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും.

എഫ്.ഡി യ്ക്കു ബദൽ: പരീക്ഷിക്കാം ഈ മാർഗങ്ങൾ

സീനിയർ സിറ്റിസൺ  സേവിങ്സ് സ്കീം - 7.4%  പലിശ തരുമ്പോൾ 15 വർഷ പി.പി.എഫ് 7.1% വും സുകന്യ സമൃദ്ധി 7.6 % വും നൽകുന്നു. ഈ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും മാറിക്കൊണ്ടിരിക്കും. 1999 - 2000 കാലഘട്ടത്തിൽ പി.പി.എഫിനു 12% പലിശ കിട്ടിയിരുന്നിടത്താണ് ഇപ്പോൾ 7.1 % ൽ എത്തിയിരിക്കുന്നത്.

∙പത്തു വർഷത്തെ ബെഞ്ചു മാർക്കുള്ള ആർ.ബി. ഐ ബോണ്ടുകൾ ഇപ്പോൾ 7.32% നേട്ടം നൽകുന്നുണ്ട്. 

∙ആർ ബി ഐ യുടെ 7 വർഷ ഫ്ളോട്ടിങ് റേറ്റ് ബോണ്ടുകളും പരിഗണിക്കാം

∙ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള ഹ്രസ്വകാല കടപ്പത്രാധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളും തിരഞ്ഞെടുക്കാം.

English Summary : Fixed Deposit Interest Rates are Increasing, How to Make Benefit from it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com